X

ലോ അക്കാദമി സമരം: സമവായ ചര്‍ച്ച പരാജയപ്പെട്ടു

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനമറിയിച്ചതോടെയാണ് സമരം ഇനിയും നീളുന്ന സാഹചര്യമുണ്ടായത്

പരീക്ഷക്കാലം അടുക്കുന്തോറും കൂടുതല്‍ ശക്തമാകുന്ന ലോ അക്കാദമി സമരം സമവായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമം പാളി. ഉച്ചയോടെ ലോ അക്കാദമി ഡയറക്ടര്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ എകെജി സെന്ററിലെത്തി കൂടിയാലോചന നടത്തിയെങ്കിലും പിന്നീട് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനമറിയിച്ചതോടെയാണ് സമരം ഇനിയും നീളുന്ന സാഹചര്യമുണ്ടായത്.

എസ് എഫ് ഐ, എ ഐ എസ് എഫ്, കെ എസ് യു, എബിവിപി എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ രാജി മാത്രമാണ് സമരം അവസാനിപ്പിക്കാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഉച്ചയ്ക്ക് സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയിലും ഇതേ ആവശ്യമായിരുന്നു മുന്നോട്ട് വച്ചിരുന്നത്. ഈ ചര്‍ച്ചയ്ക്ക് ശേഷവും മാനേജ്‌മെന്റ് നിലപാടില്‍ മാറ്റം വരുത്താത്തതാണ് സമരം അവസാനിക്കാതിരിക്കാന്‍ കാരണം.

ഡയറക്ടര്‍ നാരായണന്‍ നായരുടെ സഹോദരനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, നാഗരാജന്‍ എന്നിവരും സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുന്നെന്നും പാര്‍ട്ടിയുടെ തീരുമാനം തന്റെയും തീരുമാനമാണെന്നുമാണ് കോലിയക്കോട് ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്നപ്പോള്‍ അറിയിച്ചത്. ഈ ഉറപ്പാണ് ഇപ്പോള്‍ പാഴായത്.

This post was last modified on January 29, 2017 4:44 pm

Leave a Comment