X

വീഡിയോ നിരോധിക്കാന്‍ നടക്കുന്നതിന് മുമ്പ് സ്വന്തം സമൂഹത്തിലേക്ക് കൂടിയൊന്ന് നോക്ക്

പോര്‍വിളികള്‍ അടങ്ങിയോ എന്നറിയില്ല, ചര്‍ച്ചകള്‍ക്ക് ചൂടാറിക്കാണും എന്നും കരുതുന്നു. പക്ഷേ ചിലത് പറയാനുണ്ട്.

കുട്ടികളുടെ കോടതി എന്നൊരു കവിത വന്നിരുന്നു, ഒരുപാട് കാലം ആയില്ല. ഇന്ന് മലയാളി സോഷ്യല്‍ മീഡിയയില്‍ ഉള്ളവരൊക്കെ തന്നെ അന്നും ഉണ്ടായിരുന്നു. ശിശുപീഡനം എന്നത് ഗ്രാഫിക്കല്‍ ആയി എഴുതിവിട്ട ഒരു കവിത, അതും ശിശുപീഡനം നടത്തുന്ന ഒരു മുതിര്‍ന്ന പുരുഷന്‍ എന്ന വ്യക്തിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് തന്നെ. അന്ന് ജിതിന്‍ ദാസ് എഴുതിയ ഒരു കുറിപ്പുണ്ട്, എന്താണ് ശിശുപീഡനം എന്നും മറ്റുമുള്ള ശാസ്ത്രീയമായ വിവരണം. (പീഡോഫീലിയ , ബാലലൈംഗികാതിക്രമം, മനശ്ശാസ്ത്രം, നിയമം) ആ കവിതയ്ക്ക് നേരേ ഏറ്റവും ശക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ച ഒരാളാണ് ഞാന്‍. അന്ന് പക്ഷെ എനിക്ക് നേരിടേണ്ടി വന്നത് എന്താണ് കല എന്നുള്ള ക്ലാസ്സുകളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൈവെയ്ക്കുന്ന മൗലികവാദി എന്ന പട്ടാഭിഷേകവും ആയിരുന്നു. പറഞ്ഞു വന്നത്, ആ കവിതയും കവിയുടെ പ്രൊഫൈലും മറ്റു കവിതകളും ഇപ്പോഴും അവിടെ തുടരുന്നു. ആരും അയാളുടെ പ്രൊഫൈല്‍ പൂട്ടിക്കാന്‍ ആഹ്വാനം നടത്തിയില്ല, ആ കവിത മാസ് റിപ്പോര്‍ട്ടിംഗ് നടത്തി പബ്ലിക് സ്‌പേസില്‍ നിന്ന് എടുത്ത് കളയാനും ആരും പറഞ്ഞില്ല. വല്ലാതെ മനസ്സിനെ അലട്ടുന്ന ഒന്നായിരുന്നു അത്. കല എന്ന് വിളിക്കണോ എന്നൊന്നും അറിഞ്ഞുകൂടാ, പക്ഷെ ഒരു സൃഷ്ടി കണ്ടാല്‍ അതിനെപ്പറ്റിയുള്ള അഭിപ്രായം പറയാം എന്നല്ലാതെ അത് കുഴിച്ചുമൂടിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അത് മൗലികവാദം തന്നെയാണ്. വ്യക്തിപരമായി എനിക്കതിന് ആഗ്രഹവും ഉണ്ടായിരുന്നു. എങ്കിലും സംഭവം ഇപ്പോഴും ആര്‍ക്കും വായിക്കാന്‍ പാകത്തില്‍ ഉണ്ട്.

അടുത്തത്, ബലാത്സംഗം എന്ന ക്രൈം നടത്തിയ ഒരാളോട് പ്രണയം തോന്നുന്ന യുവതിയുടെ മനോവിചാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു കവിത, സ്ത്രീയുടെ വിചാരമായി സാം മാത്യു എന്ന പുരുഷന്‍ എഴുതിയത്. കലയാണ്, സൃഷ്ടിയാണ്, ക്രിട്ടിക്കലി വിചാരണ ചെയ്യാമോ? ചെയ്യാം, സൈക്കോളജിയും ക്രിമിനോളജിയും രാഷ്ട്രീയവും ഒക്കെ ഉപയോഗിച്ച് വിശകലനം നടത്താം, വിമര്‍ശിക്കാം. അത് നടക്കുകയും ചെയ്തു. കൂടാതെ വിഡ്ഢിപ്പെട്ടിയില്‍ വിളിച്ചിരുത്തി ആസ്ഥാന വിഡ്ഢി ‘അരവണപ്പായസം കൊണ്ട് വന്നു കൊടുത്തിട്ടുണ്ടോ’ എന്ന മാധുര്യത്തില്‍ ബലാത്സംഗം നടത്തിയിട്ടുണ്ടോ എന്ന് ചോദിക്കുകയും കാണികളും കാണിക്കകളും വിഡ്ഢിച്ചിരി ചിരിച്ച് നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാം മാത്യുവിനെ തല്ലാനും അങ്ങോരുടെ പ്രൊഫൈല്‍ കളയിപ്പിക്കാനും കൈരളി ചാനല്‍ പൂട്ടിക്കാനും കവിത ഭൂലോകത്ത് നിന്ന് മായ്ച്ചു കളയാനും വലിയ ശുഷ്‌കാന്തിയൊന്നും കണ്ടില്ല. സാം മാത്യുവും കവിതയും ചാനലും ചിരിക്കാരനും ഇപ്പോഴും യഥേഷ്ടം ഇതൊക്കെ തുടരുന്നു.

കാലക്രമേണ മെമ്മറീസ് ഓഫ് മെഷീന്‍ എന്ന വീഡിയോ പുറത്തിറങ്ങി. വീഡിയോ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള കുളിരുകൊള്ളല്‍ ഇതില്‍ നിന്ന് വലുതായി നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും ആരുടെയെങ്കിലും ഒക്കെ ഉള്ളിലുള്ള ശിശുപീഡകന് ഒരു സോഫ്റ്റ് പോണ്‍ കണ്ട സന്തോഷം കിട്ടിയേക്കാം. പക്ഷേ, മലയാളി സോഷ്യല്‍ മീഡിയ മുഴുവന്‍ കാഹളം മുഴക്കി പുറത്തിറങ്ങി, ഒരു സ്ത്രീ അഭിനയിച്ച ഒരു സ്ത്രീ സംവിധാനം ചെയ്ത വീഡിയോ ഇല്ലാതാക്കണം, അതിലെ അഭിനേത്രിയെ എന്നെന്നേക്കുമായി നിശ്ശബ്ദയാക്കണം, അവളുടെ കരണക്കുറ്റി അടിച്ചു പൊട്ടിക്കണം, അവളെ ജയിലിടടണം… വന്ന ആഹ്വാനങ്ങളില്‍ ചിലത് മാത്രം. ശിശുപീഡനത്തെപ്പറ്റി ഇത്രയും ബോധമുള്ള ഒരു സമൂഹമോ മലയാളി സമൂഹം! കണക്കുകള്‍ ഇപ്പോഴും പഴയത് തന്നെ പക്ഷേ, തലമുറ തലമുറ കൈമാറി ശിശുപീഡനം നടന്നു കൊണ്ടേയിരിക്കുന്നു. വീടുകളില്‍, അച്ഛന്മാര്‍, മുത്തച്ഛന്‍മാര്‍, അമ്മാവന്മാര്‍, ചേട്ടന്മാര്‍, അയല്‍വക്കത്തുള്ള സിംഗങ്ങള്‍ ആദിയായവ. അപ്പൊ പ്രശ്‌നം ശരിക്കും ശിശുപീഡനം അല്ല (ഇതിനെതിരേ വന്ന എല്ലാ എതിര്‍പ്പുകളേയും ചേര്‍ത്ത് കെട്ടുന്നില്ല, ജെനുവിനായ എതിര്‍പ്പുകളും ഉണ്ടായിരുന്നു). പ്രശ്‌നം ഉണ്ടായത് ഇവിടെ അവതരണം ഒരു സ്ത്രീയുടെ ഭാഗത്ത് നിന്നാണ് എന്നായത് കൊണ്ടാണ് എന്ന് തന്നെ കരുതണം. പന്ത്രണ്ടും പതിനാറും വയസ്സുള്ള കൊച്ചുങ്ങളെ കൊണ്ട് രാത്രി ശുഭരാത്രി പാടിപ്പിച്ച കലയും കലാകാരനും ഇപ്പോഴും മലയാളത്തിന് സ്വന്തമായി തന്നെയുണ്ട്. മേല്‍പ്പറഞ്ഞ, ക്രൈം സ്വഭാവത്തിലുള്ള ചെയ്തികളെ ലഘൂകരിച്ച് കാണിച്ച സൃഷ്ടികളും നിലനില്‍ക്കുന്നുണ്ട്. അപ്പൊ പിന്നെ ഇതിനു മാത്രം എന്താ പ്രത്യേകത? ഫെമിനിസ്റ്റ് ആയതുകൊണ്ട് കണ്ണില്‍ പെടുന്നതെല്ലാം പുരുഷാധിപത്യ മഞ്ഞ ആണെന്ന് എഴുതിത്തള്ളുന്നവര്‍ ഈ വ്യത്യസ്ത പ്രതികരണങ്ങളുടെ കാരണവും കൂടി പറഞ്ഞു തരണം. ഫാഷിസം അഴിഞ്ഞാടുന്ന ഇന്ത്യയില്‍ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ആളെക്കൂട്ടുന്നതും ജുഡീഷ്യറിയെ കൂട്ടുന്നതും ഒക്കെ എത്രകണ്ട് അപകടകരമായ അവസ്ഥയാണ് എന്നറിയാത്ത ഇള്ളക്കുട്ടികള്‍ ഒന്നുമല്ലല്ലോ ഇതിനു തുനിഞ്ഞത്. ഇനി വിഡീയോ ആയത്‌കൊണ്ട് കുട്ടികളെങ്ങാന്‍ കണ്ട് അത് പരീക്ഷിക്കാന്‍ ഇറങ്ങിയാലോ എന്നാണോ ഭയം? എങ്കിലതിനെ ഇങ്ങനെയാണോ നേരിടുക? കോടാനുകോടി ശിശുപീഡന പോണ്‍ വിഡീയോകള്‍ ഉള്ളതൊക്കെ എങ്ങനെയാണ് നിങ്ങളുടെ കുട്ടികളില്‍ എത്താതെ നിങ്ങള്‍ തടയുന്നത്? അതുപോലെ ഇതിനേയും തടഞ്ഞാല്‍ മതി. അതല്ല കേന്ദ്ര മര്‍ക്കടന്മാരെ പോലെ നിരോധനം ആണ് നിങ്ങളുടേയും വഴിയെങ്കില്‍ അതിനെതിരേ പ്രതിഷേധിക്കാനും ഇവിടെ ആളുണ്ടാവും.

 

 

ഏറ്റവും സെന്‍സിറ്റീവ് ആയൊരു വിഷയമാണ് ശിശുപീഡനം, ലൈംഗീക പീഡനം മാത്രമല്ല അത്, വളര്‍ച്ച തന്നെ മുരടിപ്പിക്കുന്ന, ഒരു ജീവിതകാലത്തെ മുഴുവന്‍ ബാധിക്കുന്ന മാനസിക നിലകള്‍ ഉണ്ടാക്കിയെടുന്ന ഒന്നാണ്. മറ്റു ജന്തുക്കളെ പോലെയല്ല മനുഷ്യന്റെ വളര്‍ച്ച. ജനിക്കുമ്പോള്‍ മുതല്‍ കുറച്ചധികം വര്‍ഷങ്ങള്‍ കൊണ്ടുണ്ടാകുന്ന അനുഭവങ്ങളാണ് അവളെ/നെ വളര്‍ത്തുന്നത്. ഓരോ കാലഘട്ടത്തിലും മസ്തിഷ്‌കത്തിന് വേണ്ടുന്ന അനുഭവങ്ങള്‍ പലതാണ്. വളരുന്ന പ്രായത്തില്‍ സ്‌നേഹവും കരുതലുമാണ് വേണ്ടത്, അല്ലാതെ ലൈംഗികാനുഭവങ്ങള്‍ അല്ല. വളര്‍ച്ചയെത്താത്ത മസ്തിഷ്‌കത്തില്‍ ലൈംഗിക അനുഭവങ്ങള്‍ പടര്‍ത്തി വിടുന്നത് വളരെ വളരെ അപകടകരമാണ്. അതിനെ നേരിടുക കേവലമൊരു വിഡീയോ ഡിലീറ്റ് ആക്കിയല്ല, അഭിനേത്രിയുടെ സോഷ്യല്‍ മീഡിയയിലെ ഇടം ഇല്ലാതാക്കിയും അല്ല.

ശിശുപീഡനം മൗലിക അവകാശമാണെന്ന് വാദിക്കുന്ന പടുവിഡ്ഢികളും ഇതിനിടയില്‍ ഉള്ളതായി കണ്ടു. അല്ല, അല്ലതന്നെ. യാതൊരു തരത്തിലും അതൊരു അവകാശമല്ല. അവകാശങ്ങളുടെ ലംഘനം മാത്രമാണ് അത്, ഒരു കുട്ടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും മാനസിക ആരോഗ്യത്തിനും എതിരേയുള്ള ലംഘനം. മുതിര്‍ന്ന് മുരടിച്ചവന് എന്ത് ഫാന്റസിയും ആവാം, എന്ത് മനോരോഗവും ആവാം, പക്ഷേ അത് കൃത്യമായി തീരുമാനങ്ങള്‍ എടുക്കാന്‍ കോഗ്നിറ്റീവ് വളര്‍ച്ച വന്ന് പാകമാകാത്ത ഒരു മസ്തിഷ്‌കത്തിലും ശരീരത്തിലും അടിച്ചേല്‍പ്പിക്കണം എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും അവകാശ ലംഘനവുമാണ്. തറ പറ പഠിക്കേണ്ടുന്ന കാലത്ത് സെക്‌സില്‍ ഏര്‍പ്പെടുത്തുന്ന ഒരു കുട്ടിയ്ക്ക് അത് കടന്നുകയറ്റമാണെന്നും അപകടകരമാണെന്നും ആജീവനാന്തം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നും അറിയണം എന്നില്ല. മനുഷ്യര്‍ പരസ്പരം ഇടപഴകുമ്പോള്‍ പെരുമാറേണ്ടുന്ന ആരോഗ്യകരമായ രീതികള്‍ അവര്‍ക്ക് അറിഞ്ഞോണം എന്നില്ല. ശരീരം എന്ന സ്വന്തം സ്‌പേസില്‍ ആരെയൊക്കെ പങ്കുചേര്‍ക്കണം എന്ന് തീരുമാനിക്കാന്‍ കുട്ടികളുടെ മനസ്സിന് വളര്‍ച്ചയില്ല. കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ തുനിയുന്ന ‘അപ്പന്‍ ചമയല്‍’ അല്ല, കൊല്ലങ്ങളായുള്ള പഠനങ്ങളും അവ വായിച്ചറിഞ്ഞും നേരിട്ടനുഭവിച്ചും ഉള്ള വിവരം വെച്ചാണ് പറയുന്നത്. കുട്ടികളുടെ ലൈംഗികത, അവരെങ്ങനെ പര്യവേഷണം നടത്തണം എന്നതിന്റെ ഉത്തരമല്ല ശിശുപീഡനം. ഒന്നാമത് മനുഷ്യന്റെ ലൈംഗികത ശാരീരികമായ ഒന്നായി മാത്രം അവസാനിക്കുന്നതല്ല, അതിന് പല മാനസിക തലങ്ങളുണ്ട്, അതുകൊണ്ട് തന്നെ ലൈംഗിക ബന്ധങ്ങളും പങ്കാളികളും പല തരത്തില്‍ മനസിനെ ബാധിക്കും. ജീവിതം മുഴുവന്‍ ബോധവും അബോധവും ആയ മനസുകൊണ്ടുള്ള കളികള്‍ ആണെന്നിരിക്കേ കുട്ടികളുടെ ലൈംഗിക ജിജ്ഞാസ ഒരു മുതിര്‍ന്ന ആളുടെ കടന്നു കയറ്റം വഴിയാകണം എന്ന് വാദിക്കുന്നത് എമണ്ടന്‍ ബ്ലണ്ടര്‍ ആണ്.

 

രണ്ടാമത് കുട്ടികളുടെ ലൈംഗീകത എന്ന വിഷയം കെട്ടിപ്പൂട്ടി വെയ്ക്കുന്നത് കൊണ്ടാണ് സമൂഹം മുഴുവന്‍ സെക്ഷ്വലി വികലമായ ഒന്നാകുന്നത്. കൃത്യമായ വിദ്യാഭ്യാസം ഇതില്‍ ലഭിക്കുന്നില്ല; സ്വന്തം ശരീരത്തെക്കുറിച്ചും എതിര്‍ ലിംഗത്തിന്റെ ശരീരത്തെ കുറിച്ചും. ഈ ആര്‍ത്തിയെല്ലാം കൂടി വളര്‍ന്ന് ചെന്ന് പുഷ്പിക്കുന്നത് കടന്നുകയറ്റങ്ങളിലും അതിക്രമങ്ങളിലുമാണ്. പരസ്പരം ശരീരം പങ്കുവെയ്ക്കുന്നതില്‍ ഉള്ള മാനസിക ഇടപെടലുകളും അത് വളര്‍ന്നു വരുന്ന കുട്ടികളുടെ മനസ്സിനെ എങ്ങനെയൊക്കെ ബാധിക്കാം എന്നും കുട്ടികള്‍ക്ക് തന്നെ പറഞ്ഞു കൊടുക്കണം. സെക്‌സ് നിരോധിച്ച് ഭജന പാടാന്‍ പറയലല്ല കുട്ടികളുടെ ലൈംഗിക വളര്‍ച്ചയെ എങ്ങനെ നേരിടണം എന്ന ഉത്തരം, അതുപോലെ തന്നെ മുതിര്‍ന്ന ഒരാളുടെ കടന്നു കയറ്റത്തിന് ചൂട്ടു പിടിച്ചും അല്ല. ഇത് രണ്ടുമല്ലാത്ത വഴികള്‍ ഈ വിഷയത്തില്‍ വിദഗ്ദ്ധര്‍ ആയവര്‍ക്കറിയാം. ആ വഴികളൊക്കെ മുഖ്യധാരയില്‍ എത്തിക്കുകയാണ് വേണ്ടത്. ശിശുപീഡനം ഒരവകാശമാണെന്നും അത് കുട്ടികളുടെ ലൈംഗിക വളര്‍ച്ചയില്‍ ആവശ്യമുള്ളതാണ് എന്നുമുള്ള വാദം യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ വന്ന ഒരു വിദഗ്ദാഭിപ്രായം ഇവിടെ. (ഒരു ലൈംഗികാതിക്രമിയുടെ ചിന്താവൈകല്യത്തിന് വളമിടുന്നു എന്നതുതന്നെയാണ് പ്രശ്നം

 

 

അവസാനമായി, മെമ്മറീസ് ഓഫ് മെഷീന്‍ എന്ന വിഡീയോ ഞാന്‍ വളരെ കുറച്ചു മാത്രമേ കണ്ടുള്ളൂ, അല്ലെങ്കില്‍ കാണാന്‍ കഴിഞ്ഞുള്ളു. ശിശുപീഡനം എനിക്ക് കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഉള്ള വിഷയമല്ല, അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ ഭാഗമാണ്. നടുക്കങ്ങള്‍ ഇന്നും കുറയാത്തത് കൊണ്ട് ഒരു എട്ടു വയസ്സുകാരിയുടെ സെക്ഷ്വല്‍ അബ്യുസ് ഒരു ഫാന്റസി ആയി കേട്ടിരിക്കാന്‍ ഉള്ള മാനസിക അവസ്ഥ ഉണ്ടായില്ല. അതിലെ പുരുഷ കഥാപാത്രം എന്ന് കേള്‍പ്പിക്കുന്ന ആ ശബ്ദം ഏറ്റവും അരോചകവും ഒരു പീഡോഫൈല്‍ തന്നെയും ആയിരിക്കാം എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു. Graphical ആയോ, Aesthetical ആയോ, Conceptual ആയോ, Political ആയോ ഒന്നും യാതൊരു മൂല്യവും ഇല്ലാത്ത വെറും ചവറ് വിഡീയോ ആയാണ് ഞാന്‍ അതിനെ വിലയിരുത്തുന്നത്. അത് ശിശുപീഡകന്മാര്‍ക്ക് ഒരുതരത്തില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ആക്കുകയും ചെയ്‌തേക്കും, കുട്ടികളോട് ഇന്നയിന്ന അനുഭവങ്ങള്‍ തരാമെന്നോ, അല്ലെങ്കില്‍ പ്രണയം നടിച്ചോ ചെന്നാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ആവുമെന്ന് അവര്‍ക്കൊരു വിചാരവും കിട്ടിയേക്കാം.

ഏറ്റവും പ്രാവര്‍ത്തികമാക്കി ചെയ്യാന്‍ കഴിയുന്നത്, ആ ഷോര്‍ട്ട് ഫിലിമിന് ഒരു ഡിസ്ക്ലെയ്മര്‍ വയ്ക്കുകയാണ്. പീഡോഫീലിയയുടെ അനന്തരഫലങ്ങള്‍ ഇന്നതൊക്കെയാണെന്നും അതൊട്ടും ആരോഗ്യപരമല്ലെന്നും അതിന് ഇരയാകേണ്ടി വരുന്നവര്‍ക്ക് ആപത്തുകള്‍ മാത്രമാണുള്ളതെന്നും മറ്റും പറയുന്ന ഒരു ഡിസ്‌ക്ലെയ്‌മര്‍ (വോ, ശ്വാസകോശം പോലൊന്ന്). കാണുന്ന പീഡോഫൈല്‍ എന്തായാലും മാനസാന്തരപ്പെടുകയില്ല, കണ്ടാലും കണ്ടില്ലെങ്കിലും അവന്‍ പീഡോഫൈല്‍ ആണ്. കുട്ടികള്‍ കണ്ടാല്‍, കിട്ടേണ്ടുന്ന താക്കീത് കൊണ്ടാണ് ഉപകാരം ഉണ്ടാവുക, അതിനുള്ള ഡിസ്‌ക്ലെയ്‌മെര്‍.

അച്ഛന്റെ പിള്ളേരെ വയറ്റില്‍ ഏന്തുന്ന പെണ്‍കുട്ടികള്‍ ഉള്ള നാടാണ് കേരളം, ഇപ്പോഴും. അതിനെയൊക്കെ എങ്ങനെയാണ് നേരിടുന്നത് സമൂഹം? എന്നെ പീഡിപ്പിച്ചവര്‍ ഇന്നും സമൂഹത്തില്‍ മാന്യന്മാരായി കഴിയുന്നുണ്ട്, എനിക്കെങ്ങനെ നീതി ലഭിക്കണം? തെളിവുകള്‍ യാതൊന്നും എന്റെ പക്കലില്ല. ഒരു സൈക്കോളജി ടെസ്റ്റ് നടത്തിയാല്‍, അതില്‍ നിന്നും എന്റെ അബോധം വളര്‍ന്നതിലെ പാളിച്ചകള്‍ ഇന്നതൊക്കെ ആണെന്നും അതുണ്ടായത് വളരുന്ന പ്രായത്തില്‍ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ (അന്നത് അതിക്രമം ആണെന്ന് എനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞ് വെക്കണം) ആണെന്നും ഒരു റിപ്പോര്‍ട്ട് കിട്ടിയാല്‍ അതും കൊണ്ട് കോടതിയില്‍ പോയാല്‍ നീതി കിട്ടാന്‍ വകുപ്പുണ്ടോ? റേപ്പ് ചെയ്യപ്പെട്ടതിന് ദൃക്‌സാക്ഷികളെ കൊണ്ടുചെന്നാല്‍ പോലും തള്ളിക്കളയുന്ന സമൂഹമാണ് ഇതിപ്പോഴും. ഇവിടെ കേവലം ഒരു വിഡീയോ യൂട്യൂബില്‍ നിന്ന് ഇല്ലാതാക്കി കളഞ്ഞാണോ പീഡോഫീലിയക്കെതിരേ പോരാട്ടം നടക്കേണ്ടത്? ശിശുപീഡനം അല്ല നിങ്ങളുടെ പ്രശ്‌നം, ആണെങ്കില്‍ നിങ്ങളുടെ ഒച്ച പൊങ്ങേണ്ടത് ഇപ്പോഴായിരുന്നില്ല, ഈ ഏറ്റവും അപ്രസക്തമായ ഒരു ഫിലിമിന് എതിരേയും ആയിരുന്നില്ല.

പെരുമാള്‍ മുരുകന്റെ പുസ്തകത്തിന് സംഘപരിവാരം വിലക്കേര്‍പ്പെടുത്തിയപ്പോള്‍ മദ്രാസ് ഹൈക്കോടതി പറഞ്ഞ ഒരു വാചകമുണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പുസ്തകം വായിക്കേണ്ട, അതുകൊണ്ട് പുസ്തകം ഇല്ലാതാക്കണം എന്ന് പറയാന്‍ കഴിയില്ല എന്ന്. അത് തന്നെ ഇവിടേയും, അഭിനേത്രിയെ കൊല്ലാനും വീഡിയോ ഡീലീറ്റ് ചെയ്യാനും അലറിപ്പൊളിക്കുന്നത്, ആനുകാലിക ഇന്ത്യയില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലിരിക്കും. ഒന്നുകില്‍ കാഹളം മുഴക്കാന്‍ ഇരട്ടത്താപ്പ് കാണിക്കരുത്, അല്ലെങ്കില്‍ വിമര്‍ശനം എന്ന കലയെ മനസ്സില്‍ ധ്യാനിച്ച് എഴുതാം, പടപ്പുറപ്പാടിന് അവകാശമില്ല എന്ന് സാരം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:

This post was last modified on December 16, 2016 2:10 pm