X

മേവത് കൂട്ടബലാത്സംഗം, ബീഫ് ബിരിയാണി റെയ്ഡ്; ചെറിയ വിഷയങ്ങളെന്ന് ഹരിയാന മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മേവത്തില്‍ രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്തതും,ബീഫ് ബിരിയാണി റെയ്ഡ് നടത്തിയതുമൊക്കെ ചെറിയ വിഷയങ്ങളാണെന്നും രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണിതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഖട്ടാറിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്.

ഹരിയാന സംസ്ഥാനം രൂപീകൃതമായതിന്റെ 50മത്‌ വാര്‍ഷികാഘോഷ (സ്വര്‍ണ ജയന്തി) ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഖട്ടാറിന്റെ പ്രസ്താവന. ‘സ്വര്‍ണ ജയന്തിയെക്കുറിച്ച് സംസാരിക്കേണ്ട അവസരമാണിത്. ഇതൊക്കെ ചെറിയ പ്രശ്നങ്ങളാണ് രാജ്യത്തെവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണിതൊക്കെ’ എന്നായിരുന്നു മേവത് കൂട്ടബലാത്സംഗത്തെക്കുറിച്ചും, ബീഫ് ബിരിയാണി റെയ്ഡിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രതികരിച്ചത്.

കൂടാതെ ഇത്തരം ചെറിയ കാര്യങ്ങളില്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കാറില്ലെന്നും നമ്മുക്ക് സ്വര്‍ണ ജയന്തിയെക്കുറിച്ച് സംസാരിക്കാമെന്നും ഖട്ടാര്‍ പറഞ്ഞു. ആഗസ്റ്റ് 24ന് മേവതില്‍ രണ്ടുപേരെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ ബന്ധുക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ബീഫ് കഴിച്ചതിനുള്ള ശിക്ഷയായിട്ടാണ് ബലാത്സംഗം നടത്തിയത്.

ഈ ബക്രീദില്‍ ഹരിയാന ഗോ സുരക്ഷാ പൊലീസ് മേവത്തില്‍ ബീഫ് ബിരിയാണി റെയ്ഡ് നടത്തിയിരുന്നു. ബീഫ് റെയ്ഡ് കാരണം തെരുവോര വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നിര്‍ത്തിവെക്കേണ്ടി വന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

This post was last modified on September 18, 2016 11:27 am