X

വിഘടന വാദത്തിനും വിമാന ദുരന്തത്തിനുമിടയില്‍ ഉക്രയിന്‍

മൈക്കല്‍ ബ്രിന്‍ബൌം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സോവിയറ്റ് കാലത്തെ ശീതീകരിച്ച ട്രെയിന്‍ കാറുകള്‍ക്ക് മരണത്തിന്റെ ദുര്‍ഗന്ധത്തെ തടഞ്ഞുനിര്‍ത്താനാവുന്നില്ല.

ഈ ചെറിയ ഉക്രെയിന്‍ പട്ടണത്തിലെ ഉറക്കംതൂങ്ങിയ വെള്ളപൂശിയ സ്റ്റേഷനില്‍, ഗോതമ്പും സൂര്യകാന്തിയും പൂത്തുവിളഞ്ഞുനില്‍ക്കുന്ന പാടങ്ങളില്‍ ചിതറിവീണ ശവങ്ങള്‍ പെറുക്കിയെടുത്ത് സൂക്ഷിച്ച ശവമുറികളായി മാറി ഈ കാറുകള്‍. മൂന്നുമാസം മുമ്പ് തുടങ്ങിയ വിഘടനവാദ പോരാട്ടം കിഴക്കന്‍ ഉക്രെയിനെ ഇതിനോടകം യുദ്ധമേഖലയാക്കി മാറ്റിയിട്ടുണ്ട്. ഒരു യാത്രാവിമാനത്തെ തകര്‍ത്തിട്ടതോടെ സംഘര്‍ഷം ആഗോളമാനം കൈവരിക്കുകയും ചെയ്തു.

യുദ്ധം ഹതാശരാക്കിയ പ്രദേശവാസികള്‍ നിരാശയോടെ തല കുലുക്കുമ്പോള്‍, ഡച്ച് ഫോറന്‍സിക് വിദഗ്ദ്ധരുടെ ഒരു സംഘം തങ്ങളുടെ കടുത്ത ചുമതലക്കായി തയ്യാറെടുക്കുകയാണ്. വിമതര്‍ ഒരു കാറിന്റെ വാതില്‍ തുറന്നതോടെ അസഹനീയമായ ദുര്‍ഗന്ധം 50 അടി അകലെ നില്‍ക്കുന്ന സാക്ഷികള്‍ക്കടുത്തുവരെ എത്തി. തങ്ങള്‍ ഭീകരവാദികളാണെന്ന് ലോകം കരുതുമെന്ന് തീവണ്ടി സ്റ്റേഷന്റെ അടുത്ത് താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.

മലേഷ്യന്‍ വിമാനം, എം എച്ച് 17 തകര്‍ത്തിട്ടതില്‍, 298 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. “മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്ന അവസ്ഥയിലാണ് ഇപ്പൊഴും”,  ഡച്ച് സംഘത്തിന്റെ തലവന്‍ പീറ്റര്‍ വാന്‍ വ്ലിയേറ്റ് പറഞ്ഞു. എന്നാല്‍ കാലാവസ്ഥ അത്ര അനുകൂലമല്ലതാനും.

കനപ്പിച്ച മുഖവുമായി നിന്ന വിമതപോരാളികള്‍ ഡച്ച് സംഘത്തിനടുത്തേക്ക് പോകാന്‍ ആരെയും അനുവദിച്ചില്ല. അവരുടെ കയ്യിലെ ഉഗ്രന്‍ തോക്കുകള്‍ അക്കാര്യത്തില്‍ ഒരു സംവാദം അസാധ്യവുമാക്കി. ഒരാളെങ്കിലും ഒരു മുഖമ്മൂടി ധരിച്ചിരുന്നു.

“കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്,” തീവണ്ടി സ്റ്റേഷന്റെ അടുത്ത് താമസിക്കുന്ന ലിലിയ പറഞ്ഞു. “ഞങ്ങള്‍ സമാധാനമായി ജീവിച്ചിരുന്നതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക്  മനസ്സിലാക്കാന്‍ പോലും കഴിയാത്ത എന്തിന്റെയൊക്കെയോ ഭാഗമാണ് ഞങ്ങള്‍.”

ഉക്രെയിനിലെ സംഘര്‍ഷം സങ്കീര്‍ണ്ണമാണ്. ഫെബ്രുവരിയില്‍ റഷ്യന്‍ അനുകൂല പ്രസിഡണ്ട് വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കുന്നു. മാര്‍ച്ചില്‍ റഷ്യ ക്രിമിയയെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്നു. ഏപ്രിലില്‍ കിഴക്കന്‍ ഉക്രെയിനിലെ പ്രധാന പട്ടണങ്ങളും കെട്ടിടങ്ങളും ഒരു പ്രാദേശിക റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കയ്യടക്കുന്നു. മെയ്യില്‍  അധികവും റഷ്യന്‍പൌരന്മാരായ നേതാക്കള്‍ ഇവര്‍ക്ക് പകരം വരുന്നു.

ഇപ്പോള്‍ കയ്യില്‍കിട്ടിയ എന്തു വസ്തുവും ഉപയോഗിച്ചുണ്ടാക്കിയ-റബ്ബര്‍ ടയര്‍, കോണ്‍ക്രീറ്റ് കട്ടകള്‍, ചിലയിടത്തൊക്കെ ഈ ഖനന മേഖലയില്‍ കല്‍ക്കരിക്കൂനകളും- പരിശോധനാകേന്ദ്രങ്ങളില്‍ യുദ്ധവേഷങ്ങളില്‍ വിമതപോരാളികള്‍ കാവല്‍ നില്ക്കുന്നു. ഇതൊക്കെ താത്ക്കാലിക നിര്‍മ്മാണങ്ങളാണെങ്കിലും ആയുധങ്ങള്‍ അങ്ങനെയല്ല. ആധുനിക ആയുധങ്ങളാണ് വിമതരുടെ കൈവശം.

അവരുടെ ആയുധങ്ങള്‍ നാള്‍ക്കുനാള്‍ നൂതനമാവുകയാണ്. റഷ്യ വിമതര്‍ക്ക് നല്കി എന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആരോപിച്ച വിമാനവേദ മിസൈല്‍ സംവിധാനം ബുക് എം- 1 വരെ. വ്യാഴാഴ്ച ബോയിങ് 777-200 വിമാനത്തെ തകര്‍ത്തത് ഇത്തരമൊരു മിസൈലാണെന്ന് ഉക്രെയിനും യു എസും കരുതുന്നു.

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൌറീസ് തോറെയുടെ പേരിലുള്ള ഒരു കല്‍ക്കരി ഖനന പാര്‍പ്പിട പ്രദേശം.ഒരു പലചരക്കുകട. വെള്ളപൂശിയ സ്റ്റേഷനടുത്ത്, ചുട്ടുപഴുത്ത് നിരവധി രണ്ടുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍.

രണ്ടു ഡസനോളം ആയുധധാരികളായ വിമതര്‍ ഡച്ച് പരിശോധകര്‍ക്കൊപ്പം നോക്കിനിന്നു. Organization for Security and Cooperation in Europe (OSCE) സംഘവും അവര്‍ക്കൊപ്പമുണ്ട്. പരിശോധകര്‍ 5 വെള്ള SUV-കളില്‍ വിമതരുടെ അകമ്പടിയോടെ പോയി.

വിമാനം തകര്‍ന്നുവീണ പ്രധാനസ്ഥലത്ത്, ഹ്രാബോവ് നഗരത്തിനടുത്ത്, ഡോനേട്സ്കില്‍ നിന്നും 50 മൈലും, റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 25 മൈലും അകലെ, വരണ്ട മൂകതയാണ്.

 കടുംപച്ച നിറത്തിലുള്ള ഒരു ട്രക് മുരണ്ടുകൊണ്ട് പോയി. കൂടുതല്‍ ശരീരഭാഗങ്ങള്‍ സഞ്ചിയിലാക്കി കൊണ്ടുപോവുകയാണ്.   കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ അങ്ങനെ ആ  വിമാനയാത്രികരുടെ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ ആ വഴിയരികില്‍ ചിതറിക്കിടന്നു.

മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ തങ്ങള്‍ക്ക് മതിപ്പുണ്ടെന്ന് ഡച്ച് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ വിമാനാക്രമണത്തെ പറ്റി പ്രയോജനപ്രദമായ അന്വേഷണത്തിന് പറ്റുന്ന രീതിയിലാണോ സംഭവസ്ഥലം ഇപ്പോള്‍ എന്ന കാര്യത്തില്‍ അവര്‍ക്കുറപ്പില്ല.

നിഷ്പക്ഷമായ ഒരു അന്വേഷണത്തിനുള്ള  സാധ്യത മങ്ങിയതാണ്. വിമാനഭാഗങ്ങള്‍ മൈലുകളോളം ചിതറിക്കിടക്കുന്നു. പലതും ഇതിനകം ആളുകള്‍ തൊട്ടിരിക്കാം. ഒരു എഞ്ചിന്റെ ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ ഒരു പ്രദേശത്ത് കിടക്കുന്നു. അതിലൂടെ ഒരു ട്രക് പോയ ചക്രപ്പാടുകള്‍. വളച്ചുകെട്ടിയ നാടകള്‍  പൊട്ടിച്ചുകളഞ്ഞു നാട്ടുകാര്‍ അതിലൂടെ നടക്കുന്നു. കോക്പിറ്റിന്റെ മൂക്ക് “ പിളരുകയോ വേറെയാക്കുകയോ ചെയ്തിട്ടുണ്ട്” എന്നാണ് OSCE വക്താവ് പറഞ്ഞത്.

സംഭവസ്ഥലത്ത് തങ്ങള്‍ ദിവസങ്ങളോളം മേല്‍നോട്ടം നടത്തി എന്നു അത്യാഹിത സന്ദര്‍ഭങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ ഡോനേട്സ്ക് പ്രാദേശിക കാര്യാലയം പറയുന്നു. പക്ഷേ അതിനി അവര്‍ അവസാനിപ്പിക്കുകയാണ്.

“ഇന്നാണ് അവസാന ദിവസം,” പെട്ടികളും മറ്റ് സാധനങ്ങളും ശേഖരിക്കുന്ന സ്ഥലത്തെ ഇഗോര്‍ എന്ന ജീവനക്കാരന്‍ പറഞ്ഞു. “രാത്രി മുഴുവനും ഇനിയാരും ഇരിക്കില്ല.”

This post was last modified on July 24, 2014 8:37 am