X

‘സുഗതകുമാരി ലോകാനുരാഗിയായ കവി’; വിമര്‍ശനാത്മക പിന്തുണയുമായി എംഎ ബേബി

അഴിമുഖം പ്രതിനിധി

ഈ അടുത്തകാലത്ത് ‘അന്യസംസ്ഥാന’ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിനെ ഭയക്കുന്നതായി സുഗതകുമാരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും അതിശക്തമായ വിമര്‍ശനങ്ങള്‍ സുഗതകുമാരിക്കെതിരെ ഉണ്ടായി. എന്നാല്‍ അത് എന്‍റെ ഭാഷയല്ല എന്ന വിശദീകരണവുമായി സുഗതകുമാരി രംഗത്ത് വന്നെങ്കിലും അവര്‍ക്കെതിരെയുള്ള വിമര്‍ശനക്കാറ്റ് അതുകൊണ്ടൊന്നും അടങ്ങിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ ‘കവിയെ കല്ലെറിയരുതേ!’ എന്ന അപേക്ഷയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത് വന്നിരിക്കുന്നത്. ‘ഒരു കവിയുടെ ജീവിതത്തെ ഒറ്റയും തെറ്റയുമായ അഭിപ്രായങ്ങളാല്‍ വ്യാഖ്യാനിക്കരുത്, അതിന്‍റെ സാകല്യത്തില്‍ കാണണം. ലോകാനുരാഗിയായ കവിയാണ്‌ സുഗതകുമാരി’ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതിനോട് യോജിച്ചുകൊണ്ടാണ് എംഎ ബേബി സംസാരിക്കുന്നത്.

ജന്മഭൂമി പോലുള്ള പത്രങ്ങള്‍ക്കു അഭിമുഖം നല്‍കുമ്പോള്‍ അവരെന്തെഴുതുന്നു എന്ന് നോക്കി തിരുത്തിക്കൊടുക്കാനുള്ള ജാഗ്രത ഉണ്ടാകണമായിരുന്നെന്നു സുഗതകുമാരി ടീച്ചറെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്ന് ഇന്ത്യയില്‍ ഒരു കവിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്തതാണ് ഫാസിസ്റ്റ് പ്രവണതകളോടുള്ള ഒത്തുതീര്‍പ്പ് എന്നും ബേബി പറയുന്നു. കേരളത്തില്‍  ഉന്നതരായ എഴുത്തുകാരാരും പങ്കെടുക്കാതിരുന്ന കാലത്ത് സംഘപരിവാര്‍ സംഘടനകളുടെ യോഗത്തില്‍ ടീച്ചര്‍ പങ്കെടുത്തതും സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ ടീച്ചര്‍ അഭിമുഖങ്ങള്‍ നല്കിയതും സംഘപരിവാര്‍ നേതാക്കള്‍ക്ക് സൌഹൃദം അനുവദിച്ചതും ടീച്ചര്‍ ആരുടെ പക്ഷത്ത് എന്ന ചോദ്യം ഉയര്‍ത്തും എന്ന് ടീച്ചര്‍ അറിയേണ്ടതായിരുന്നില്ലേ എന്നും ബേബി ഓര്‍മിപ്പിക്കുന്നു. ടീച്ചര്‍ അമിത് ഷായെ പോലൊരാളെ പോയി കണ്ടത് കേരളത്തിന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായി വീക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് തന്നെ ബേബി പൊതു പ്രവര്‍ത്തകര്‍ക്ക് നിവേദനങ്ങളും മറ്റുമായി അധികാരത്തിലിരിക്കുന്നവരെ പോയി കാണേണ്ടിവരും എന്ന് സമാധാനിക്കുന്നുമുണ്ട്.

`അപരൻ’ തെറിയാവുന്ന മലയാളി ദേശീയതയുടെ സാംസ്‌കാരിക പരിസരങ്ങൾ
ഈ സാംസ്കാരിക പൊങ്ങച്ചം വംശീയതയല്ലാതെ മറ്റെന്താണ്?
സുഗതകുമാരിയോട് നാം നന്ദി കാണിക്കേണ്ടതുണ്ട്

ഇത്രയേറെ മനുഷ്യര്‍ പുറത്ത് ജോലി ചെയ്യുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് നമ്മള്‍ പുലര്‍ത്തുന്ന വിവേചനം അസാധാരണമാണ് എന്നും ഇതര സംസ്ഥാന തൊഴിലാളികളോട് ഒരു ചീനപ്പേടി സമൂഹത്തിലാകെ ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണെന്നും ഇതിനെ അഭിമുഖീകരിക്കാതെ ടീച്ചറെ പോലുള്ള ഒരു എഴുത്തുകാരിയെ ആക്രമിച്ച് മറ്റു സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ പ്രതിബദ്ധത പ്രഖ്യാപിച്ചു എന്ന മിഥ്യാഭിമാനത്തോടെ ഇരിക്കാനാകില്ലെന്ന് എംഎ ബേബി പറയുന്നു. വലതുപക്ഷക്കാര്‍ക്കിടയില്‍ വംശീയ വിദ്വേഷം വളര്‍ത്താന്‍ പടിഞ്ഞാറന്‍  രാജ്യങ്ങള്‍ ഉപയോഗിക്കുന്നത് മാറ്റ് രാജ്യക്കാര്‍ ഒരുപാട് വന്നുചേരുന്നു എന്ന പെരുപ്പിച്ച കണക്കാണ്. അത് കേരളത്തില്‍ ഉണ്ടാകരുത്. ശാസ്ത്രീയമായ ഒരു പഠനത്തിലൂടെ കേരളത്തിലെ ഇതര സംസ്ഥാനക്കാരുടെ കണക്കുകള്‍ കണ്ടെത്തണം. ഇതര സംസ്ഥാനക്കാര്‍ കേരളം കീഴടക്കുന്നെന്ന മുറവിളിക്ക് ടീച്ചറല്ല ഉത്തരവാദി നമ്മള്‍ ഓരോരോരുത്തുമാണെന്നും ബേബി പറയുന്നു.

നമ്മുടെ രാജ്യം വലിയൊരു ആപത്തിന്‍റെ മുന്നിലാണ്, ദീര്‍ഘദര്‍ശിയായ ഒരു കവി അത് കാണാതിരിക്കരുത് എന്ന് ടീച്ചറോട് അഭ്യര്‍ത്ഥിച്ചുകൊണ്ട്‌ തന്നെ മലയാളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പ്രമുഖ കവിയാണെന്നും പ്രതിഭാശാലിനിയായ ഈ കവിയെ ആകെയുള്ള സംഭാവനകളുടെ അടിസ്ഥാനത്തില്‍ കാണണമെന്നും ബേബി അഭ്യര്‍ത്ഥിക്കുന്നു. 

This post was last modified on September 30, 2016 11:41 am