X

പശു ഇറച്ചി അവിടെ നില്‍ക്കട്ടെ, ഇനി നമുക്ക് പാലിന്‍റെ രാഷ്ട്രീയം പറയാം

പി ടി ഗോപാലക്കുറുപ്പ്/എം കെ രാമദാസ്

പശുവും പശു ഇറച്ചിയും പ്രചാരണ വിഷയമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ഈയിടെ കേരളത്തില്‍ നടന്നത് . അതിന്റെ നേട്ടം ഉന്നയിച്ചവര്‍ കൊയ്യുകയും ചെയ്തു. കാമ്പസുകളിലും കവലകളിലും ബീഫ് കറിയുടെ മണം പരന്നു. മസാല ചേര്‍ത്ത് വേവിച്ച ഇറച്ചി പാതകളില്‍ ചിതറി. പക്ഷേ അന്നൊന്നും പാല്‍ സംവാദങ്ങളിലേക്ക് കയറിവന്നില്ല. ഇപ്പോഴും ഇല്ല. ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുത പാല്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ക്ക് വിഷയമാവുന്നില്ല എന്ന് തന്നെയാണ്. രാജ്യത്തെ വലിയൊരു പങ്ക് സാധാരണ മനുഷ്യരുടെ ജീവിതോപാധിയാണ് പാല്‍. ദരിദ്രരും പട്ടിണിക്കാരുമായ ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്ന പാലില്‍ തൊട്ട് കളിക്കാന്‍ ഇതുവരെ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. ഭരണ രാഷ്ട്രീയക്കാരുടെ മാനിഫെസ്റ്റോകളില്‍ പാല്‍ കടന്നുവരാത്തത് മറവികൊണ്ടല്ല. മറിച്ച് അത് മനഃപൂര്‍വ്വമാണെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസിലാവും.  

കേരളത്തില്‍ 12 ലക്ഷത്തിലധികം കുടുംബങ്ങള്‍ പാലുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. മില്‍മ നല്‍കുന്ന വിവരമനുസരിച്ച് ആറ് ലക്ഷത്തിലധികം കര്‍ഷകര്‍ ദിവസേന മില്‍മയുമായി ബന്ധപ്പെടുന്നുണ്ട്. ഈ  ബന്ധത്തെ അങ്ങനെ വിശേഷിപ്പിച്ചാല്‍ മതിയാകില്ല. അഴിയാ കണ്ണികളാണിത്. വികസന വെളിച്ചമെത്താത്ത ഗ്രാമങ്ങളില്‍, വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ നാട്ടിലെ പൗരന്മാര്‍ ഏര്‍പ്പെടുന്ന സാധാരണ തൊഴിലാണ് കന്നുകാലി വളര്‍ത്തല്‍. ഇവരുടെ സങ്കടങ്ങളും പരാതികളും അഡ്രസ്സ് ചെയ്യാന്‍ നമുക്കിതുവരെ സാധ്യമായിട്ടില്ല. അടുത്തവരുടെ മരണാനന്തര ചടങ്ങുകളിലോ വിവാഹം പോലുള്ള സന്തോഷാവസരങ്ങളിലോ ഇത്തരം മനുഷ്യര്‍ക്ക് പങ്കെടുക്കാന്‍ ആവില്ല. സ്വന്തം വീടും പരിസരവും വിട്ട് പോകാന്‍ ഇവര്‍ക്കാകില്ല. ആലങ്കാരികമായ ജീവി സ്‌നേഹമല്ല ഇതിനു കാരണം. അടുപ്പില്‍ തീ പുകയണമെങ്കില്‍ നാല്‍ക്കാലികള്‍ കനിയണം. അതിന് അവയ്ക്ക് തീറ്റയും വെള്ളവും കൊടുക്കണം. ഇങ്ങനെ തീര്‍ത്തും ബഹിഷ്‌കൃതരാക്കപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന് നിറമേകാന്‍ താമസമെന്തെന്ന് വിലയിരുത്തേണ്ടതുണ്ട്.

ഈ മനുഷ്യരുടെ രാഷ്ട്രീയമെന്താണ്? തെളിച്ചു പറയുന്നില്ലെങ്കിലും മില്‍മ ചെയര്‍മാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. രണ്ടായിരത്തിലധികം കോടി രൂപയുടെ പ്രതിവര്‍ഷം വിറ്റുവരവുള്ള സഹകരണ സ്ഥാപനമാണ് മില്‍മ. ചെയര്‍മാന്‍ പി.ടി ഗോപാലകുറുപ്പുമായി അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ എം കെ രാമദാസ് സംസാരിക്കുന്നു.

എം കെ രാമദാസ്: കേരളത്തിലെ വലിയൊരു വിഭാഗം സാധാരണക്കാരായ മനുഷ്യര്‍ ആശ്രയിക്കുന്ന ഒരു മേഖലയാണ് ക്ഷീരമേഖല. നാമമാത്ര ഭൂവുടമകളായ കര്‍ഷകരും ദരിദ്രരായ തൊഴിലാളികളും എല്ലാം ഇതില്‍ ഉള്‍പ്പെടും. സമൂഹത്തിന്റെ നിത്യജീവിതത്തില്‍ എത്രത്തോളം സ്ഥാനം ഈ മേഖലയ്ക്കുണ്ട്?

പി ടി ഗോപാലക്കുറുപ്പ്: ധവളവിപ്ലവമെന്നത് ഇന്ത്യന്‍ സാമൂഹ്യസാമ്പത്തിക ചരിത്രത്തിലെ വലിയ ഒരേടാണ്. പാലുത്പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഹരിത വിപ്ലവവും ധവള വിപ്ലവവുമാണ് രാജ്യത്തെ ജനസാമാന്യത്തിന്റെ ജീവിതം മാറ്റിമറിച്ചത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെയും ഇതാണവസ്ഥ. ഡോ.വര്‍ഗ്ഗീസ് കുര്യന്റെ കണ്ടെത്തലുകളാണ് ധവള വിപ്ലവത്തിലേക്ക് നയിച്ചത്. ദരിദ്രനാരായണന്മാരായ ലക്ഷക്കണക്കിന് മനുഷ്യര്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ മേഖലയില്‍ ഇടപെട്ടുകൊണ്ടാണ് കുര്യന്‍ ശ്രമം ആരംഭിച്ചത്. പാലിനും പാലുത്പന്നങ്ങള്‍ക്കും വിലയും സ്ഥിരവിപണിയും ഉറപ്പാക്കുന്നതിന് സഹകരണപ്രസ്ഥാനത്തിനേ കഴിയൂ എന്നദ്ദേഹം മനസ്സിലാക്കി. മാര്‍ക്കറ്റിങ്ങില്‍ ഇടപെടാനായി ഫ്‌ളഡ് 1 എന്ന പേരില്‍ പദ്ധതിയാരംഭിച്ചു. നിലവില്‍ ലഭ്യമായിരുന്ന പാല്‍ മുഴുവനും സംഭരിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുകയായിരുന്നു ഉദ്ദേശം. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നാണ് തുടക്കം. ഡയറി എഞ്ചിനീയറായാണ് കുര്യന്‍ സേവനം ആരംഭിക്കുന്നത്. ബ്രിട്ടീഷ് ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന പോള്‍സണ്‍ ഡയറിക്ക് ആയിരുന്നു ഈ രംഗത്തെ പൂര്‍ണ്ണ ആധിപത്യം. കൊടിയ കര്‍ഷകചൂഷണമാണ് അവിടെ നിലനിന്നിരുന്നത്. വില സ്ഥിരത ഉണ്ടായിരുന്നില്ല. സംഭരണവും കൃത്യമായി നടന്നില്ല. അന്ധമായ ലാഭം കൊയ്യുക എന്നത് മാത്രമായിരുന്ന പോള്‍സണ്‍ കമ്പനിയുടെ ലക്ഷ്യം. ഭുവന്‍ദാസ് പട്ടേലിനെ പോലുള്ള സഹകാരികളുമായുള്ള ബന്ധമാണ് ഈ മാതൃകയ്ക്ക് പ്രചോദനമായത്. പാല്‍ സംഭരിക്കുക മാത്രമല്ല പ്രോസസ്സ് ചെയ്ത് ശേഖരിക്കുക എന്ന ലക്ഷ്യം കൂടി ഉണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാറുകള്‍ കര്‍ഷകരുടെ പ്രശ്‌നമായി ഇത് കണ്ടു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സ്ഥാനത്ത് സ്വദേശി പാലുല്‍പ്പന്നങ്ങള്‍ എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ഭരണാധികാരികള്‍ ചിന്തിച്ചത്. ദൂരകാഴ്ച്ച ഉണ്ടായിരുന്നു അവര്‍ക്ക്. ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ ഭാഗമായി അമൂല്‍ പിറക്കുന്നതും ഇങ്ങനെയാണ്. നാല്‍പ്പതിനായിരം കോടി രൂപയാണ്  അമൂലിന്റെ വാര്‍ഷിക വിറ്റ് വരവ്. കുത്തകകളുമായി നേരിട്ട് മത്സരിച്ചാണ് അമൂല്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഫ്‌ളഡ് 2, 3 പദ്ധതികളിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിച്ചു.

ആനന്ദ് മാതൃക സഹകരണ സംഘങ്ങള്‍ 1980 ലാണ് കേരളത്തില്‍ എത്തുന്നത്. തെക്കന്‍ ജില്ലകളിലായിരുന്നു തുടക്കം. പിന്നാലെ എറണാകുളത്തും മലബാറിലും മേഖല സഹകരണ സംഘങ്ങള്‍ ഉണ്ടായി. സ്വിറ്റ്‌സര്‍ലണ്ട് ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഇന്‍ഡോ-സ്വിസ്സ് പ്രോജക്ടിന്റെ ഭാഗമായി ലഭിച്ച 28 കോടി രൂപ മലബാറിലെ കര്‍ഷകരുടെ വളര്‍ച്ചയ്ക്ക് കാരണമായി. ഇന്ന് മലബാറില്‍ ആയിരത്തിലധികവും സംസ്ഥാനത്താകെ മൂവായിരത്തിലധികവും ആനന്ദ് മാതൃകാ സഹകരണ സംഘങ്ങളുണ്ട്. ക്ഷീരമേഖലയില്‍ കര്‍ഷകരുടെ സംഘടിത ശക്തി രൂപപ്പെട്ടു എന്നതാണ് കാര്യം. കര്‍ഷകന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ആനന്ദ് മാതൃക. ഒരു വര്‍ഷത്തില്‍ 180 ദിവസം സൊസൈറ്റിയില്‍ പാല്‍ അളക്കുന്നവര്‍ക്ക് മാത്രമേ ഭരണസമിതി അംഗമാവാന്‍ ആവൂ. സൊസൈറ്റിയില്‍ നിന്നും മേഖലയൂണിയനുകളിലേക്ക് ഇവരില്‍ നിന്ന് ഫെഡറേഷന്‍ ഭരണസമിതിയിലേക്കും പ്രതിനിധികളെ കണ്ടെത്തുന്നു. ഒരു കര്‍ഷകന് മാത്രമേ മില്‍മയുടെ ചെയര്‍മാനായി മാറാന്‍ ആവൂ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ത്രീ ടയര്‍ സിസ്റ്റത്തിലുള്ള സമ്പൂര്‍ണ്ണ ജനാധിപത്യ പ്രക്രിയയാണ് ആണ് ഇവിടെ നടക്കുന്നത്.

12 ലക്ഷത്തിലധികം മനുഷ്യര്‍ മില്‍മയുമായ് ബന്ധപ്പെടുന്നുണ്ട്. ആറ് ലക്ഷത്തോളം കര്‍ഷകര്‍ ദിവസവും പാല്‍ അളക്കുന്നു. ഇപ്പോള്‍ പതിനൊന്ന് ലക്ഷം ലിറ്റര്‍ പാല്‍ മില്‍മ കളക്ട് ചെയ്യുന്നുണ്ട്. മലബാര്‍ മേഖലാ യൂണിയന്‍ പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാണ്. പാലിന്റെ ഷോട്ടേജ് വലിയ ഒരു പ്രശ്‌നമാണ് 2011 വരെ 7 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം നമ്മള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോള്‍ രണ്ട് ലക്ഷം ലിറ്റര്‍ മാത്രമേ പുറത്ത് നിന്നു കൊണ്ടുവരുന്നുള്ളൂ. പാലുത്പ്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടെ പ്രധാന കാര്യം മാന്യമായ വില ഉറപ്പാക്കുക എന്നതാണ്. ഉത്പ്പാദന ചെലവും അധ്വാനവും അടിസ്ഥാനമാക്കി കര്‍ഷകര്‍ക്ക് വില കിട്ടണം. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാലിന് 13 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ 11 രൂപയും കര്‍ഷകന് തന്നെ നല്‍കി. സംസ്ഥാനം സ്വയം പര്യാപ്തത നേടുന്ന ആദ്യ ഉത്പ്പന്നം പാല്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല.

രാ: കൃഷിയാണ് രാജ്യത്തിന്റെ മുഖ്യതൊഴില്‍. ഇപ്പോള്‍ കേരളം അങ്ങനെ ക്ലെയിം ചെയ്യുന്നുണ്ടാവില്ല. വികസനം പല വഴികളിലൂടെ മനുഷ്യരുടെ ജീവിതത്തെ സ്പര്‍ശിക്കുന്നുണ്ട്. ഏതാണ്ട് 5 ലക്ഷത്തിലധികം സാധാരണ മനുഷ്യര്‍ ഇടപെടുന്ന ക്ഷീരമേഖ ഒരു പ്രത്യേക രാഷ്ട്രീയം മുന്നോട്ട് വെക്കുന്നില്ലേ. അതിനെ അഡ്രസ്സ് ചെയ്യാന്‍ മില്‍മയ്ക്ക് കഴിയുന്നുണ്ടോ?

ഗോ: ഉപജീവനത്തിന്റെ രാഷ്ട്രീയമാണിവിടെ. മറ്റിതര കൃഷി അനുബന്ധ മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്നാണ് കര്‍ഷകര്‍ പശു വളര്‍ത്തലില്‍ എത്തുന്നത്. റബ്ബറിനും കുരുമുളകിനും വില കുറയുമ്പോള്‍ കര്‍ഷകര്‍ ഇങ്ങോ’ട്ട് വരുന്നു. ഉദാഹരണമായി വയനാടിനെ നോക്കാം. രാജ്യത്ത് തന്നെ മികച്ച കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന പ്രദേശമാണ് പുല്‍പ്പള്ളിയും പരിസരവും. മേന്മയുള്ള കുരുമുളക് ഉത്പാദിപ്പിച്ച് അന്താരാഷ്ട്രതലത്തില്‍ പുല്‍പ്പള്ളി പ്രസിദ്ധമായി. കറുത്തപ്പൊന്നിന്റെ നാടെന്ന നിലയില്‍ അറിയപ്പെട്ടു.. വില കുറവും രോഗവും വന്നു കുരുമുളക് കൃഷി അവിടെ പാടേ തകര്‍ന്നു. നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതിജീവനം ആഗ്രഹിച്ചവര്‍ തെരഞ്ഞെടുത്ത വഴി പശു വളര്‍ത്തലായിരുന്നു. സംസ്ഥാനത്ത് പാല്‍ ഉദ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് പുല്‍പ്പള്ളി. റബ്ബറിന്റെ വിലത്തകര്‍ച്ചയും പാല്‍ ഉല്പാദനരംഗത്തേക്ക് കര്‍ഷകരെ തിരിച്ചുവിട്ടു. സ്ഥിരവിപണിയും വിലയും ഉറപ്പാക്കാന്‍ കൂട്ടായ്മയിലൂടെ കഴിഞ്ഞു എന്നതാണ് മില്‍മയുടെ പ്രാധാന്യം. കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍ വരെയുള്ളവരുടെ വിശ്വാസമാണ് ഒരു അര്‍തഥത്തില്‍ രാഷ്ട്രീയം. താഴെ തട്ടില്‍ കര്‍ഷകര്‍, ഏജന്റുമാര്‍, മില്‍മ ജീവനക്കാര്‍ തുടങ്ങി ഉപഭോക്താക്കള്‍ വരെയെത്തുന്ന ചങ്ങലയാണിത്. ഒരു കണ്ണിക്ക് ക്ഷതമേറ്റാല്‍ ഈ സംവിധാനം തകരും.

രാ: രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മാനിഫെസ്റ്റോ അവതരിപ്പിക്കാറുണ്ട്. സാധാരണക്കാര്‍, കൃഷിക്കാര്‍ എന്നിവരെ പൊതുവില്‍ അഡ്രസ്സ് ചെയ്യുകയാണ് പതിവ്. സംസ്ഥാനത്തെ ആറ് ലക്ഷത്തിലധികം കുടുംബങ്ങളും മുഖ്യജീവിതോപാധിയായ ക്ഷീരമേഖലയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കാറില്ല എന്നതല്ലേ വാസ്തവം?

ഗോ: വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ള കര്‍ഷകരാണ് ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍. പിന്തുടരുന്ന പാര്‍ട്ടികളുമായി സഹകരിക്കുന്ന രീതിയാണ് അവര്‍ക്കുള്ളത്. വിലയും വിപണിയും ഉറപ്പാക്കി കര്‍ഷകനും ഉപഭോക്താവിനും സംതൃപ്തി നല്‍കുക എന്നതാണ് മില്‍മയുടെ ദൗത്യം. ഇതു തന്നെയാണ് ഇവിടെ രാഷ്ട്രീയം. 

രാ: മുന്നണികളുടെ, പാര്‍ട്ടികളുടെ അജണ്ടയില്‍ പാല്‍ കര്‍ഷകരുടെ പ്രശ്‌നം മുഖ്യസ്ഥാനത്ത് വരേണ്ടതല്ലേ ?

ഗോ: ഈ ഗവണ്‍മെന്റിന്റെ കാലത്ത് ക്ഷീരമേഖലയ്ക്ക് ധാരാളം ഫണ്ട് ലഭിച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്‌സിഡി സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് എന്നിവയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം നല്‍കുന്നുണ്ട്. ക്ഷീര കര്‍ഷകനോടുള്ള അവജ്ഞ ഇന്ന് മാറിയിട്ടുണ്ട്. കൂടുതല്‍ ലാഭം ഉണ്ടാക്കി കര്‍ഷകന് കൈമാറുകയാണ് മില്‍മ ചെയ്യുന്നത്. 82 ശതമാനവും കര്‍ഷകനില്‍ എത്തിക്കുന്നു. ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തുക എന്നത് ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തോ പതിനഞ്ചോ പശുക്കളെ വളര്‍ത്തുന്ന ഫാം തുടങ്ങുക എന്ന നിലയിലേക്ക് ഈ രംഗം മാറി. യുവാക്കള്‍ ഈ രംഗത്തേക്ക് ഇപ്പോള്‍ കടന്നുവരുന്നുണ്ട്. 

രാ: തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ പദ്ധതികള്‍ക്ക് വന്‍തോതില്‍ പണം വകയിരുത്തുന്നുണ്ട്. കേരളത്തിന്റെ പ്രകൃതിയ്ക്ക് അനുയോജ്യമായ ക്ഷീരമേഖലയെ ഈ രീതിയില്‍ പരിഗണിക്കാന്‍ കര്‍ഷകോന്മുഖമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമില്ലേ?

ഗോ: മറ്റ് മേഖലകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ക്ഷീര രംഗത്തിന് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. അത്തരം ഒരു ആവശ്യം ശക്തമായി ഉയരണം. പാലിന് സ്ഥായിയായ മാര്‍ക്കറ്റ് ഉണ്ട്. ഭരണരംഗത്തുള്ള പലര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ല. ഉപഭോക്താവിന്റെ താല്‍പര്യമാണ് പ്രധാനമായും ഉയരുന്നത്. സാധാരണക്കാരായ മനുഷ്യരുടെ അധ്വാനത്തെ വിലമതിക്കുക എന്ന വിശാല സമീപനം വേണം. മത്സര വിപണിയില്‍ പാലിന് വില വര്‍ദ്ധിപ്പിച്ച് കര്‍ഷകനെ സഹായിക്കാന്‍ പ്രയാസമാണ്. അതേ സമയം കര്‍ഷകരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട്. 

This post was last modified on April 7, 2016 6:15 pm

Related Post
Leave a Comment