X

മോദി ഇന്ന്‍ ലക്‌നൗവില്‍; രാവണന്‍ ആദ്യ ഭീകരനെന്ന് ബിജെപി; ലക്ഷ്യം തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷം

അഴിമുഖം പ്രതിനിധി

 

ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ ഇന്നു നടക്കുന്ന ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്തുന്നതിനു വേണ്ടിയാണ് മോദി ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് പാര്‍ട്ടിയും ആരോപിച്ചു. എന്നാല്‍ ആദ്യ ഭീകരനായ രാവണനെ കൊന്നതിന്റെ ഓര്‍മയ്ക്കായാണ് ഇത്തവണത്തെ ദസറയെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ബി.ജെ.പി നിലപാട്. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലക്നൌവിലെ രാംലീലാ മൈതാനത്ത് നടക്കുന്ന ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

 

മോദിയുടെ ഇത്തവണത്തെ ലക്‌നൗ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ ഏറെയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ പരിപാടികള്‍ മിക്ക പാര്‍ട്ടികളും ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടികളുടെ ഔദ്യോഗിക തുടക്കമാകുമെന്നും കരുതുന്നു. മോദിക്കൊപ്പം, സൈനികരുടെ ചിത്രങ്ങള്‍ വച്ച കട്ടൗട്ടുകളാണ് ലക്‌നൗവിലുടനീളം. ഉറി ആക്രമണത്തിന്റെയും അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ഈ കാര്യങ്ങള്‍ കൂടി തങ്ങളുടെ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. സൈനികരെ അഭിസംബോധന ചെയതുകൊണ്ടുള്ള നിരവധി പരിപാടികള്‍ ഇതിനകം തന്നെ ബി.ജെ.പി യു.പിയില്‍ സംഘടിപ്പിച്ചു കഴിഞ്ഞു.

 

മോദിയുടെ ഇത്തവണത്തെ യു.പി സന്ദര്‍ശനം അവസരവാദപരമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് ബിഹാറിലായിരുന്നുവെങ്കില്‍ അദ്ദേഹം ദസറ ആഘോഷിക്കുന്നത് അവിടെയായിരുന്നേനെ. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് യു.പിയിലായതിനാലാണ് ഇവിടെയെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉറി ആക്രമണത്തില്‍ മരിച്ചവരുടെ ചിത കെട്ടടങ്ങും മുമ്പാണ് ദസറ ആഘോഷിക്കാന്‍ പ്രധാനമന്ത്രി എത്തുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും ആരോപിച്ചു. ആക്കെൂട്ടാന്‍ ബി.ജെ.പി അഭിനേതാക്കളെ ഇറക്കാറാണ്ട്. എന്നാല്‍ അതെല്ലാം വോട്ടായി മാറുമെന്ന് കരുതരുതെന്നും അവര്‍ പറഞ്ഞു.

 

 

എന്നാല്‍ രണ്ടു മുന്നണികള്‍ക്കും ബി.ജെ.പി പേടി ബാധിച്ചിരിക്കുകയാണെന്ന് ഇത്തവണത്തെ ദസറ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി നേതാവും ലക്‌നൗ മേയറുമായ ദിനേഷ് ശര്‍മ പറഞ്ഞു. രാവണനാണ് ആദ്യ ഭീകരന്‍. അതിന്റെ കോലമാണ് ഇന്ന് കത്തിക്കുന്നത്. ഇതാണ് ജനങ്ങളുടെ മനസിലുള്ളത്. അതിന് തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി എത്തുന്നതെന്നും ശര്‍മ പറഞ്ഞു. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തിയതും ഞങ്ങളുടെ സര്‍ക്കാരിന്റെ വിജയമാണ് എന്നതിനാല്‍ അതുപയോഗിച്ച് വോട്ട് പിടിക്കുന്നതില്‍ തെറ്റില്ലെന്ന് യു.പി ബി.ജെ.പി വക്താവ് ചന്ദ്രമോഹന്‍ പ്രതികരിച്ചു.

 

ഇത്തവണത്തെ വിജയദശമി വളരെ പ്രാധാന്യമുള്ളതാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പാക്കിസ്ഥാനെതിരെയുള്ള സൈനിക നടപടിയെ പ്രകീര്‍ത്തിക്കാനും അതുവഴി യു.പിയില്‍ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അജണ്ട സെറ്റ് ചെയ്യാനുമുള്ള കാര്യങ്ങളായിരിക്കും മോദി ഇവിടെ നടത്തുന്ന പ്രസംഗത്തില്‍ ഉണ്ടാവുക എന്നാണ് കരുതുന്നത്.