ടീം അഴിമുഖം
രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നിന്നും തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുന്നത്. അദ്ദേഹം ഡല്‍ഹിയിലുണ്ടായിട്ടും വിരുന്നില്‍ പങ്കെടുത്തില്ല എന്നതു തന്നെയാണ് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട കാര്യം.
ഒഴിവാക്കാന്‍ വയ്യാത്ത തിരക്കുകള്‍ മൂലമാണ് ആദ്യ തവണ പങ്കെടുക്കാതിരുന്നത് എന്നത് വേണമെങ്കില്‍ സമ്മതിക്കാം. രണ്ടാം തവണയും ഇത് ഒഴിവാക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതാം. പക്ഷേ മൂന്നാം തവണയും ഇഫ്താര്‍ വിരുന്നില്‍ നിന്ന് വിട്ടുനിന്നതിലൂടെ അത് മന:പൂര്‍വമായ നടപടി ആണെന്ന് മാത്രമേ മനസിലാക്കാന്‍ സാധിക്കൂ. വിവിധ വകുപ്പുകളുടെ റിവ്യൂ മീറ്റിംഗിന്റെ തിരക്കുകള്‍ ഉണ്ടായതു കൊണ്ടാണ് പ്രധാനമന്ത്രി വിട്ടുനിന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഒന്നു പരിശോധിച്ചാല്‍ ഇതിന്റെ ഉത്തരം കിട്ടും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മുസ്ലീം നേതാവ് ഒരു വട്ടത്തൊപ്പി (skull cap) സമ്മാനിച്ചെങ്കിലും അത് ധരിക്കാന്‍ മോദി വിസമ്മതിച്ചിരുന്നു. താന്‍ സിംബോളിസ (symbolism) ത്തിലും ടോക്കണിസ (tokenism) ത്തിലും വിശ്വസിക്കുന്നില്ല എന്നായിരുന്നു അതിന് മോദി പറഞ്ഞ കാരണം. വളരെ ഗൗരവമുള്ളതും പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യാനാണ് താന്‍ ഇവിടെയുള്ളത്. അല്ലാതെ ചിലര്‍ (കോണ്‍ഗ്രസ് എന്നു വായിക്കുക) കാണിക്കുന്ന അവസരവാദപരമായ പ്രകടനപരത (opportunistic symbolism) അനുകരിക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ശരി, ഈ കാരണങ്ങള്‍ കൊണ്ടു തന്നെയായിരിക്കാം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തി വന്നിരുന്ന ഇഫ്താര്‍ വിരുന്നും മോദി അവസാനിപ്പിച്ചത്. ബി.ജെ.പിയുടെ സമുന്നത നേതാവായ എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും മറ്റ് പ്രധാനമന്ത്രിമാരുമെല്ലാം ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.
അപ്പോള്‍ മോദി സിംബോളിസത്തില്‍ വിശ്വസിക്കുന്നില്ല, അല്ലേ? അപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഷാളും സാരിയും കൈമാറിയതിനെ എന്താണ് വിളിക്കേണ്ടത്? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടനെ വാരണാസിയില്‍ ഗംഗാ നദിക്കരയില്‍ അദ്ദേഹം നടത്തിയ ‘പൂജ’യെ എങ്ങനെയാണ് വിളിക്കേണ്ടത്? കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ വാരിച്ചുറ്റിയ കാവിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? ചന്ദനമുട്ടികള്‍ ഉള്‍പ്പെടെ അവിടെ അര്‍പ്പിച്ചതിന്റെ കാരണമെന്തായിരുന്നു?
തീര്‍ന്നിട്ടില്ല, വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയെ കാണാന്‍ ടി.വി ക്യാമറകളുടെ അകമ്പടിയോടെ പോയതിനെ കുറിച്ച് എന്തു പറയും? ബി.ജെ.പിയിലെ എം.പിമാരും മറ്റ് നേതാക്കളുമൊക്കെ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ മോദി മാത്രം ഉയര്‍ന്ന കസേരയിലും ബാക്കിയുള്ളവര്‍ താഴേയും ഇരിക്കുന്നതിനു പിന്നില്‍ സിംബോളിസം ഇല്ലേ? കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി താങ്കളെ ‘മരണത്തിന്റെ വ്യാപാരി’ (Maut Ka Saudagar) എന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിടെ താങ്കള്‍ ഒരു രൂപാ നാണയം ഉയര്‍ത്തിക്കാട്ടി അതിന്റെ ഒരു ഭാഗത്ത് കുരിശ് പോലുള്ള ചിഹ്‌നമുണ്ടെന്ന് പ്രസംഗിച്ചിരുന്നു. അത് ഏത് വിഭാഗത്തില്‍ വരും? ഈദുല്‍ ഫിതറിനോട് അനുബന്ധിച്ച് താങ്കളുടെ സര്‍ക്കാര്‍ ഇ-കാര്‍ഡ് മത്സരം സംഘടിപ്പിച്ചത് എന്തിനായിരുന്നു?
അപ്പോള്‍, മോദിയുടെ സിംബോളിസം എവിടെയാണ് തുടങ്ങുന്നതും എവിടെയാണ് അവസാനിക്കുന്നതും?
തന്റെ ഇഷ്ടബിംബമായി കൊണ്ടുനടക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ വാക്കുകളെങ്കിലും മോദി ഓര്‍ത്താല്‍ നന്ന്. പ്രശസ്ത കോളമിസ്റ്റായ ആകാര്‍ പട്ടേല്‍ ‘ദി മിന്റ്’ ദിനപത്രത്തില്‍ പട്ടേലിനെ ഉദ്ധരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഭൂരിപക്ഷ സമുദായത്തിനും ഭൂരിപക്ഷ സമുദായത്തിന്റെ സദുദ്ദേശത്തിനും സദ്ഭാവനയ്ക്കും മേല്‍ ന്യൂനപക്ഷ സമുദായങ്ങള്‍ വിശ്വാസമര്‍പ്പിക്കുക എന്നതിനേക്കാള്‍ നല്ലതായി ന്യൂനപക്ഷങ്ങള്‍ക്ക് മറ്റൊന്നുമില്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെടുന്ന നമ്മെ സംബന്ധിച്ചിടത്തോളം, ന്യൂനപക്ഷങ്ങള്‍ക്ക് അത് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നും, ഇന്ന്‍ അവരെ കൈകാര്യം ചെയ്യുന്നതു പോലെ, നാം കൈകാര്യം ചെയ്യപ്പെടുന്നു എങ്കില്‍ നമുക്കത് എങ്ങനെ അനുഭവപ്പെടും എന്നതാണ് നാം നമ്മുടെ ആലോചിക്കേണ്ടത്.
താങ്കള്‍ ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ല, വിവിധ മതസ്ഥരും ജാതികളുമൊക്കെ ഒട്ടൊക്കെ സഹവര്‍ത്തിത്തത്തോടെ കഴിയുന്ന ഒരു ജനാധിപത്യ സമൂഹത്തെ ഭരിക്കുന്ന പ്രധാനമന്ത്രിയാണ്. ആ സമൂഹത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ചുമതലയാണ്. ഇഫ്താര്‍ എന്ന വിരുന്ന് പ്രധാനമന്ത്രി സംഘടിപ്പിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. രാജ്യത്തിന്റെ ഖജനാവില്‍ ആ പണം ലാഭമാകും എന്നു കരുതാം. പക്ഷേ, പരസ്പര വിശ്വാസവും സഹിഷ്ണുതയും പതിയെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഭരണാധികാരികള്‍ കാണിക്കേണ്ട ചില ഉത്തമ മാതൃകകളുണ്ട്. അതിലൊന്നാണ് സിംബോളിസമെന്ന് വിളിച്ച് തള്ളിക്കളയുന്ന കാര്യങ്ങളെന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി മറക്കരുത്.
This post was last modified on July 3, 2016 1:56 pm
Leave a Comment