X

അപക്വ ജൂറി മോഹവലയം ‘കണ്ടില്ല’-ജോയ് മാത്യു

ജോയ് മാത്യു/എം കെ രാമദാസ് 

‘നടനെന്ന നിലയില്‍ പൂര്‍ണ സ്വാതന്ത്ര്യം അനുഭവിച്ച സിനിമയാണ് മോഹവലയമെന്ന് ജോയ് മാത്യു. സന്തോഷകരമായിരുന്നു മോഹവലയത്തിലെ അഭിനയം. അതുകൊണ്ട് തന്നെ അനായാസവും’. പ്രദര്‍ശനത്തിന് ഒരുങ്ങിയ ടിവി ചന്ദ്രന്റെ മോഹവലയത്തിലെ പ്രധാന കഥാപാത്രമായ ജോസ് സെബാസ്റ്റ്യന് ജീവന്‍ നല്‍കിയ ജോയ് മാത്യു അഴിമുഖത്തോട് പറഞ്ഞു.

ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചലച്ചിത്രത്തിനുശേഷം ആത്മസംതൃപ്തിയോടെ അഭിനയിച്ച സിനിമയാണിത്. ജോണ്‍ ഉള്‍പ്പെടെയുള്ള സര്‍ഗ്ഗധനരായ ചലച്ചിത്രകാരന്‍മാരുടെ ആത്മാംശം ഉള്‍ക്കൊള്ളുന്ന കഥാപാത്രമാണ് ജോസ് സെബാസ്റ്റ്യന്റേത്. പ്രതിഭാധനരായ ചലച്ചിത്രകാരന്‍മാരുടെ അരാജകജീവിത ചിത്രം ഈ കഥാപാത്രം ഉള്‍ക്കൊള്ളുന്നുണ്ട്. ബഹറിനിലെ ജീവിതത്തിന് ഇടയില്‍ കണ്ടുമുട്ടുന്ന പ്രമീളയെന്ന ഡാന്‍സ് ബാര്‍ നര്‍ത്തകിയുമായുള്ള ആത്മബന്ധമാണ് പ്രമേയം. കലാകാരന്റെ ആത്മസംഘര്‍ഷം കൂടിയാണ് സിനിമയിലെ പ്രതിപാദ്യം.

പ്രമീളയുമായുള്ള അസാധാരണ ബന്ധം സൃഷ്ടിക്കുന്ന ആകുലതകളും പ്രതിസന്ധികളുമാണ് മോഹവലയത്തില്‍ ആവിഷ്‌കരിക്കുന്നത്. സംവിധായകന്റെ ജീവിതാംശം കൂടി ഉള്‍ച്ചേര്‍ന്നതാണ് ജോസ് എന്ന കഥാപാത്രം. മാസ്റ്റര്‍ ക്രാഫ്റ്റാണ് മോഹവലയം. ലാന്‍ഡ്മാര്‍ക്കാണ് ഈ കഥാപാത്രം. 35 വര്‍ഷത്തെ വ്യക്തിപരമായ ദീര്‍ഘ ബന്ധത്തിന് ഒടുവിലാണ് ടിവി ചന്ദ്രനുമൊത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. വേറിട്ട ശൈലിയില്‍ സിനിമ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ ടിവി ചന്ദ്രന്റെ വ്യത്യസ്ത സൃഷ്ടിയാണ് മോഹവലയം.

പരമ്പരാഗത ജൂറി വിലയിരുത്തലിന് മടിക്കുന്ന ചിത്രം കൂടിയാണിത്. അപക്വമായാണ് മോഹവലയത്തെ ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ സമിതി വിലയിരുത്തിയത്. സിനിമയില്‍ സജീവമല്ലാത്തവരുടെ വേദിയാണ് സമിതി. സമിതി അധ്യക്ഷന് കഴിഞ്ഞ 20 വര്‍ഷങ്ങളായി സിനിമയുമായി ബന്ധമില്ല. സമിതി അംഗങ്ങളും ഇതേ നിലവാരത്തിലുള്ളവരാണ്. കലാമൂല്യമുള്ള സിനിമകള്‍ വിലയിരുത്താന്‍ വിദഗ്ദ്ധരെ നിയോഗിക്കണം. മികച്ച കച്ചവട സിനിമ കണ്ടെത്താന്‍ ഇപ്പോഴുള്ള ജൂറി മതിയാകും, ജോയ് മാത്യു പറഞ്ഞു. കച്ചവട സിനിമയ്ക്ക് പണത്തിന്റെ പിന്തുണ ആവശ്യമില്ലാത്തതു കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാര തുക വര്‍ദ്ധിപ്പിക്കണം.

ചലച്ചിത്രങ്ങളിലെ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരേയാണ് മികച്ച നടീനടന്മാരെ കണ്ടെത്തുന്നതിന് പരിഗണിക്കുന്നത്. നാലോ അഞ്ചോ മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള സാന്നിദ്ധ്യം കൊണ്ട് ഒരു സിനിമയെ നിര്‍ണയിക്കുന്ന കലാകാരന്‍മാരെ പുരസ്‌കാരത്തിന് പരിഗണിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ജോയ് കൂട്ടിച്ചേര്‍ത്തു.

This post was last modified on March 10, 2016 11:19 am