X

വിമാനയാത്രയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നീക്കം

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരന്റെ ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ആവശ്യപ്പെടും

സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് കൂടുതല്‍ മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഇനിമുതല്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളില്‍ സഞ്ചരിക്കുന്നതിനും ആധാറോ പാസ്‌പോര്‍ട്ടോ നിര്‍ബന്ധിതമാക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്, വരുന്ന രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തീരുമാനം പ്രാവര്‍ത്തികമാക്കും.

യാത്ര നിരോധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളെ നാല് തട്ടുകളായി തിരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന് യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധിതമാണന്നും ആണ് വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാവും ഓരോ തട്ടുകളിലും ആളുകളെ ഉള്‍പ്പെടുത്തുക. ഓരോ തട്ടിലുള്ള യാത്രക്കാര്‍ക്കും വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്നതിന് വ്യത്യസ്ത സമയങ്ങളും നിശ്ചയിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാരന്റെ ആധാര്‍ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ആവശ്യപ്പെടും. ഇതു സംബന്ധിച്ച കരട് വ്യോമയാന ആവശ്യകതകള്‍ (സിഎആര്‍) അടുത്ത ആഴ്ചയോടെ പുറത്തിറക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തെ സാവകാശം ലഭിക്കും. അതോടെ ജൂണ്‍ ജൂലൈയോടെ തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നതിനാല്‍ വിദേശ യാത്രക്കാരുടെ തിരിച്ചറിയല്‍ രൂപരേഖകള്‍ ഇതിനകം തന്നെ ലഭ്യമാണ്. ഇത് ആഭ്യന്തര വിമാന സഞ്ചാരികളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

കുറ്റകൃത്യങ്ങളുടെ നിലവാരം തിട്ടപ്പെടുത്തുന്നതിനും ഏതൊക്കെ കുറ്റകൃത്യങ്ങള്‍ക്കാണ് യാത്ര നിരോധനം ഏര്‍പ്പെടുത്തേണ്ടത് എന്നതിനെ കുറിച്ചും സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെങ്കിലും വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം നിലവില്‍ തന്നെ ഇങ്ങനെ ഒരു സംവിധാനം പ്രവര്‍ത്തന സജ്ജമാണ്. നിയമം ലംഘിക്കുന്ന യാത്രക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും എന്ത് നടപടിയാണ് അവര്‍ക്കെതിരെ സ്വീകരിക്കേണ്ടതെന്നും സംബന്ധിച്ച വ്യക്തമായ ചട്ടങ്ങള്‍ വിമാനകമ്പനികള്‍ക്കുണ്ട്.

എന്നാല്‍ പുതിയ നീക്കങ്ങള്‍ക്കിടയിലും വിമാന ജീവനക്കാരെ ആക്രമിച്ച ശിവസേന എംപി രവീന്ദ്ര ഗേക്ക്വാദിന് ഏര്‍പ്പെടുത്തിയ യാത്ര നിരോധനം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യയുടെയും മറ്റ് കമ്പനികളുടെയും മേല്‍ സമ്മര്‍ദം ചെലുത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയം രൂക്ഷവിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഗേക്ക്വാദിനെതിരെ എയര്‍ ഇന്ത്യയും മര്‍ദ്ദനമേറ്റ ജീവനക്കാരനും മൂന്ന് പരാതികള്‍ സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാത്ത ഡല്‍ഹി പോലീസിന്റെ അനാസ്ഥയെ വിമര്‍ശിക്കാനാണ് മന്ത്രാലയം തയ്യാറായത്.

ആരെയും അനിശ്ചിതമായി യാത്ര ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാന്‍ വ്യോമയാന നിയമങ്ങളില്‍ വകുപ്പില്ലെന്നാണ് വിശദീകരണം. ഗേയ്ക്ക്വാദ് കോടതിയെ സമീപിച്ചാല്‍ അദ്ദേഹത്തിന്റെ നിരോധനം നീക്കി കിട്ടുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. വ്യോമയാന വിഭാഗം ഒരു നിയമം നടപ്പിലാക്കല്‍ ഏജന്‍സി അല്ലെന്നും ഇക്കാര്യത്തില്‍ പോലീസാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഏതൊക്കെ കുറ്റം ചെയ്യുന്നവരെയാണ് യാത്ര ചെയ്യുന്നതില്‍ നിന്നും തടയേണ്ടത് എന്നതിനെ കുറിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി വ്യോമയാന മന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗേയ്ക്ക്വാദ് വിവാദമാണ് അടിയന്തിരമായ നടപടികളിലേക്ക് നീങ്ങാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.