X

ബിജു മേനോന്റെ ആനക്കള്ളന്‍ തിയേറ്ററുകളിലേക്ക്

ആനക്കള്ളനിലെ കഥാപാത്രം കള്ളനാണോ നിരപരാധിയാണോ എന്ന് പറയുമ്പോഴാണ് ചിത്രത്തിലെ വ്യത്യസ്തത പ്രേക്ഷകന് മനസിലാകുന്നതെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു.

ഏത് കഥാപാത്രത്തിലെത്തിയാലും ബിജു മേനോനെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. റോമന്‍സിലെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെയും വിജയിച്ച കള്ളന്‍ വേഷത്തിനുശേഷം ബിജുമേനോന്‍ ആനക്കള്ളനിലൂടെ കള്ളന്‍ പവിത്രനായി എത്തുന്നു.ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തും.

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ഉദയകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.

കള്ളന്‍ പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ആനക്കള്ളനില്‍ അവതരിപ്പിക്കുന്നത്. ആനക്കള്ളനിലെ കഥാപാത്രം കള്ളനാണോ നിരപരാധിയാണോ എന്ന് പറയുമ്പോഴാണ് ചിത്രത്തിലെ വ്യത്യസ്തത പ്രേക്ഷകന് മനസിലാകുന്നതെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു. സാഹചര്യം കൊണ്ട് കള്ളനാകാം , കള്ളനാക്കപ്പെടാം എന്നാല്‍ ചിത്രത്തില്‍ ഒരു കള്ളനുണ്ട് ആ കള്ളനെത്തേടിയുള്ള യാത്രയാണ് ആനക്കള്ളന്‍ എന്ന് ഉദയകൃഷ്ണ കൂട്ടി ചേര്‍ത്തു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഷൂട്ടിംഗ്.

ജീവിത സാഹചര്യങ്ങള്‍കൊണ്ട് കള്ളനകേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. പോലിസ് തൊപ്പിയിട്ട് കയ്യില്‍ ലാത്തിയുമായി ഗൗരവത്തോടെ മീശയും പിരിച്ചു നില്‍ക്കുന്ന ആനക്കള്ളന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ രൂപം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.

അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കരന്തൂര്‍, കോസ്റ്റ്യും അരുണ്‍ മനോഹര്‍.

This post was last modified on October 17, 2018 11:30 pm