X

തദ്ദേശിയര്‍ക്ക് എന്തുകൊണ്ട് വിഭവങ്ങളില്‍ അവകാശം വേണമെന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്

ടൂറിസവും ആഗോളമൂലധനവും 'വികസനവും' കുമ്പളങ്ങിയിലെ ജീവിതങ്ങള്‍ക്ക് കായലില്‍ നിയന്ത്രണങ്ങളേ ഏര്‍പ്പെടുത്തുന്നില്ല

കുമ്പളങ്ങി നൈറ്റ്‌സ് തദ്ദേശിയരുടെ വിഭവാധികാരത്തിന്റെ രാഷ്ട്രീയം അടിവരയിടുന്നുണ്ട്. വളരെ സ്വാഭാവികമായ ഒരു പ്രക്രിയ കൂടിയാണത്. മത്സ്യത്തോഴിലാളിക്ക് എന്തൊകൊണ്ട് കായലിലും കടലിലും തീരങ്ങളിലും അവകാശം വേണമെന്ന, ആദിവാസികള്‍ക്കും ദളിതര്‍ക്കും ഇതര ഭൂരഹിതരാക്കും എന്തുകൊണ്ട് ഭൂമിയിലും വനത്തിലും വിഭവങ്ങളിലും അധികാരവും ഉടമസ്ഥതയും വേണമെന്ന, തദ്ദേശിയര്‍ക്ക് എന്തുകൊണ്ട് വിഭവങ്ങളില്‍ അവകാശം വേണമെന്ന ആവശ്യത്തിന്റെ ഉത്തരം കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്.

അനാഥത്വം സൃഷ്ടിച്ച ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നും ഏകാന്തതയില്‍ നിന്നും ജീവിതം പടുത്തുയര്‍ത്താന്‍ സജി ഇറങ്ങുന്നത് കായലിന്റെ വിശാലതയിലേക്കാണ്. സജിയെ പോലെ ഒരു മനുഷ്യന് തന്നെ അറിയുന്ന താന്‍ അറിയുന്ന ആവാസവ്യവസ്ഥയിലേക്കല്ലാതെ എവിടേക്കാണ് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നത്. സ്‌കൂളിലേക്ക് തിരിച്ചു പോകുമ്പോള്‍ ഫ്രാങ്കിയ്ക്ക് കുപ്പായം വാങ്ങിക്കൊടുക്കാന്‍ പണം കണ്ടെത്താന്‍ ബോണിയ്ക്ക് കായലല്ലാതെ മറ്റൊന്നും ആലോചിക്കേണ്ടതായി വരുന്നതേയില്ല, പരിമിതമാണെങ്കില്‍ കൂടി.

ബോബിയ്ക്കും ബേബിയ്ക്കും പ്രണയത്തിന്റെ സാക്ഷാല്‍ക്കാരം മാത്രമല്ല ആ കായല്‍ത്തുരുത്തും കായലും; ജീവിതത്തെ മെനെഞ്ഞെടുക്കാനുള്ള ഉപാധികൂടിയാണ്. പ്ലാസ്റ്റിക് കുപ്പി ഇവിടെ ഇടെരുതെന്ന ബേബിയുടെ പാരിസ്ഥിതിക ബോധ്യത്തിലുള്ളത് ജീവിതത്തിന്റെയും അതിജീവനത്തിന്റെയും സാധ്യതകള്‍ കിടക്കുന്നത് അവിടെയാണ് എന്നുള്ളത് കൊണ്ട് കൂടിയാണ്. അത് കേവലം കായല്‍ തീരത്തുള്ള വീട്ടിലെ ‘ഹോം സ്റ്റേ’ കൊണ്ട് മാത്രമല്ല. ‘നിനക്ക് നന്നായി മീന്‍ പിടിക്കാന്‍ അറിയാമല്ലോ, മീന്‍ പിടിക്കാന്‍ പൊയ്ക്കൂടേ’ എന്നു ബേബി ബോബിയോട് പറയുന്നതിലുണ്ട് അവളുടെ ജീവിത കാഴ്ചപ്പാടുകള്‍. മത്സ്യത്തോഴിലാളികളുടെ മക്കള്‍ മീന്‍ പിടിക്കാന്‍ പോയാല്‍ മതി എന്ന സവര്‍ണ്ണ ബോധ്യമല്ല അതിലുള്ളത്; ഡോക്ടറും, എന്‍ജിനീയറും, അധ്യാപകനും, ക്ലര്‍ക്കും, പീയൂണും, ആഗോളമൂലധനം സൃഷ്ടിച്ച തൊഴിലുകളും നേടാന്‍ കഴിയാത്തവര്‍ക്ക്, നിങ്ങളുടെ മത്സരങ്ങളില്‍ തോറ്റുപോയവര്‍ക്ക് ആര്‍ജ്ജിച്ച തൊഴില്‍ അന്തസ്സുള്ള ജീവിതമാര്‍ഗ്ഗമാണെന്നും അത് ഒട്ടും കുറഞ്ഞതല്ലെന്നുമുള്ള ബോധ്യവും ആത്മവിശ്വാസവുമാണ് ബേബിയെ അങ്ങനെ പറയിപ്പിക്കുന്നത്. തൂവാനത്തുമ്പികളില്‍ മേനോനായ ജയകൃഷ്ണന്‍ തന്നെ കല്യാണം കഴിക്കട്ടെ എന്നു ചോദിക്കുമ്പോള്‍ സവര്‍ണ്ണ പുരുഷ ശരീരത്തില്‍ നിന്നു രക്ഷപെടുന്നതിനു ഞങ്ങളുടെ ആണുങ്ങളെ പോലെ കടലില്‍ പോകാന്‍ കഴിയുമോ എന്നു ചോദിക്കുന്ന ക്ലാരയുടെ ചോദ്യത്തെക്കാള്‍ ആഴവും പരപ്പുമുണ്ട് ബേബിയുടെ ഈ ജീവിത കാഴ്ചപ്പാടുകള്‍ക്ക്. ബുദ്ധിപൂര്‍വ്വം, കൗശലത്തോടെ മീന്‍ പിടിക്കുന്ന ബോബി ബുദ്ധിമാന്‍ ആണെന്ന് അവള്‍ തിരിച്ചറിയുന്നുണ്ട്. ബോബി നല്ല ബുദ്ധി ഉള്ളവനാണെന്ന് അവള്‍ വീട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രഖ്യാപനത്തെ സാധൂകരിക്കുന്ന മറ്റൊരു സംഭവങ്ങളോ അനുഭവങ്ങളോ അതില്‍ വേറെ ഇല്ലതാനും. നമ്മുടെ ശാസ്ത്രലോകവും ശാസ്ത്രവും എപ്പോഴെങ്കിലും മത്സ്യതൊഴിലാളികളുടെ പരമ്പരാഗത അറിവുകളെയും ജ്ഞാനത്തെയും പരിഗണിച്ചിട്ടുണ്ടോ? അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ടോ?

മദ്യപാനത്തിനു പൈസ കണ്ടെത്താന്‍, വീടിന്റെ സംഘര്‍ഷാവസ്ഥയില്‍ നിന്ന് മാറി ‘കിടക്കാന്‍’, അപ്പന്റെ ഓര്‍മ്മയ്ക്ക് ഒത്തുകൂടാന്‍, വിവര്‍ത്തനം ചെയ്യാന്‍ കഴിയാത്ത ജീവിതാവസ്ഥളെ മറികടക്കാന്‍, ആഘോഷിക്കാന്‍ അവര്‍ ഇറങ്ങി പോകുന്നത് കായലിലേക്കാണ്.. ബോണിയുടെ നൃത്തവും പ്രണയവും മാത്രമല്ല ആ മനുഷ്യരുടെ മുഴുവന്‍ ജീവിതതാളവും കായലിനൊപ്പമാകുന്നത് ആ ആവാസ്ഥവ്യവസ്ഥ അതിന്റെ അവയവം പോലെ ആ മനുഷ്യരെ കൊരുത്തിടുന്നത് കൊണ്ടാണ്, തിരിച്ചും.

ടൂറിസവും ആഗോളമൂലധനവും ‘വികസനവും’ കുമ്പളങ്ങിയിലെ ജീവിതങ്ങള്‍ക്ക് കായലില്‍ നിയന്ത്രണങ്ങളേ ഏര്‍പ്പെടുത്തുന്നില്ല. ഉണ്ടെങ്കില്‍ നെപ്പോളിയന്മാരുടെ മക്കളുടെ അതീജീവനം എങ്ങനെയാണ് സാധ്യമാകുന്നത്? ആലോചിച്ച് നോക്കൂ, ആ മനുഷ്യര്‍ക്ക് കായലില്‍ ഇറങ്ങാന്‍ കഴിയുന്നില്ലായെങ്കില്‍, അവര്‍ക്ക് യാതൊരു അധികാരവും ഉടമസ്ഥതയും ഇല്ലായെങ്കില്‍, സ്വതന്ത്രമായി മീന്‍ പിടിക്കാനും വള്ളമിറക്കാനും കഴിയുന്നില്ലായെങ്കില്‍ ഈ ജീവിത പ്രതിസന്ധികളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും അനിശ്ചിതത്വങ്ങളില്‍ നിന്നും ഏകാന്തതകളില്‍ നിന്നും അവര്‍ എവിടേക്കാണ് പോകുന്നത്. ഒരു പക്ഷെ ആദിവാസികളെ പോലെ ഭൂമിയിലും വനത്തിലും അവകാശം ഇല്ലാതെ ചിതറപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്തതു പോലെ നെപ്പോളിയന്റെ മക്കളും ചിതറപ്പെട്ടേനെ.

പരമ്പരാഗത മത്സ്യത്തോഴിലാളികള്‍ക്ക് കായലിലും (ഭാഗികമായി) കടലിലും അവകാശമില്ല എന്നതാണ് ഇന്ന്, കുമ്പളങ്ങി നൈറ്റ്‌സ് ഇറങ്ങിയ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 80കള്‍ മുതല്‍ ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടും സമരം നടത്തിയിട്ടും അധികാരികള്‍ മത്സ്യത്തോഴിലാളികളെ പരിഗണിക്കുന്നതേയില്ല. അവരെ തീരങ്ങളില്‍ നിന്ന് കുടിയൊഴിപ്പിച്ച് കോളനി വല്‍ക്കരിക്കാനും, തീരം റിസോര്‍ട്ട്/വികന മാഫിയകള്‍ക്ക് തീറെഴുതാനും, പരമ്പരാഗത മത്സ്യബന്ധനത്തിനു നിയന്ത്രണം ഏര്‍പ്പെടുകയുമാണ് ഭരണകൂടം ചെയ്യുന്നത്.

അതുകൊണ്ട്, കുമ്പളങ്ങി നൈറ്റ്‌സ് മത്സ്യത്തൊഴിലാളികളുടെ കഥ മാത്രമല്ല, കായല്‍, വിഭവങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ, തദ്ദേശീയരുടെ ആണെന്ന ഉത്തമബോധ്യം തരുന്ന സിനിമ കൂടിയാണ്.

കെ സന്തോഷ് കുമാര്‍

മാധ്യമപ്രവര്‍ത്തകന്‍, സാമൂഹിക നിരീക്ഷകന്‍,

More Posts

This post was last modified on February 12, 2019 8:18 am