X

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകീട്ട് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്.

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം. കോയമ്പത്തൂരിലായിരുന്നു പഠനം. പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വെച്ച് സംഗീതരംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. ട്രിനിറ്റി കോളജ് ഓഫ് ലണ്ടന്റെ പാശ്ചാത്യ ക്ലാസിക്കൽ മ്യൂസിക് ടെസ്റ്റിൽ മികച്ച വിദ്യാർത്ഥിക്കുള്ള സമ്മാനം സ്വന്തമാക്കുകയുണ്ടായി ഇദ്ദേഹം.

എ ആർ റഹ്മാനോടൊപ്പം

ഗുണ സിങ്ങിന്റെ അസിസ്റ്റന്റായാണ് സിനിമാ സംഗീതത്തിലേക്ക് ബാലക‍ൃഷ്ണൻ എത്തിയത്. ഇളയരാജ അടക്കമുള്ള സംഗീത സംവിധായകർക്കു വേണ്ടി വെസ്റ്റേൺ ഫ്ലൂട്ട് വായിച്ചിരുന്നു ഇദ്ദേഹം. സിദ്ധീഖ് ലാൽ കൂട്ടുകെട്ടിന്റെ ആദ്യചിത്രമായ റാംജി റാവു സ്പീക്കിങ്ങിലൂടെയാണ് ബാലകൃഷ്ണൻ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. മൊഹബത്ത് എന്ന മലയാള സിനിമയിലാണ് അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ചത്. സിദ്ധീഖ് ലാലിനു വേണ്ടി നാല് ചിത്രങ്ങളിൽ സംഗീതം ചെയ്തു.

എആർ റഹ്മാൻ സ്ഥാപിച്ച സംഗീത വിദ്യാഭ്യാസ സ്ഥാപനമായ കെഎം മ്യൂസിക് കണ്‍സർവേറ്ററിയിൽ വെസ്റ്റേൺ ഫ്ലൂട്ട് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍.

This post was last modified on January 17, 2019 4:17 pm