X

സാമൂഹിക ശാസ്ത്രജ്ഞന്‍ എംഎസ്എസ് പാണ്ട്യന്‍ അന്തരിച്ചു

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫസറുമായ പ്രൊഫ: എംഎസ്എസ് പാണ്ട്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ചാണ് 53 കാരനായ പാണ്ട്യന്റെ അപ്രതീക്ഷിത ദേഹവിയോഗം ഉണ്ടായത്.

തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങള്‍, കീഴാള പഠനങ്ങള്‍, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയം, സിനിമ, ജാതി തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുള്ള പാണ്ട്യന്റെതായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ‘ദ ഇമേജ് ട്രാപ് – എം ജി രാമചന്ദ്രന്‍ ഇന്‍ ഫിലിംസ് ആന്റ് പൊളിറ്റിക്‌സ്,’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദ്രാവിഡ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ കുറിച്ചുമുള്ള ഏറ്റവും ആധികാരിക പഠനമായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.

ദീര്‍ഘകാലം മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്ന പാണ്ട്യന്‍ 2009-ലാണ് ജെഎന്‍യുവില്‍ ചേര്‍ന്നത്.

‘കീഴാള പഠനങ്ങളുടെ പൂര്‍വസൂരി എന്ന് തന്നെ പാണ്ട്യനെ വിശേഷിപ്പിക്കണം. ഇന്ത്യയുടെ കാര്‍ഷിക സാമ്പത്തിക രംഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് പുതിയ വാതായനങ്ങള്‍ തുറക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.’ പ്രമുഖ തമിഴ് സിനിമ ചരിത്രകാരനായ എസ് തിയോഡര്‍ ഭാസ്‌കരന്‍ അനുസ്മരിച്ചു.

ഭാര്യ എസ് ആനന്ദി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഒരു മകള്‍ ഉണ്ട്.

This post was last modified on November 11, 2014 12:00 pm