X

യുഡിഎഫ് സമരത്തിന് പിന്നില്‍ മാനേജ്മെന്‍റ് ലോബി, എഐഎസ്എഫ് സമരത്തെ ഇതുമായി കൂട്ടിക്കെട്ടേണ്ട: മുഹമ്മദ് മുഹ്‌സിന്‍

മുഹമ്മദ്‌ മുഹ്സിന്‍ എംഎല്‍എ

കാലങ്ങളായി തീരാത്ത ഒരു വിഷയമാണ്‌ സ്വാശ്രയ പ്രശ്നം. മാനേജുമെന്റ്കള്‍ അവര്‍ക്ക് തോന്നുന്നപോലെ ഫീസ്‌ വര്‍ദ്ധിപ്പിക്കും, തലവരി പണം തോന്നുന്നത് പോലെ വാങ്ങും. ഇങ്ങനെയൊക്കെയാണ് സ്ഥിരം നടക്കാറ്. എന്നൊക്കെ അവരെ തടയാന്‍ നോക്കുന്നോ അപ്പോഴൊക്കെ അവര്‍ കോടതിയില്‍ പോയി വിധി അനുകൂലമായി നേടുകയും സര്‍ക്കാരിന് ഇടപെടാന്‍ കഴിയാത്ത തരത്തില്‍ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ ഇപ്രാവശ്യം അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ വളരെ നേരത്തെ തന്നെ മെറിറ്റ്‌ സീറ്റില്‍ പൂര്‍ണ്ണമായും അഡ്മിഷന്‍ നടത്താനും പ്രശ്നങ്ങള്‍ ഇല്ലാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഉള്ള സൗകര്യം ഒരുക്കുവാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

എന്നാല്‍ ഹൈക്കോടതിയില്‍ പോയി മാനേജ്മെന്റ്  അനുകൂല വിധി വാങ്ങി. അവരുടെ സ്വന്തം നിലയില്‍ അഡ്മിഷന്‍ നടത്താനുള്ള അധികാരം മാനേജ്മെന്റിന് നല്‍കി കോടതി വിധി പറഞ്ഞു. എന്നാല്‍ വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ ഇരുപതോളം കോളേജുകളെ കരാറില്‍ ഒപ്പ് വെയ്പ്പിച്ച് തലവരി പണം കൊടുക്കാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഉള്ള സൌകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അത് ഒരു വലിയ വിജയമാണ്.

ഈ വിഷയത്തില്‍ ശരിയും തെറ്റും ഉണ്ട്. അത് എന്താണ് എന്ന് നോക്കാം. നിലവില്‍ തലവരിപ്പണം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കാതെ നടക്കില്ല എന്നുള്ള ഒരു അവസ്ഥ വന്നു. അപ്പോള്‍ സര്‍ക്കാര്‍ ഫീസ്‌ കൂട്ടി. എന്നാല്‍ അവിടെയും സര്‍ക്കാര്‍ ദ്രോഹമല്ല കാട്ടിയത്. അമ്പതു ശതമാനം സീറ്റ് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിഞ്ഞു. കൃത്യമായ സമയത്ത് അഡ്മിഷന്‍ നടത്താന്‍ കഴിഞ്ഞു. പൂര്‍ണമായും തലവരിപ്പണം ഒഴിവാക്കി, കോഴ വാങ്ങാന്‍ കാത്തിരിക്കുന്ന സകല മാനേജുമെന്റ്കള്‍ക്കും തിരിച്ചടി നല്‍കി. ഇതെല്ലം സര്‍ക്കാരിന്റെ നല്ല ചെയ്തികള്‍ ആണ്.

പ്രധാനമായും സര്‍ക്കാരിന്റെ അമ്പത് ശതമാനം സീറ്റുകളില്‍ ഇരുപത് ശതമാനം കുട്ടികള്‍ക്ക് പഴയ ഫീസ്‌ തന്നെയാണ്. അതായത് ഇരുപത്തിയയ്യായിരം രൂപ. എന്നാല്‍ ഇരുപത്തിയയ്യായിരം ഫീസ്‌ നല്‍കി പഠിക്കുന്ന കുട്ടികളുടെ എണ്ണവും കൂടി. അതിന് പുറമേ അഞ്ച് ശതമാനം കുട്ടികളെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. ഇത് രണ്ടു ലക്ഷം രൂപ ഫീസ്‌ വാങ്ങി പഠിപ്പിച്ചു കൊണ്ടിരുന്ന സീറ്റാണ്. പക്ഷെ ഇപ്പോള്‍ അതിന്‍റെ ഫീസ്‌ സര്‍ക്കാര്‍ തന്നെയാണ് അടയ്ക്കുന്നത്. അപ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം സീറ്റില്‍ സര്‍ക്കാരിന് കുട്ടികളെ തുശ്ചമായ ഫീസില്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു. പിന്നെയുള്ള ഇരുപത്തിയഞ്ച് ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയാണ് വാങ്ങുന്നത്. ആ ഫീസും കൂടി കുറയ്ക്കണം എന്നുള്ളതാണ് എഐഎസ്എഫിന്‍റെ നിലപാട്. അതുകൂടി ശരിയാക്കേണ്ടത്‌  അത്യാവശ്യമാണ്. കാരണം അത്രയും പണം കൊടുക്കാന്‍ കഴിയാത്ത നിരവധി കുട്ടികള്‍ ഉണ്ട്. പക്ഷെ അത് കുറയ്ക്കുമ്പോള്‍ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ പോകും. നിലവില്‍ നടന്ന അഡ്മിഷന്‍ മുടങ്ങാന്‍ പാടില്ല. പഠനം മുടങ്ങാന്‍ പാടില്ല. ബാക്കി അമ്പത് ശതമാനം സീറ്റ് ഫീസ്‌ അടയ്ക്കാന്‍ തയ്യാറായിട്ടുള്ളവരുടെതാണ്. അത് മാനേജ്മെന്റ് സീറ്റാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനെ നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥയല്ല ഉള്ളത്. അടുത്ത വര്‍ഷം ആകുമ്പോഴേക്കും നിയമം മൂലം ഇതിനെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് കേരളം വിചാരിച്ചാല്‍ മാത്രം നടക്കുന്നതല്ല. എന്നിരുന്നാല്‍ പോലും കേന്ദ്ര സര്‍ക്കാരിനെ കൂടി കാര്യങ്ങള്‍ ബോധിപ്പിച്ച് സമഗ്രമായ ഒരു നിയമം കൊണ്ടു വരേണ്ടതുണ്ട്.

എന്ത് നിയന്ത്രണം കൊണ്ട് വന്നാലും മാനേജ്മെന്റ്കള്‍ക്ക് കോടതിയില്‍ പോയി വിധി അനുകൂലമാക്കി മാറ്റാന്‍ സാധിക്കുന്ന സ്ഥിതി മാറ്റി എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള സാഹചര്യം നമുക്ക് ഉണ്ടാകണം. അത് വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കും എന്നാണ് പ്രതീക്ഷ.

ഇനി മറ്റൊന്ന് യുഡിഎഫ് എന്തിന് സമരം നടത്തുന്നു എന്നുള്ളതാണ്. ഈ ഇരുപത്തിയഞ്ച് ശതമാനം കുട്ടികളുടെ കാര്യത്തില്‍ അല്ല അവര്‍ സമരം ചെയ്യുന്നത്. അവര്‍ ഫീസ്‌ കൂടി എന്ന് പറയുന്നത് സമരം നടത്താനുള്ള ഉള്ള കാരണം മാത്രമാണ്. തലവരിപ്പണം ഒഴിവാക്കി മുന്നൂറില്‍ അധികം സീറ്റുകളില്‍ ആണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞ ഫീസില്‍ പഠിക്കുന്നത്. അപ്പോള്‍ അത്രയും കോളേജുകള്‍ക്ക് തലവരിപ്പണം വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി.ഈ കരാറ് തന്നെ റദ്ദ് ചെയ്ത് മാനേജ്മെന്റുകളെ സഹായിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. ഇപ്പോള്‍ കോടതിയില്‍ നിന്നും മാനേജ്മെന്ഠുകള്‍ക്ക് അനുകൂലമായ വിധി ലഭിക്കും എന്നുള്ള ഒരു ആശയിലാണ് അവര്‍ നിരാഹാര സമരം നടത്തുന്നത്. മറ്റൊന്ന് യുഡിഎഫ് വളരെയേറെ തകര്‍ച്ചയിലാണ്. അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കുന്നില്ല. ഈ ഓണവും പെരുനാളും ഒക്കെ ആയപ്പോള്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിലെ ഏത് വീട്ടില്‍ പോയാലും അത് ഒരു വലിയ കാര്യമായാണ് പറയുന്നത്. പിന്നെ എല്ലാ പെന്‍ഷന്‍കാര്‍ക്കും കൃത്യമായി പെന്‍ഷന്‍ എത്തിക്കാന്‍’ കഴിഞ്ഞു. അത് ഏറ്റവും മികച്ച കാര്യമായി കേരള ജനത ഉയര്‍ത്തിക്കാട്ടുന്നു. എല്ലാ മേഖലയിലും മാറ്റം വന്നിരിക്കുന്നു. കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ട് എന്നുള്ള തോന്നല്‍ ഉണ്ടായിരിക്കുന്നു. പ്രതിപക്ഷത്തിന് ഒരു വോയിസ് ഇല്ലാതായി ജനങ്ങള്‍ക്ക് മുന്നില്‍. അപ്പോള്‍ വീണു കിട്ടിയ ഈ അവസരം വെറും രാഷ്ട്രീയ സാധ്യതയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് യുഡിഎഫ്.

കൂത്തുപറമ്പിലെ രക്തസാക്ഷികളെ പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്. ആ രക്തസാക്ഷികളെ സൃഷ്ടിച്ചത് അവരാണ്. ഒരു ആത്മാര്‍ത്ഥതയും ഇല്ലാതെ മാനേജുമെന്റ്കള്‍ക്ക് കൂട്ട് നിന്നത് അവര്‍ തന്നെയാണ്. പെട്ടെന്നെങ്ങനെയാണ് ഇവര്‍ നേരെ തിരിഞ്ഞ് സംസാരിക്കുന്നത്? ഇതിന് പിന്നില്‍ മാനേജ്മെന്റ് ലോബി ഉണ്ട് എന്ന് നമ്മള്‍ മനസിലാക്കണം.

ഇപ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം സീറ്റില്‍ വാങ്ങുന്ന രണ്ടു ലക്ഷം രൂപയും കുറക്കണം, അതല്ലെങ്കില്‍ അത് അടയ്ക്കാന്‍ തക്കതിനുള്ള ലോണുകള്‍ അനുവദിക്കണം, പഠിച്ചു ജോലി കിട്ടിയതിന് ശേഷം അത് തിരികെ അടയ്ക്കാന്‍ ഉള്ള സംവിധാനം ഉണ്ടാക്കണം. കുട്ടികള്‍ കൊള്ളപ്പലിശയ്ക്ക് കടം വാങ്ങി, മാതാപിതാക്കള്‍ പലിശ അടയ്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാകരുത്. ഇതാണ് ഇക്കാര്യത്തില്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായം. സംഘടനയുടെ അഭിപ്രായം എന്ന് പറയുന്നത് ആ ഇരുപത്തിയഞ്ച് ശതമാനം സീറ്റില്‍ വാങ്ങുന്ന ഫീസ് കുറയ്ക്കണം എന്നുള്ളതാണ്. യുഡിഎഫ് നടത്തുന്ന സമരവും എഐഎസ്എഫ് നടത്തുന്ന സമരവും ഒരിക്കലും ഒന്നായി കണക്കാക്കാന്‍ കഴിയില്ല. യുഡിഎഫ് സമരം നടത്തുന്നത് കരാര്‍ തന്നെ ഒഴിവാക്കാനും മാനേജ്മെന്റ്കളെ സഹായിക്കാനും വേണ്ടിയാണ്. എഐഎസ്എഫ് ഒരിക്കലും അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചിട്ടില്ല. ന്യായമായ അവസ്ഥയില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൌകര്യം ഒരുക്കി കൊടുക്കണം എന്നത് മാത്രമാണ് എഐഎസ്എഫ് മുന്നോട്ട് വെക്കുന്ന ആവശ്യം.

എഐഎസ്എഫ് സഖാക്കളെ സ്വാശ്രയ മാനേജ്മെന്റ്കള്‍ക്ക് എതിരെ സമരം നടത്തിയതിന്റെ പേരില്‍ തല്ലിചതച്ചവരാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. ഒരു കാലഘട്ടത്തിലും സാധാരണക്കാരന്‍റെ മക്കള്‍ പഠിക്കുന്നതിനെ കുറിച്ചോ ഫീസ്‌ കുറയ്ക്കുന്നതിനെ കുറിച്ചോ അഭിപ്രായം പറയാത്ത ആളുകളാണ് ഇപ്പോള്‍ സമരത്തിന് എത്തിയിരിക്കുന്നത്. എഐഎസ്എഫിന്‍റെ സമരവും യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരവും തമ്മിലുള്ള വ്യത്യാസവും അതാണ്. എല്ലായ്പ്പോഴും വിദ്യാര്‍ഥി പക്ഷത്ത് നിന്ന് ചിന്തിക്കുന്ന ഒരു സംഘടന പണം കണ്ടു സമരം നടത്തുന്നവര്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് തോന്നുന്നുണ്ടോ?

യുഡിഎഫിന്‍റെ പല നേതാക്കള്‍ക്കും ഈ മാനേജ്മെന്റ് ലോബികളുമയി അടുത്ത ബന്ധമുണ്ട്. നേരിട്ട് തന്നെ കോളേജ് നടത്തുന്നവരും ഉണ്ട്. അവരെ സഹായിക്കാന്‍ മാത്രമാണ് സമരം നടത്തുന്നത്. അല്ലാതെ കുട്ടികളെ സഹായിക്കാന്‍ വേണ്ടിയല്ല.

പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണം, ഫീസില്ലാത്തതിന്റെ പേരില്‍ നല്ലതുപോലെ പഠിക്കുന്ന വിദ്യാര്‍ഥിയ്ക്ക് അവസരം നഷ്ടപ്പെടരുത്. അതാണ് എഐഎസ്എഫ് നിലപാട്.

നമുക്ക് ദേശിയ തലത്തില്‍ സ്വകാര്യ മാനേജ്മെനന്റുകളെ നിയന്ത്രിക്കാനുള്ള കൃത്യമായ ഒരു സംവിധാനം ഇല്ല എന്നതാണ് സത്യം. അതിന്‍റെ അഭാവം മൂലമാണ് മാനേജ്മെന്റുകള്‍ ഇത്രയും സ്വതന്ത്രമായി വിലസുന്നത്. മാത്രവുമല്ല സ്വകാര്യ കുത്തകകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോളിസി ആണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ ഒരു അവസ്ഥയില്‍  മാനേജ്മെന്റുകള്‍ കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങുന്നതില്‍ ഒരു അത്ഭുതവും വേണ്ട. കേന്ദ്ര ഗവണ്മെന്റ് പരമാവധി സാശ്രയ കോളേജുകള്‍ക്ക് സ്വയം ഭരണാനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ്. പരമാവധി സ്വകാര്യവല്‍ക്കരിക്കുക എന്നുള്ളതാണ് കേന്ദ്ര നയം. എല്ലാ അധികാരവും മാനേജുമെന്റുകളുടെ കൈകളില്‍ എത്തുകയാണ്, ഫീസ്‌ സ്വയം തീരുമാനിക്കാന്‍ അവര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുകയാണ്. മുന്‍പുണ്ടായിരുന്ന പല നിയമങ്ങളും കേന്ദ്രം എടുത്ത് കളഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ കൃത്യമായ ഒരു നിലപാട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടാകും. അപ്പോള്‍ കോടതികള്‍ നിയമം ആണല്ലോ നോക്കുന്നത്. മാത്രമല്ല പണമുള്ള മുതലാളിമാര്‍ നല്ല വക്കീലന്മാരെ ഏര്‍പ്പാടാക്കി കേസ് വാദിച്ച് ന്യായം അവരുടെ ഭാഗത്താണ് എന്ന് സ്ഥാപിക്കും. അതാണ് പലപ്പോഴും സംഭവിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തില്‍ കോടതി വിധി എതിരാകും എന്നാണ് കരുതിയത്. എന്നാല്‍ എതിരായില്ല. സംസ്ഥാന സര്‍ക്കാറിന്റെ കരാറിന്‍റെ ഭാഗമായി കൃത്യമായി തന്നെ അഡ്മിഷന്‍ നടക്കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇപ്പോള്‍ നടക്കുന്ന ഈ  സമരത്തെ പിന്തുണച്ച് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണം എങ്കില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും ഒരു തീരുമാനം വരണം, അല്ലെങ്കില്‍ ഈ സമരം പൊളിഞ്ഞു എന്ന് എല്ലാവരും അറിയും (ഇപ്പോഴും പൊളിഞ്ഞ സമരമാണ്). പരിയാരം മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തായാലും തീരുമാനം എടുക്കും എന്നാണ് ഇവര്‍ കരുതുന്നത്. അപ്പോള്‍ ഈ സമരം അവസാനിപ്പിക്കം എന്നാണ് ഇവരുടെ വിചാരം. അല്ലാതെ വേറെ വഴി ഇല്ലല്ലോ! അതായത് ഇത്രയും ബഹളം വെക്കുന്ന അവര്‍ക്ക് സമരം അവസാനിപ്പിക്കണം അപ്പോള്‍ എന്തെങ്കിലും ഒരു പോസിറ്റിവ് കാര്യം വേണം. അതിനാണ് പരിയാരത്തെ ഹൈലൈറ്റ് ചെയ്ത്’ കാണിക്കുന്നത്. പരിയാരവും മറ്റു സ്വാശ്രയ കോളേജുകളെ പോലെ തന്നെയാണ്. അപ്പോള്‍ അവിടെ മാത്രം ഫീസ്‌ ഇളവ് ചെയ്യുന്നത് എങ്ങനെയാണ്? അതൊന്നും ചിന്തിക്കാനുള്ള ബുദ്ധി യുഡിഎഫ് സമര നേതാക്കള്‍ക്ക് ഇല്ലേ എന്നാണ് എന്‍റെ ചോദ്യം!

ഭാവിയില്‍ എങ്കിലും വിദ്യര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൌകര്യത്തിന് മാനേജ്മെന്റ് ലോബികളെ നിയന്ത്രിച്ചാലെ മതിയാകു. ഇല്ലാത്ത പക്ഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഇവര്‍ തകര്‍ക്കും. അവര്‍ക്ക് എന്തും ചെയ്യാം ചെയ്യാം എന്നൊരു തോന്നല്‍ വര്‍ക്കുണ്ട്. അതിന് കഴിയുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ കൂടി ഉണ്ട് എന്നത് വേറൊരു സത്യം.

(മുഹമ്മദ് മുഹ്‌സിനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

This post was last modified on September 30, 2016 9:32 am