X

മുല്ലപ്പെരിയാര്‍; 142നെ ഇത്ര ഭയക്കേണ്ടതുണ്ടോ?

ജെ ബിന്ദുരാജ്

എനിക്ക് അമ്പത് വയസ്സ് പ്രായമായിരുന്നുവെങ്കില്‍ വള്ളക്കടവില്‍ ഞാന്‍ ഒരു വസ്തു പതിപ്പിച്ചു വാങ്ങാന്‍ അനുവാദം വാങ്ങി അവിടെ വീടു വച്ച് സുസുന്ദരമായി കഴിഞ്ഞേനെ,” ഒരു തൊണ്ണൂറുകാരന്‍ തന്നെ തിരുവനന്തപുരത്തെ ജവഹര്‍നഗറിലെ ഫ്ലാറ്റില്‍ സന്ദര്‍ശിക്കാനെത്തിയ മുന്‍ സുപ്രീം കോടതി ജഡ്ജിയോട് അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു. വള്ളക്കടവ് മുല്ലപ്പെരിയാര്‍ ഡാമിന് താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. ഡാം പൊട്ടുന്നപക്ഷം ആദ്യം അപകടത്തിലാകുന്ന പ്രദേശങ്ങളിലൊന്ന്. മരണത്തോടുള്ള കടുത്ത അഭിവാഞ്ഛ കൊണ്ടാണ് ആ വൃദ്ധന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്ന് കരുതുന്നവരുണ്ടെങ്കില്‍ തെറ്റി. തന്റെ മേല്‍നോട്ടത്തില്‍ 1979-നും 1981-നുമിടയില്‍ മൂന്നു ഘട്ടങ്ങളായി ബലപ്പെടുത്തിയ മുല്ലപ്പെരിയാര്‍ ഡാമിന് ഇന്നുള്ള പുതിയൊരു ഡാമിനേക്കാള്‍ ബലമുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തൊണ്ണൂറുകാരന്‍ ആ പ്രസ്താവന നടത്തിയത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട് അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി 2014-ല്‍ അന്തിമ വിധി പ്രഖ്യാപിച്ചപ്പോള്‍ ഒരുപക്ഷേ തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ടെലിവിഷന്‍ ക്യാമറകളില്‍ നിന്നുമൊക്കെ അകന്ന് കുടുംബത്തോടൊപ്പം കഴിയുന്ന ആ തൊണ്ണൂറുകാരന്റെ മുഖത്ത് ആശ്വാസകരമായ പുഞ്ചിരി വിടര്‍ന്നിരിക്കണം. ഹിരാക്കുഡ്, ഭക്രാനംഗല്‍ പോലുള്ള വമ്പന്‍ ഡാമുകളുടെ മേല്‍നോട്ടത്തിന് നെഹ്റൂവിയന്‍ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഇന്ന് തൊണ്ണൂറ്റിനാലു വയസ്സുള്ള ആ മലയാളി. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ മുന്‍ ചെയര്‍മാനായിരുന്ന ഡോക്ടര്‍ കെ സി തോമസ് ആണ് ആ വന്ദ്യവയോധികന്‍. സുപ്രീം കോടതി മുന്‍ ജഡ്ജിയാകട്ടെ ജസ്റ്റിസ് കെ ടി തോമസും.

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ കേരളത്തിന്റെ പ്രതിനിധിയെന്ന നിലയ്ക്കാണ് കെ സി തോമസിനെ കാണാന്‍ കെ ടി തോമസ് എത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെപ്പറ്റി പഠിക്കാന്‍ നിയുക്തനായ ജസ്റ്റിസ് തോമസ് ചില മുന്‍ ധാരണകളോടെയാണ് 1979-ല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപ്പെടുത്തലിന് മേല്‍നോട്ടം വഹിച്ച തോമസിനെ കണ്ടത്. ആദ്യമൊന്നും കെ സി തോമസ് ജസ്റ്റിസ് കെ ടി തോമസിനെ കാണാന്‍ കൂട്ടാക്കിയതേയില്ല. ഒടുവില്‍ അക്ഷരാര്‍ത്ഥത്തില്‍ കെഞ്ചി അപേക്ഷിച്ചതിനെ തുടര്‍ന്നാണ് വന്നു കണ്ടോളാന്‍ അദ്ദേഹം മുന്‍ ജഡ്ജിക്ക് അനുവാദം നല്‍കുന്നത്. അതുവരേക്കും 119 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പ്രതികൂല സാഹചര്യങ്ങളില്‍ പൊട്ടാനിടയുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ജസ്റ്റിസ് തോമസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം സമചിത്തതയോടെ രേഖകളുടെ ബലത്തില്‍ കെ സി തോമസ് നല്‍കിയ ഉത്തരങ്ങളാണ് ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റിയുള്ള സര്‍വ ആശങ്കകളും ഉപേക്ഷിക്കാന്‍ ജസ്റ്റിസ് തോമസിനെ നിര്‍ബന്ധിതനാക്കിയത്. ”ഡാം പൊട്ടുമെന്ന് നിരന്തരം പ്രചരിപ്പിച്ചിരുന്ന കേരളം ഒരിക്കല്‍പോലും കെ സി തോമസിന്റെ നേതൃത്വത്തില്‍ നടന്ന സമഗ്രമായ ഡാം ബലപ്പെടുത്തല്‍ പ്രക്രിയയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേരളത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ജനങ്ങളെ സര്‍ക്കാര്‍ ഭീതിയിലാഴ്ത്തുകയാണ്. ഡാമിന്റെ ബലപ്പെടുത്തല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ കേരളത്തില്‍ കാണുന്നപോലാരു ഭീതി പടര്‍ന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല,” ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി 1979ലും എണ്‍പതിലും എണ്‍പത്തിയൊന്നിലും കെ സി തോമസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഡാം ബലപ്പെടുത്തല്‍ മുല്ലപ്പെരിയാറിനെ ഒരു പുതിയ ഡാമിനേക്കാള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് കെ ടി തോമസിന്റെ പക്ഷം.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലേക്ക് ജസ്റ്റിസ് കെ ടി തോമസിന്റെ പേര് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് സുപ്രീം കോടതി ജഡ്ജിയായിരുന്ന ഒരാള്‍ കേരളത്തിന്റെ പ്രതിനിധിയായി ഉന്നതാധികാര സമിതിയില്‍ ഉണ്ടാകുമ്പോള്‍ ലഭിക്കുന്ന മേല്‍ക്കൈയും മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദഗതികള്‍ അദ്ദേഹം ശക്തമായി സമിതിയില്‍ അവതരിപ്പിക്കുകയുമൊക്കെ ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു. എന്‍ കെ പ്രേമചന്ദ്രന്‍ മുന്‍ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തില്‍ ആ ശ്രമത്തില്‍ അദ്ദേഹം ഏതാണ്ട് വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഡോക്ടര്‍ കെ സി തോമസിന്റെ വീട്ടിലേക്ക് നടത്തിയ സന്ദര്‍ശനം ജസ്റ്റിസ് തോമസിന്റെ ചിന്തകളെ അടിമുടി മാറ്റിയെഴുതി.

മാറിയ ആ മനോഭാവമാണ് 2014-ല്‍ കെ ടി തോമസിലൂടെ സുപ്രീം കോടതി എംപവേര്‍ഡ് കമ്മിറ്റിയുടെ മുന്നിലെത്തിയത്. സുപ്രീം കോടതി അത് അംഗീകരിച്ചു. മാത്രവുമല്ല 2006-ലെ വിധി അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി വിശദമായി പ്രതിപാദിച്ചിരുന്നതിനാലും അന്ന് കേരളം നിരത്തിയ പല വാദങ്ങളും (മുല്ലപ്പെരിയാറിലെ ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണക്കെട്ടിന് ശേഷിയുണ്ടെന്ന് 2006 ജൂലൈ മാസത്തിലെ മഴയുടെ കണക്കു നോക്കി കേരളം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു) കേരളത്തിനു തന്നെ തിരിച്ചടിയായിരുന്നതിനാലും സുരക്ഷാ മാനദണ്ഡം വീണ്ടുമുയര്‍ത്തി അതേ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളും വിലപ്പോയില്ല. മാത്രവുമല്ല കേരളം 2006-ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്ന സുപ്രീം കോടതി വിധിയെ അതിജീവിക്കാന്‍ ഏകപക്ഷീയമായി പാസ്സാക്കിയ ജലസേചന ജലസംരക്ഷണ ഭേദഗതി നിയമം (ഡാം സുരക്ഷാ നിയമം) ഭരണഘടന വിരുദ്ധമാണെന്ന് കോടതി സംശയലേശമന്യേ പ്രസ്താവിക്കുകയും റദ്ദു ചെയ്യുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയെ അതിലംഘിക്കാന്‍ കേരളം നടത്തിയ ശ്രമങ്ങളാണ് വാസ്തവത്തില്‍ കേരളത്തിന് തിരിച്ചടിയായി മാറിയതെന്ന് വ്യക്തം. ഇതിനൊപ്പം ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടു കൂടിയായപ്പോള്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ വാദങ്ങളും പൊളിഞ്ഞു. സുരക്ഷയ്ക്കും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് പരിഗണിക്കുന്നതിനും മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ കമ്മിറ്റിയേയും ചുമതലപ്പെടുത്തി. അറ്റകുറ്റപ്പണികള്‍ നടത്താന്‍ തമിഴ്‌നാടിന് കേരളം ഏര്‍പ്പെടുത്തിയ വിലക്കും കോടതി അസ്ഥിരപ്പെടുത്തി. പക്ഷേ ഇപ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വീണ്ടും 142 അടിയെത്തിയപ്പോള്‍ വീണ്ടും കേരളത്തില്‍ ഭയാശങ്കകള്‍ വിതയ്ക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കോടികള്‍ ചെലവിട്ട് കേരളം സുപ്രീം കോടതിയില്‍ നടത്തിയ നിയമപോരാട്ടം വാസ്തവത്തില്‍ ഡാമിന്റെ സുരക്ഷാ പ്രശ്‌നമെന്ന ആശങ്ക അകറ്റാന്‍ മാത്രം ഉദ്ദേശിച്ചിരുന്നതായിരുന്നില്ലെന്ന് വ്യക്തം. തമിഴ്‌നാടുമായി 1886-ല്‍ ഉണ്ടാക്കിയ 999 വര്‍ഷത്തെ ജലകരാര്‍ റദ്ദാക്കുന്നതിനും പുതിയ ഡാമിന്റെ നിര്‍മ്മാണത്തിലൂടെ കേരളത്തിന് അണക്കെട്ടിന്റെ മേല്‍നോട്ടം കൈപ്പിടിയിലൊതുക്കാനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് മുന്‍ ജലവിഭവ വകുപ്പുമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നേരത്തെ ഈ ലേഖകനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നും കൊണ്ടുപോകുന്ന ജലം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതം കേരളം ആവശ്യപ്പെടുന്ന നിമിഷം സുരക്ഷ സംബന്ധിച്ച കേരളത്തിന്റെ സര്‍വവാദങ്ങളും നിലംപരിശായിപ്പോകുമെന്നും അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി പിന്നെ വാദം ഉന്നയിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. ”സുരക്ഷ മാത്രമല്ല കേരളത്തിന്റെ കേസ്. തമിഴ്‌നാട്ടില്‍ നിന്നും വെള്ളം ലഭിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടെന്നാണ് നമ്മുടെ കേസ്. തമിഴ്‌നാടുമായുള്ള ലീസ് കരാര്‍ പൊളിക്കണമെന്നതു തന്നെയായിരുന്നു നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഈ പോരാട്ടമെല്ലാം നടത്തിയത്. സുരക്ഷ പ്രധാന ആശങ്ക തന്നെയാണ്. പക്ഷേ ആ സുരക്ഷാ പ്രശ്‌നം പരിഹരിക്കുമ്പോള്‍ ഇനിയെങ്കിലും പൂര്‍വികര്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കരുത് എന്നൊരു നിര്‍ബന്ധബുദ്ധി നമുക്കുണ്ടായിരുന്നു,” എന്‍ കെ പ്രേമചന്ദ്രന്‍ അന്ന് തുറന്നു പറഞ്ഞു.

എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തമിഴ്‌നാടിന്റെ സ്വാധീനത്താലുള്ളതാണെന്നും അതില്‍ ഇടപാടുകള്‍ നടന്നുവെന്നുമൊക്കെ ആരോപിച്ച് രാഷ്ട്രീയകക്ഷികളും ജനങ്ങളും രംഗത്തിറങ്ങിയതോടെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ തീവ്രവാദപരമായ നിലപാടുകളിലൂടെ അസ്ഥിരപ്പെടുത്താന്‍ പലരും ശ്രമിച്ചുവെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. അതേപോലെ യഥാര്‍ത്ഥ പല വസ്തുതകളും മറച്ചുവച്ച് ജനങ്ങളില്‍ ഭീതി കുത്തിനിറച്ച് സ്വന്തം താല്‍പര്യങ്ങള്‍ക്കായി പൊതുജനവികാരം ഇളക്കിവിട്ട് കോടതിവിധിയെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്ന വ്യാമോഹവും കേരളം പുലര്‍ത്തിയിരുന്നുവെന്ന് കേരളത്തിന്റെ സുപ്രീം കോടതിയിലെ മുന്‍ നിലപാടുകളും പില്‍ക്കാലത്ത് സ്വീകരിച്ച നിലപാടുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളമല്ല മറിച്ച് തമിഴ്‌നാട് ആയിരിക്കും ഏറ്റവും അതുമൂലം ബാധിക്കപ്പെടുകയെന്നും മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയില്‍ താമസിക്കുന്ന 80 ശതമാനത്തോളം പേര്‍ തമിഴരാണെന്നും പൊട്ടുന്നപക്ഷം കൂടുതല്‍ ബാധിക്കുക തമിഴരാണെന്നും ജലസേചനം തമിഴ്‌നാടിന് അത്യന്താപേക്ഷികമായതിനായതിനാല്‍ ഒരിക്കലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ വിട്ടുവീഴ്ച കാട്ടുകയില്ലെന്നുമായിരുന്നു തമിഴ്‌നാടിന്റെ വാദം. ഇടുക്കിയില്‍ വെള്ളമില്ലാതെ വന്നപ്പോഴാണ് കേരളം മുല്ലപ്പെരിയാറിന്റെ സംഭരണശേഷി കുറയ്ക്കുന്നതിന് കേരളം ലോബിയിങ് ആരംഭിച്ചതെന്നും ലക്ഷ്യത്തിനായി ജനങ്ങളില്‍ അനാവശ്യഭീതി സൃഷ്ടിച്ചതെന്നും അവര്‍ ബോധിപ്പിക്കുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ചോര്‍ച്ചകളാണ് ആശങ്കകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. മേല്‍നോട്ടത്തിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ സമിതി പരിശോധന നടത്തുന്നുമുണ്ട്. പക്ഷേ ഒരു ഡാം ഡീകമ്മീഷനിങ് അതോറിട്ടി ഇന്ത്യയില്‍ സ്ഥാപിക്കാത്തിടത്തോളം കാലം ഇത്തരത്തില്‍ പഴക്കമുള്ള ഡാമുകളുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നപക്ഷം തീരുമാനമെടുക്കുക എക്കാലത്തും സര്‍ക്കാരുകള്‍ക്കും കോടതികള്‍ക്കും ഒരു വെല്ലുവിളിയായി തന്നെ തുടരും. കേരളം അതിനായുള്ള ശ്രമങ്ങളാണ് ആരംഭിക്കേണ്ടത്.

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

This post was last modified on August 2, 2018 9:44 am