X

ചരിത്രത്തില്‍ ഇന്ന്: മുംബൈ ഭീകരാക്രമണവും പാക് സൈനികരുടെ വധവും

2008 നവംബര്‍ 26
മുംബൈ ഭീകരാക്രമണം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ 2008 നവംബര്‍ 26 ന് രക്തരൂക്ഷിതമായ ഭീകരാക്രമണത്തിന് വിധേയമായി. കറാച്ചിയില്‍ നിന്നു തീവ്രപരിശീലനം ലഭിച്ച ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ ഒരു ബോട്ടിലാണ് മുംബൈ തീരത്തുവന്നിറങ്ങിയത്. നഗരത്തില്‍ എത്തിയ ഇവര്‍ പലയിടങ്ങളിലായി സ്‌ഫോടനങ്ങളും വെടിവയ്പ്പും നടത്തി. ഈ തീവ്രവാദികളില്‍ ഒരാളായ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടാനായി. ഇയാളെ പിന്നീട് നീണ്ട വിചാരണയ്‌ക്കൊടുവില്‍ തൂക്കിലേറ്റി.

164 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ഈ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് ഇന്ത്യ ആരോപിച്ചു. 300 ഓളം പേര്‍ക്ക് തീവ്രവാദി ആക്രമണത്തില്‍ പരുക്കേറ്റതായും കരുതുന്നു. നവംബര്‍ 26 രാത്രിയിലായിരുന്നു അക്രമണം ആരംഭിക്കുന്നത്. സൗത്ത് മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനല്‍, ഒബ്രോയ് ട്രൈഡന്റ്, ദി താജ് മഹല്‍ പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫെ, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ്, ജ്യൂവിഷ് കമ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും അക്രമണം ഉണ്ടായത്. 28 നാണ് ഈ പ്രദേശങ്ങളെല്ലാം പൂര്‍ണമായി സുരക്ഷിതമാക്കിയത്. തീവ്രവാദികളെ നേരിടാനായി ദേശിയ സുരക്ഷ ഏജന്‍സി(എന്‍എസ്ജി) നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക് ടോറാന്‍ഡോ എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ ആക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.

2011 നവംബര്‍ 26
യുഎസ്-നാറ്റോ സഖ്യം 24 പാകിസ്താന്‍ പട്ടാളക്കാരെ വധിക്കുന്നു

യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യവും പാകിസ്താന്‍ സുരക്ഷ സൈന്യവും തമ്മില്‍ 2011 നവംബര്‍ 26 ന് ചെറിയൊരു ഏറ്റമുട്ടല്‍ നടന്നു. അഫ്ഗാന്‍-പാകിസ്താന്‍ ബോര്‍ഡറിലായിരുന്നു ഈ സംഘര്‍ഷം ഉടലെടുത്തത്.

സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു നാറ്റോ അപ്പാചെ ഹെലികോപ്റ്ററും അമേരിക്കയുടെ രണ്ടു എഫ്-15-ഇ ഈഗില്‍ ഫൈറ്റര്‍ ജറ്റുകളും പാകിസ്താന്‍ അതിര്‍ത്തിയിലുള്ള സലാലയില്‍ കടന്നെത്തി നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താന്റെ ബൗള്‍ഡര്‍, വോള്‍കാനോ ചെക്‌പോസ്റ്റുകളിലായാണ് യുഎസ്-നാറ്റോ സഖ്യം ആക്രമണം നടത്തിയത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on November 26, 2014 12:31 pm