X

ഇത്തരം സംഗീതനിരൂപകരെ ഈ പ്രദേശത്ത് കണ്ടുപോകരുത്

ക്ലാസിക്കല്‍ സംഗീത നിരൂപകര്‍ സംഗീത ശാസ്ത്രം അറിയേണ്ടതുണ്ടോ? സംഗീതം പഠിച്ചിരിക്കണോ? ഇത്തരം കാര്യങ്ങള്‍ ആണ് ഈ ലേഖനത്തില്‍. സംഗീത കച്ചേരി ‘റിപ്പോര്‍ട്ട് ‘ ചെയ്യല്‍ എന്നതല്ല കച്ചേരി നിരൂപണം! അനവധി വര്‍ഷങ്ങള്‍ നീളുന്ന പഠനത്തിനും കഠിന സാധകത്തിനും ശേഷമാണ് ഒരു സംഗീത കച്ചേരി അവതരിപ്പിക്കാന്‍ കലാകാരന്‍/രി വേദിയില്‍ എത്തുന്നത്! ഓരോ രാഗങ്ങളും അവയുടെ സൂക്ഷ്മ, ശ്രുതി വലയങ്ങളാല്‍ ആവൃതമായതിനാല്‍ ആ മേഘക്കൂട്ടില്‍ കടന്ന്, രാഗ മനോഹാര്യതയെ കീര്‍ത്തനത്തില്‍ സ്വരം കൊണ്ട് ആവാഹിച്ച്, പടാന്തര ശുദ്ധിയോടെ, വാദ്യോപകരണങ്ങളുടെ തുണയോടെ, മനോധര്‍മ്മ മായാജാലം തീര്‍ക്കുന്ന ഒന്നാണ് ‘തത്സമയ സംഗീത കച്ചേരി’.

ഈ കച്ചേരിയെപ്പറ്റി പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംഗീത ജ്ഞാനം ആവശ്യമില്ല. ഇന്ന ആള്‍ പാടി; അതിന് ഇന്ന ആളുകള്‍ വയലിന്‍, മൃദംഗം വായിച്ചു; ഇന്നിന്ന കീര്‍ത്തനങ്ങള്‍ പാടി; ഇത്രയുമേ മിക്ക റിപ്പോര്‍ട്ടിലും വരാറുള്ളൂ. കീര്‍ത്തനങ്ങളുടെ തുടക്കം ആ കച്ചേരി കേട്ടാല്‍ മനസ്സിലാക്കി എഴുതാവുന്നതെ ഉള്ളൂ. എങ്കിലും ചിലപ്പോള്‍ ഈ റിപ്പോര്‍ട്ടര്‍ ആ ഭാഗത്ത് പോലും പോകാതെ നോട്ടീസില്‍ ഉള്ളത് അപ്പാടെ പകര്‍ത്തി പത്രത്തില്‍ ഇടുംവഴി മഹാ അബദ്ധങ്ങള്‍ ഉണ്ടാക്കിവയ്ക്കാറുമുണ്ട്! ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍: കച്ചേരിക്ക് ഒരു മാസം മുന്നേ നോട്ടീസ് അടിച്ചപ്പോള്‍ ജീവനോടെ ഉണ്ടായിരുന്ന അതില്‍ പങ്കെടുക്കുന്ന ഒരു കലാകാരന്‍, കച്ചേരി നടക്കുന്നതിന് ഒരു ദിനം മുന്നേ ദേഹ വിയോഗം ചെയ്തു. എന്നാലോ… റിപ്പോര്‍ട്ടില്‍ അദ്ദേഹം കച്ചേരിയില്‍ പങ്കെടുത്തതായി കാണുന്നു. ഇങ്ങനെയുള്ള വേദനയില്‍ കുതിര്‍ന്ന അമളികള്‍, വിഡ്ഢിത്തങ്ങള്‍ കച്ചേരിക്ക് പോകാതെ റിപ്പോര്‍ട്ട് പടച്ചുവിട്ട് പത്രത്തില്‍ എത്തിക്കുന്ന വിദ്വാന്മാര്‍ക്ക് പറ്റാറുണ്ട്. എന്നാലും കലാകാരന്മാരെ/രികളെ സംബന്ധിച്ച് ഇത്തരം റിപ്പോര്‍ട്ടര്‍മാര്‍ ഒരിക്കലും പ്രശ്‌നക്കാര്‍ അല്ല.

 

അടുത്ത ഇനം പത്രപ്രതിനിധി (സംഗീത നിരൂപകന്‍ ) ആണ്; കലാകാരനെ/രിയെ, സംഗീത സഭയെ സംബന്ധിച്ച് ഏറ്റവും അപകടകാരി. ഇത്തരക്കാരില്‍ മിക്കവരും സംഗീതം അഭ്യസിക്കാത്ത, സംഗീത ശാസ്ത്രം അറിയാത്ത, എന്നാലോ ഇതേപ്പറ്റി അറിയും എന്ന് ഭാവിച്ച്, രണ്ടു കര്‍മ്മദാതാക്കളെയും (സ്വന്തം ഓഫീസ്, പിന്നെ കച്ചേരി സഭ) വഞ്ചിക്കുന്ന ഇനം ആണ് . ഈ കൂട്ടര്‍ സംഗീതം പഠിക്കാന്‍ കൂട്ടാക്കാറും ഇല്ല. ‘കേള്‍വി ജ്ഞാനം’, ‘സാധാരണക്കാരന്റെ ആസ്വാദനം’ എന്നീ സ്ഥിരം വാചാടോപനമ്പരുകളാണ് ഇത്തരം അബദ്ധപണ്ഡിതവൃന്ദത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ഉപാധികള്‍. എന്നാല്‍ ഇതൊന്നും വെച്ച് എഴുതാനും, വര്‍ണ്ണിച്ച് ആളുകളിലേയ്ക്ക് പത്രം വഴി എത്തിക്കാനും ഉള്ളതല്ല കലാകാരന്റെ/രിയുടെ കഠിന പ്രയത്‌നത്തിലെ ശ്രേഷ്ഠ സംഗീത സാക്ഷ്യ പത്രക്കുറിപ്പുകള്‍!

 

ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍, സംഗീതാസ്വാദനം എന്നതിനെ കുറിച്ച് ഒരു അദ്ധ്യായം (മ്യൂസിക് അപ്രീസിയേഷന്‍ ) ഉണ്ടായിരുന്നതായി ഈ ലേഖകന്‍ ഓര്‍ക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഗീതം ഔദ്യോഗികമായും ആധികാരികമായും സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചു പാസ്സായി നില്ക്കുന്ന ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചു കൊണ്ട്, വഞ്ചിച്ചു കൊണ്ടാണ്, ഇത്തരം കപട സംഗീത നിരൂപണന്മാര്‍, പത്രങ്ങളില്‍ ജോലി നേടുന്നത് എന്ന് പറഞ്ഞാല്‍ അധികം ആവില്ല്യ! ഭൈരവി രാഗം എങ്ങനെ പാടി എന്ന് എഴുതാന്‍, അതിലെ സ്വര പ്രസ്താര സഞ്ചാരത്തെ ആധാരമാക്കേണ്ടി വരും. ഈ ലേഖനത്തിന്റെ കൂടെയുള്ള ശബ്ദരേഖയില്‍ , ഇത്തരം അബദ്ധ പണ്ഡിത വിഭാഗത്തില്‍ പെട്ട (ദി ഹിന്ദു പത്ര നിരൂപകന്‍) അദ്ദേഹം വളരെ കൂള്‍ ആയി പറയുന്നു, ‘എനിക്ക് കേട്ട പരിചയമേ ഭൈരവി രാഗവുമായുള്ളൂ’ എന്നും ‘ഞാന്‍ സംഗീതം പഠിച്ചിട്ടില്ല’ എന്നും. ആ കലാകാരിയോടു ചെയ്ത കൊടും ക്രൂരതയാണ് അദ്ദേഹത്തിന്റെ അബദ്ധജടിലമായ ആ റിവ്യൂ എന്നത് ആ രാഗവിസ്താര ശബ്ദരേഖ കേള്‍ക്കുന്ന ഏതൊരു സംഗീതാസ്വാദകനും പറയും എന്നാണ് ഈ ലേഖകന്റെ വിശ്വാസം.

ബെസ്റ്റ് ഓഫ് അഴിമുഖം

ചില സംഗീത ശാസ്ത്ര ചിന്തകള്‍
ശങ്കരാഭരണത്തിന്റെ പേടികള്‍
സിനിമാക്കാരെ, നിങ്ങള്‍ക്ക് ബാബുക്കയുടെ വെളിച്ചംകാണാത്ത പാട്ടുകള്‍ വേണോ?
മഴ പോലെ സംഗീതം: രമേശ് നാരായണനുമായി അഭിമുഖം
കോഴിക്കോട്ടുകാരുടെ മുഹമ്മദ് റഫി; അഹമ്മദ്ബായിയുടെയും

 

 ഈ നിരൂപകന്‍ കൈയ്യും കളവുമായി പിടിക്കപ്പെട്ട ഒരു ചെറിയ മീന്‍ മാത്രം. ഇനിയും വന്‍ സ്രാവുകള്‍ മദിരാശിയിലെ സഭാ പരിസരത്തില്‍ നങ്കൂരമിട്ടു കിടക്കുന്നുണ്ട് ഇത്തരം പറ്റിപ്പും അബദ്ധങ്ങളും നിറഞ്ഞ ചിന്തകളുമായി. ഈ വമ്പന്‍ സംഗീത നിരൂപകരുടെ പ്രത്യേകത, ‘കാശ് മേടിച്ച് എന്തും എഴുതും’ എന്നതും കൂടിയാണ്. (ഇനി അതിനും ശബ്ദരേഖ ഉണ്ടോ എന്ന് ചോദിക്കരുത്. പണ്ടേ അറിയാവുന്ന കേസ് ആണ്).

സ്വതേ സൌമ്യരായ കലാകാരന്‍മാര്‍, കലാകാരികള്‍ ഇത്തരം നെറികെട്ട, ജ്ഞാനശൂന്യ, കപട നാടക സൂത്രധാരന്മാര്‍ കാരണം വല്ലാത്ത കോപിഷ്ഠാവസ്ഥയില്‍ എത്തി, അത് ചിലപ്പോള്‍ കലാ പ്രകടനത്തെ വരെ ബാധിക്കും; എന്നിരിക്കിലും മിക്ക കലാകാരന്‍മാരും/കാരികളും ഇത്തരം ആളുകളെ കച്ചേരി സ്ഥലത്ത് പോലും പ്രവേശിക്കാന്‍ അനുവദിക്കല്‍ പതിവില്ല്യ. ഒളിഞ്ഞും പതുങ്ങിയും കപട നാമത്തില്‍ പത്രത്തില്‍ പേന ഉന്തുന്ന ഇത്തരം ആഭാസന്മാരെ കൈയ്യില്‍ കിട്ടിയാല്‍ യാഥാര്‍ത്ഥ കലാകാരന്‍ എന്ത് ചെയ്യും എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.

 

ഈ ലേഖനത്തിന്റെ കൂടെ മൂന്ന്‍ അറ്റാച്ച്മെന്റ്റുകള്‍ ഉണ്ട്. 1. ഒരു കലാകാരി ഭൈരവി രാഗം പാടുന്നതില്‍ പരാജയപ്പെട്ടു എന്ന് വരുന്ന ഒരു വിമര്‍ശനം (ഇന്നറ്റ് നേച്ചര്‍ ഓഫ് രാഗ ഭാവ… എന്ന പ്രയോഗം – Unfortunately the vocalist failed in bringing out the innate nature of the raga bhava in her rendering- തന്നെ അബദ്ധം) കാരണം, രാഗഭാവത്തില്‍ എന്ത് ഭാവം? രാഗത്തില്‍ ആണ് ഭാവം 2. ഈ നിരൂപണത്തിന് ആസ്പദമായ കച്ചേരിയിലെ ‘ഭൈരവി രാഗം’ 3. ഈ റിവ്യൂ എഴുതിയ ആളും ഈ ലേഖകനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം. (ഇതില്‍ ഈ നിരൂപകന്‍ ഞാന്‍ സംഗീതജ്ഞന്‍ അല്ല, ഞാന്‍ സംഗീതം പഠിച്ചിട്ടില്ല, എനിക്ക് ഭൈരവി രാഗത്തിന്റെ രൂപത്തെ കുറിച്ച് വല്യ പിടിയില്ല. എനിക്ക് അബദ്ധം പറ്റിപ്പോയി, ഇത് തിരുത്തണോ എന്നൊക്കെ തുറന്നു സമ്മതിക്കുന്നു) 

ഈ ലേഖകന്‍ സംഗീതജ്ഞനും, ഈ അബദ്ധ പണ്ഡിതന്റെ നിരൂപണംകൊണ്ട് തെറ്റിദ്ധരിക്കപ്പെട്ട, മാനസികമായി സങ്കടത്തിലായ കലാകാരി ലേഖകന്റെ പത്‌നിയും ആണ് എന്നതും നോക്കാതെ ഇത്തരം സംഭവങ്ങള്‍ ഇനിയും നടക്കാതിരിക്കട്ടെ എന്ന ലക്ഷ്യം മാത്രം മുന്‍നിറുത്തി ചെയ്യുന്ന ഒരു പ്രയത്‌നമാണ് ഈ ലേഖനവും അതിന്റെ കൂടെയുള്ള ശബ്ദരേഖകളും അറ്റാച്ച്മെന്റും. നന്ദി.

1. ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ലേഖനം: Ragas of devotion and virtuosity.  

2.നിരൂപണത്തില്‍ സൂചിപ്പിച്ചിട്ടുള്ള ബേബി ശ്രീറാമിന്റെ കച്ചേരി 

 

 

3. സംഗീതനിരൂപകനുമായുള്ള ലേഖകന്റെ ഫോണ്‍ സംഭാഷണം

This post was last modified on December 21, 2016 2:33 pm