X

ഒബാമയും ബുഷും പള്ളി സന്ദര്‍ശിക്കണമെന്ന് മുസ്ലിം നേതാക്കള്‍

മിച്ചല്‍ ബൂര്‍സ്റ്റീന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയെപ്പറ്റിയുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ വൈറ്റ് ഹൗസില്‍ മതനേതാക്കളുമായി മൂന്ന് വ്യത്യസ്ത കൂടിക്കാഴ്ചകള്‍ നടന്നു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ചെയ്യാത്ത ഒരു കാര്യം ചെയ്യണമെന്നാണ് ഇതില്‍ മുസ്ലിം മതനേതാക്കള്‍  ഒബാമയോട് ആവശ്യപ്പെട്ടത്: ഒരു മോസ്‌ക് സന്ദര്‍ശിക്കുക. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിനൊപ്പമായാല്‍ വളരെ നല്ലത്.

ജനങ്ങളുടെ ആശങ്കകള്‍ അറിയാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ നടത്താറുള്ള കൂടിക്കാഴ്ചകളില്‍പ്പെട്ടവയായിരുന്നു ഇവ. പക്ഷേ ഒരേ ദിവസം നടന്ന മൂന്നു കൂടിക്കാഴ്ചകളും ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കാനിരിക്കുന്ന മറ്റൊരു യോഗവും നിലവിലുള്ള സാഹചര്യത്തെപ്പറ്റിയുള്ള ആശങ്ക വ്യക്തമാക്കുന്നു. മുസ്ലിങ്ങളെന്നു തെറ്റിദ്ധരിക്കപ്പെട്ട് വംശവെറിക്കു വിധേയരാകേണ്ടിവരുന്ന സിക്കുകാരുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. പാരിസിലും കാലിഫോര്‍ണിയയിലും നടന്ന ഭീകരാക്രമണങ്ങള്‍ മുസ്ലിങ്ങളോടുള്ള വിവേചനം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മുസ്ലിം നേതാക്കള്‍ പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥരുമായി പത്ത് മുസ്ലിം നേതാക്കള്‍ നടത്തിയ ഈ കൂടിക്കാഴ്ചയ്ക്കു മുന്‍കയ്യെടുത്തത് വൈറ്റ് ഹൗസാണെന്ന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാളും നിയമസഹായ ഗ്രൂപ്പായ മുസ്ലിം അഡ്വക്കറ്റ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഫര്‍ഹാന ഖേര അറിയിച്ചു. വൈറ്റ് ഹൗസ് സീനിയര്‍ അഡൈ്വസര്‍ വലേറി ജാരെറ്റ്, ഡൊമസ്റ്റിക് പോളിസി കൗണ്‍സില്‍ ഡയറക്ടര്‍ സെസിലിയ മനോസ്, ഡപ്യൂട്ടി നാഷനല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ബെന്‍ റോഡ്‌സ് എന്നിവരാണ് കൂടിക്കാഴ്ചകളില്‍ പങ്കെടുത്തത്.

പ്രസിഡന്റ് ഒബാമ മോസ്‌ക് സന്ദര്‍ശിക്കണമെന്ന് വര്‍ഷങ്ങളായി അമേരിക്കന്‍ മുസ്ലിം നേതാക്കള്‍ ആവശ്യപ്പെടുന്നതാണ്. ഈ ആവശ്യം ആവര്‍ത്തിച്ചതായി ഖേര അറിയിച്ചു.’ മോസ്‌ക് സന്ദര്‍ശനം മുസ്ലിങ്ങള്‍ക്ക് ആശ്വാസകരമാകും. മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ശക്തമായ സന്ദേശമാകും അത്. ബുഷും ഒബാമയും ഒരുമിച്ചെത്തുകയാണെങ്കില്‍ പ്രത്യേകിച്ചും’, ഖേര പറഞ്ഞു. ഈ ആവശ്യം ബുഷിനോട് ഉന്നയിച്ചിട്ടില്ലെന്നും ഖേര അറിയിച്ചു.

സെപ്റ്റംബര്‍ 11ലെ ഇരട്ട ടവര്‍ ഭീരാക്രമണത്തിന് ആറുദിവസത്തിനുശേഷം അന്ന് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഒരു മോസ്‌ക് സന്ദര്‍ശിച്ചിരുന്നു. ‘ ഭീകരവാദത്തിന്റെ മുഖം യഥാര്‍ത്ഥ ഇസ്ലാമിന്റെ മുഖമല്ലെ’ന്ന് അന്ന് ബുഷ് പ്രസ്താവിച്ചിരുന്നു.

ഒബാമ മോസ്‌ക് സന്ദര്‍ശിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാനാഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ സന്ദര്‍ശനപരിപാടി സ്ഥിരീകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

‘വിവേചനവും മതഭ്രാന്തമായ വാഗ്വാദങ്ങളും സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍’, ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം നിലനില്‍ക്കുന്നുവെന്നതിനു ശക്തമായ സൂചനകള്‍ നല്‍കാനുള്ള വഴികള്‍ കണ്ടെത്തിവരികയാണെ’ന്നും അദ്ദേഹം അറിയിച്ചു. നിരവധി മത, വിശ്വാസ ഗ്രൂപ്പുകളുമായി തിങ്കളാഴ്ച നടന്ന സംഭാഷണത്തില്‍ ജാറെറ്റ് പങ്കെടുത്തതായും പറഞ്ഞു.

സിക്കുകാര്‍ക്കെതിരെ മുന്‍വിധികള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ എങ്ങനെ മറികടക്കാമെന്നതിനെപ്പറ്റി അമേരിക്കയിലെ സിക്കുകാരുടെ പ്രതിനിധികളുമായി സെസിലിയ മനോസ് ചര്‍ച്ച നടത്തി. മതവൈവിധ്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ മത, വിശ്വാസ നേതാക്കളുമായി വ്യാഴാഴ്ച വൈറ്റ്ഹൗസ് കൂടിക്കാഴ്ചകള്‍ നടത്തും.

നോര്‍തേണ്‍ വിര്‍ജിനിയ മോസ്‌ക് (എഡിഎഎംഎസ്) ഇമാം മുഹമ്മദ് മജീദ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ പോളിസി ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ്ങിലെ ഡാലിയ മോഗഹെഡ്,ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റ് ചാപ്ലെയ്ന്‍ ഖാലിദ് ലത്തീഫ്, മുസ്ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ പോളിസി ഡയറക്ടര്‍ ഹോഡ ഹവാ തുടങ്ങിയവരും കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 17, 2015 9:10 am