X

മുത്തൂറ്റ് തൊഴിലാളി സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് മാനേജ്‌മെന്‍റ്

അഴിമുഖം പ്രതിനിധി

ദക്ഷിണേന്ത്യയിലെ വലിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ അയവില്ല. മാനേജ്‌മെന്‌റിന്‌റെ പ്രതികാര നടപടിക്കെതിരെ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പത്താം ദിവസത്തിലേക്ക് കടന്നു. 810 കോടിയില്‍പ്പരം ലാഭമുള്ള കമ്പനി തൊഴിലാളികള്‍ക്ക് തുച്ഛമായ ശമ്പളം നല്‍കിയാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നാല് തവണ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും കമ്പനി മാനേജിംഗ് ഡയറക്ടര്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ കമ്പനി എംഡി മന്ത്രിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു. അതേസമയം ചര്‍ച്ചയുടെ തീയതി സംബന്ധിച്ച് തീരുമായിട്ടില്ല.  

സിഐടിയുവിന്‌റെ ഭാഗമായി തൊഴിലാളി യൂണിയന്‍ (കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് യൂണിയന്‍) രൂപീകരിച്ചതോടെയാണ് മുത്തൂറ്റ് മാനേജ്‌മെന്‌റ് പ്രതികാര നടപടികള്‍ തുടങ്ങിയത്. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‌റ് തോമസ് ജോണിനെ ജോലിയില്‍ നിന്ന് പുറത്താക്കി. 200 ജീവനക്കാരെ സ്ഥലം മാറ്റി. ഇതില്‍ 17 പേരെ കേരളത്തിന് പുറത്തേക്കാണ് മാറ്റിയത്. സ്ഥലം മാറ്റത്തിന് പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞിരുന്നില്ല. ആന്ധ്രാപ്രദേശിലേയും കര്‍ണാടകയിലേയും ബ്രാഞ്ചുകളിലേക്കാണ് പലരേയും സ്ഥലം മാറ്റിയത്. ഇവര്‍ക്ക് ശമ്പളം കൂട്ടി നല്‍കുകയോ മെട്രോ അലവന്‍സ് അനുവദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാത്തിന് പുറത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടിയവരൊന്നും തന്നെ പോകാന്‍ തയ്യാറായിട്ടില്ല. അവര്‍ സമരരംഗത്ത് സജീവമായുണ്ട്.

സ്ഥലം മാറ്റം കിട്ടി പോകാത്തവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇവിടെയുള്ളവര്‍ തന്നെയാണ്. പലരേയും കാസര്‍ഗോഡ് അടക്കമുള്ള പ്രദേശങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉള്ള കരാര്‍ പ്രകാരം കമ്പനിയുടെ രാജ്യത്തെ ഏത് ബ്രാഞ്ചിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാവേണ്ടതുണ്ട് എന്നാണ് പ്രതികാര നടപടിയെ ന്യായീകരിച്ച് മാനേജ്‌മെന്‌റ് പറയുന്നത്. കേരളത്തിലെ 805 ബ്രാഞ്ചുകളിലും സമരം ശക്തമായി തുടരുകയാണ്. പിരിച്ച് വിട്ട ജീവനക്കാരനെ തിരിച്ചെടുക്കുക, സ്ഥലംമാറ്റിയ എല്ലാവരെയും തിരികെ നിയമിക്കുക, സസ്‌പെന്റ് ചെയ്തവരെ തിരിച്ചെടുക്കുക, മിനിമം വേതനം 18000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം അംഗീകരിക്കുക, മൂന്ന് ദിവസത്തെ പണിമുടക്കിന്‌റെ പേരില്‍ റദ്ദാക്കിയ 10 ദിവസത്തെ ശമ്പളം നല്‍കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ഓഗസ്റ്റിലാണ് മുത്തൂറ്റില്‍ സമരം തുടങ്ങുന്നത്. ഓഗസ്റ്റ് 21ന് നട ആദ്യഘട്ട പണിമുടക്കില്‍ പങ്കെടുത്തവരുടെ എട്ട് ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് നല്‍കാന്‍ മാനേജ്‌മെന്‌റ് തയ്യാറായി. സ്ഥലം മാറ്റം, പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ക്കെതിരെ തൊഴിലാളികള്‍ സമരം തുടര്‍ന്നു. സെപ്റ്റംബര്‍ 5,6,7 തീയതികളിലായി നടന്ന രണ്ടാംഘട്ട സമരത്തില്‍ പങ്കെടുത്തവരുടെ 10 ദിവസത്തെ ശമ്പളമാണ് റദ്ദാക്കിയത്. ഇത് നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. വനിതകളടക്കമുള്ള പല ജീവനക്കാരേയും പിരിച്ച് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി തൊഴിലാളികള്‍ പറയുന്നു. തിരുവനന്തപുരം നഗരത്തിലെ രണ്ട് ബ്രാഞ്ചുകളിലുള്ള ചില ജീവനക്കാരെ നെയ്യാറ്റിന്‍കര പോലുള്ള ബ്രാഞ്ചുകളിലേയ്ക്ക് മാറ്റി. ഇവരുടെ ശമ്പളം 1000 രൂപ വെട്ടിക്കുറക്കുകയും ചെയ്തു. എന്നാല്‍ വളരെ ദൂരേയ്ക്ക് സ്ഥലം മാറ്റാത്തതിനാല്‍ പ്രതികാര നടപടിയാണെന്ന് പറയുകയുമില്ല എന്നാണ് കമ്പനി കരുതുന്നത്.

ഒക്ടോബര്‍ 20-നാണ് അവസാനമായി തൊഴില്‍ മന്ത്രിയുടെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടന്നത്. 31-നകം 10 ദിവസത്തെ ശമ്പളം കൊടുക്കാമെന്നതടക്കം മാനേജ്‌മെന്‌റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. ഇതേ തുടര്‍ന്നാണ് നവംബര്‍ മൂന്നിന് അനിശ്ചിതകാല സമരം തുടങ്ങാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായത്. അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്ത് എല്ലാവര്‍ക്കും 7500 രൂപയാണ് നല്‍കുന്നത്. ബാക്കിയെല്ലാം ഹൗസ് റെന്‌റ് അലവന്‍സ് എന്നതടക്കമുള്ള പേരിലാണ്. 30 വര്‍ഷമായി പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 11,925 രൂപയാണ് ശമ്പളം. ഇതേ ശമ്പളം തന്നെ എട്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ക്കും. മാനേജ്‌മെന്‌റിനെ പ്രീണിപ്പിക്കുന്ന ജൂനിയര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിക്കൊടുത്തിരുന്നു. ക്ലര്‍ക്ക് തസ്തികയിലുള്ള ജീവനക്കാരന് ലഭിക്കുന്നത് 17,050 രൂപ. കയ്യില്‍ കിട്ടുന്നത് 11779 രൂപ മാത്രം.

യഥാര്‍ത്ഥത്തില്‍ കുറഞ്ഞ വേതനം ഉയര്‍ത്തണം എന്നതടക്കമുള്ള കാര്യങ്ങള്‍ തൊഴിലാളികള്‍ നേരത്തെ കാര്യമായി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ട് തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. നേരത്തെ നിയമസഭയില്‍ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ അതിജീവന സമരത്തെ പൂര്‍ണമായും അവഗണിക്കുകയാണെന്ന പരാതി നേരത്തെ തന്നെ തൊഴിലാളികള്‍ക്കുണ്ട്.

 

This post was last modified on November 12, 2016 8:08 am