X

സ്ത്രീകള്‍ പരദൂഷണക്കാരെന്ന് ലീഗ് എംഎല്‍എ; മറുപടിയുമായി ബൃന്ദ കരാട്ട്

കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നും ഷംസുദ്ദീന്‍

കുടുംബശ്രീ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ പ്രസംഗം. അതേവേദിയില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ സിപിഎം നേതാവ് ബൃന്ദാ കരാട്ടിന്റെ മറുപടിയും. അട്ടപ്പാടിയില്‍ ഇന്നലെ നടന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് സംഭവം.

സ്ത്രീകളുടെ പ്രധാന ജോലി പരദൂഷണം പറച്ചിലാണെന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായ ഷംസുദ്ദീന്‍ തട്ടിവിട്ടു. ഇതിന് ശേഷമാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ ബൃന്ദ കരാട്ട് പ്രസംഗിക്കാന്‍ എത്തിയത്.

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന വാര്‍പ്പുമാതൃകകളിലൊന്നാണ് എംഎല്‍എ അവതരിപ്പിച്ചതെന്ന് വ്യക്തമാക്കിയാണ് ബൃന്ദ തുടങ്ങിയത്. പുരുഷന്മാര്‍ വെറുതെ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് താന്‍ പറയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അട്ടപ്പാടി പോലെയൊരു സ്ഥലത്ത് മദ്യപാനത്തെയും മദ്യമാഫിയയെയും പിന്തുണയ്ക്കരുത്. സ്ത്രീകള്‍ അവകാശങ്ങള്‍ക്കായി പോരാടേണ്ട സമയമാണ് ഇത്. കണ്ണീരോടെയിരിക്കേണ്ടവരല്ല അവര്‍. ആദിവാസി മേഖലകളില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍ നിന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറാകണം. അല്ലാത്തവര്‍ക്ക് ആദിവാസികളോട് സംസാരിക്കാന്‍ അവകാശമില്ല.

കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് ഇത്. തൊഴിലുറപ്പ് പദ്ധതി ആദിവാസി മേഖലയിലെ കൃഷി പുനരുദ്ധാരണത്തിന് ഉപയോഗിക്കണം. തൊഴിലുറപ്പുപദ്ധതിയില്‍ ജോലി ചെയ്ത് കൂലിവാങ്ങുന്നവരായി മാത്രം സ്ത്രീകള്‍ ഒതുങ്ങരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പില്‍ അഭിപ്രായം പറയാനും സ്ത്രീകള്‍ക്ക് സാധിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ സഹകരിച്ചാല്‍ കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും ഉപയോഗിച്ച് അട്ടപ്പാടിയിലും മാറ്റങ്ങളുണ്ടാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

This post was last modified on March 20, 2017 11:42 am