X

യുഎപിഎ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നദി സെക്രട്ടേറിയറ്റിന് മുന്നിലേക്ക്

ഒരുസംഘടനയിലും പ്രവര്‍ത്തിക്കാത്ത തനിക്ക് ഇത്രയും ഭീകരമായ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് കാലുകളില്‍ അഭയം പ്രാപിക്കേണ്ടി വരുമെന്ന് അറിയാമെന്നും അത് ഗതികേട് കൊണ്ടാണെന്നും നദി

തനിക്കെതികരെ ചുമത്തപ്പെട്ടിരക്കുന്ന യുഎപിഎ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ നദി സെക്രട്ടേറിയറ്റിന് മുന്നിലേക്ക്. രക്ഷപ്പെടാന്‍ ഒരുപാട് പേരുടെ കാല് പിടിക്കുമെന്നും അത് ഗതികേട് കൊണ്ടാണെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ നദി അറിയിച്ചു.

മൂന്നാംപ്രതി! രാജ്യദ്രോഹി! എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ ജീവിതത്തില്‍ ഇന്ന് വരെ ആറളം എന്ന പ്രദേശത്ത് വെറുതെയൊരു യാത്ര പോലും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. 2016 മാര്‍ച്ച് 6-ാം തിയതി ആറളം വിയറ്റ്‌നാം കോളനിയില്‍ തോക്കുമായി ചെന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ മുഖമാസിക വിതരണം ചെയ്യുകയും ചെയ്ത ആറംഗ സംഘത്തിലെ മൂന്നാം പ്രതിയാണെന്ന് ആരോപിച്ചാണ് നദിക്കെതിരെ കേസെടുത്തത്.

അതേസമയം ജീവിതത്തില്‍ ഇന്നേവരെ ആറളത്ത് പോയിട്ടില്ലാത്ത തന്നെ രജനി എന്ന സ്ത്രീ തിരിച്ചറിഞ്ഞുവെന്ന് പറയുന്നതിലെ ഔചിത്യം നദി ചോദ്യം ചെയ്യുന്നു. 2015ല്‍ ഫേസ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്ത ഫോട്ടോ കാണിച്ചാണ് പോലീസുകാര്‍ അവരില്‍ നിന്നും ഇത്തരമൊരു മോഴി നേടിയതെന്നാണ് നദിയുടെ ആരോപണം.

ഒരുസംഘടനയിലും പ്രവര്‍ത്തിക്കാത്ത തനിക്കെതിരെ ജാമ്യം പോലും ലഭിക്കാത്ത യുഎപിഎ എന്ന ഭീകര/മര്‍ദ്ദക നിയമം ചുമത്തിയതിന്റെ കാരണം അറിയില്ലെന്ന് നദി. കൂടാതെ താന്‍ നീതി ലഭിക്കാന്‍ പല വഴിയ്ക്കും ശ്രമിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കളെയും പല സംഘടനകളുടെയും പ്രതിനിധികളെയും കാണുന്നുണ്ടെന്നും അതെല്ലാം ഗതികേട് കൊണ്ടാണെന്നും നദി പറയുന്നു. ഒരുസംഘടനയിലും പ്രവര്‍ത്തിക്കാത്ത തനിക്ക് ഇത്രയും ഭീകരമായ നിയമക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് കാലുകളില്‍ അഭയം പ്രാപിക്കേണ്ടി വരുമെന്ന് അറിയാമെന്നും അത് ഗതികേട് കൊണ്ടാണെന്നും നദി വ്യക്തമാക്കുന്നു. കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന തന്റെ വീട്ടുകാരെക്കുറിച്ചുള്ള ചിന്തയും അവര്‍ പട്ടിണിയാകരുതെന്ന സ്വാര്‍ത്ഥതയും തനിക്കുണ്ടെന്നും നദി കൂട്ടിച്ചേര്‍ക്കുന്നു. താനിപ്പോള്‍ തന്റെ കാര്യം മാത്രമേ നോക്കുന്നുള്ളൂവെന്നും അതിന് കാരണവും ഗതികേട് തന്നെയാണെന്നുമാണ് നദി പറയുന്നത്.

തിരുവനന്തപുരത്ത് പോയി എല്ലാവരെയും കാണും എന്നും എന്താകുമെന്ന് അറിയില്ലെന്നും പറയുന്ന നദി രക്ഷപ്പെടാനുള്ള എല്ലാവഴിയും നോക്കുമെന്നും വ്യക്തമാക്കുന്നു. കൂടാതെ കസ്റ്റഡിയില്‍ ആയി റിലീസായ ദിവസം മുതല്‍ എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുകയും ഒരു ദിവസം മണിക്കൂറുകളോളം ഈ വിഷയം നേരിട്ട് സംസാരിക്കുകയും ചെയ്ത സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിക്കും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിനും മാനസികമായും എല്ലാ അര്‍ത്ഥത്തിലും കൂടെ നിന്ന ബിനേയ് വിശ്വത്തിനും നദി നന്ദി പറയുന്നു.

ഭരണകൂടം തന്നെ കേള്‍ക്കാനും തന്റെ നിരപരാധിത്വം മനസിലാക്കാനോ തയ്യാറായില്ലെങ്കില്‍ താന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തന്നെ കാണും എന്ന് പറയുന്ന നദി ‘നീതി കിട്ടിയേ തീരൂ.. ഇത്രയും ദിവസങ്ങള്‍ക്ക് ഉത്തരം കിട്ടിയേ തീരൂ’ എന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

This post was last modified on January 18, 2017 11:55 am