X

‘രാജ്യം കൂടെയുണ്ട്’, ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും പ്രധാനമന്ത്രി, ഭാരത് മാതാ കീ ജയ് വിളിച്ച് രാജ്യത്തോട് അംഭിസംബോധന

ശാസ്ത്രജ്ഞർ രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചവരെന്ന് മോദി

ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം അനിശ്ചിതത്വത്തിലായെങ്കിലും നിരാശയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയിൽ തളരരുത്. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ട് പോവരുത്. പരിശ്രമങ്ങൾ ഇനിയും തുടരണമെന്നും അദ്ദേഹം പറയുന്നു. ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്ക്കാരം സഹസ്രാബ്ദകാലത്തോളം അതിജീവിച്ചത് തിരിച്ചടികളെ നേരിട്ടാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഭാരത് മാതാ കീ ജയ് എന്ന് ആവർത്തിച്ച് വിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

മികച്ച അവസരങ്ങൾ വരാനിക്കുകയാണ്. രാജ്യം മുഴുവൻ കൂടെയുണ്ട്. ഇന്ത്യ ചന്ദ്രന് തൊട്ട് അടുത്തെത്തി. വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ മാത്രമാണ് നഷ്ടമായത്. ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കുകയാണ്. ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാനായി. ഈ നേട്ടത്തിൽ താനുൾപ്പെടെയുള്ള ഇന്ത്യക്കാർ അഹങ്കരിക്കുന്നു. കൂടുതൽ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ ശാസ്ത്രജ്ഞർ തയ്യാറാവണമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

രാഷ്ട്രത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ശാസ്ത്രജ്ഞര്‍, അവര്‍ തിരിച്ചടികളിൽ തളരുത്. ലക്ഷ്യത്തിന് തൊട്ടരികിൽ വരെ നമ്മളെത്തിയെന്നും ഐഎസ്ആർഒ ആസ്ഥാനത്ത് നൽകിയ പ്രസംഗത്തിൽ ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം പകർന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ശാസ്ത്രജ്ഞര്‍ക്ക് ഹസ്തദാനം നൽകി അനുമോദിക്കാനും അദ്ദേഹം തയ്യാറായി. ഒരോരുത്തരുടെയും അടുത്തെത്തിയായിരുന്നു അദ്ദേഹം ആശ്വസിപ്പിച്ചത്.

പ്രതീക്ഷ കൈവിടരുത് എന്നായിരുന്നു ചന്ദ്രയാന്‍ 2-വിന്റെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി 10 മിനുട്ടിന് ശേഷം, ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പ്രതികരണം. ദൗത്യം വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ പ്രധാനമന്ത്രി സമാധാനിപ്പിച്ചു. നിങ്ങളുടേത് ചെറിയ നേട്ടമല്ല, രാജ്യം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയിരിക്കുന്ന പവലിയനിലെത്തി, ശിവന്‍ അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു.

ചന്ദ്രനില്‍ പേടകം ഇറക്കുകയെന്ന ഇന്ത്യന്‍ സ്വപ്‌നത്തിന് തിരിച്ചടി നേരിട്ടത് ലാന്റിംങിന് 13 മിനിറ്റ് മുമ്പാണ്. കഴിഞ്ഞ ആറാഴ്ചയായി എല്ലാം കൃത്യമായി നടന്നതിന് ശേഷം പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കുന്നതിന് മുമ്പാണ് ലാന്ററില്‍നിന്നുള്ള സന്ദേശം നഷ്ടമായത്.

വിക്രം ലാന്റര്‍ ചന്ദ്രനിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്ത് പേടകത്തിന്റെ വേഗം മണിക്കൂറില്‍ മണിക്കൂറില്‍ 6048 കിലോമീറ്ററായിരുന്നു. അത് ഘട്ടംഘട്ടമായി കുറച്ചു വേണമായിരുന്നു പേടകത്തെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുവാന്‍. മണിക്കൂറില്‍ ഏഴ് കിലോമീറ്ററായി ചുരുക്കിവേണമായിരുന്നു ചന്ദ്രനില്‍ ചന്ദ്രയാന്‍-2 ഇറങ്ങേണ്ടത്. ഇതിനായി വേഗം കുറക്കുന്നതിനിടയിലാണ് വാഹനത്തില്‍നിന്നുള്ള സന്ദേശം നഷ്ടമായത്. ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റവര്‍ക്കിലായിരുന്നു ഇത് സംബന്ധിച്ച  എല്ലാം നിയന്ത്രിച്ചത്.

1.38 നാണ് ചന്ദ്രയാന്‍ പേടകം ലാന്റിംങിനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ വരെ അകലെ എത്തിയപ്പോള്‍ ശാസ്ത്രജ്ഞരെ നിരാശരാക്കി കൊണ്ട് സന്ദേശം നിലയ്ക്കുകയായിരുന്നു.  ഈ സമയത്ത് പ്രധാനമന്ത്രിയും ശാസ്ത്രകാരന്മാരോടൊപ്പം ഉണ്ടായിരുന്നു.

This post was last modified on September 7, 2019 12:51 pm