X

മോദിയോട് അര്‍ണബ് ചോദിക്കാന്‍ മറന്ന ചോദ്യങ്ങള്‍

ടീം അഴിമുഖം

വാര്‍ത്താവതാരകന്‍ അയാള്‍ക്ക് നേരെ  അലറുമ്പോള്‍ അ യുവവിദ്യാര്‍ത്ഥി നിസ്സഹായമായി പ്രതിഷേധിച്ചുകൊണ്ടിരുന്നു. അവതാരകന്‍ അയാളെ നിരുത്തരവാദി, ഇന്ത്യാ വിരുദ്ധന്‍ തുടങ്ങി കരുതിവെച്ച അധിക്ഷേപങ്ങളില്‍ കുളിപ്പിച്ചുകൊണ്ടിരുന്നു.

മറ്റൊരു ദിവസം, ഒരു യുവ മാധ്യമപ്രവര്‍ത്തകനായിരുന്നു ടി വി പരിപാടിയില്‍ എത്തിപ്പെട്ടത്. അയാള്‍ 2008-ലെ ബട്ല ഹൌസ് ഏറ്റുമുട്ടലിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അവതാരകന്‍ അയാള്‍ക്ക് നേരെ കുരച്ചുചാടി; നിങ്ങള്‍ ഭീകരവാദികളെ സംരക്ഷിക്കുകയാണ്.

ഓരോ ദിവസവും അവതാരകന്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളെ- രാഷ്ട്രീയക്കാര്‍, അഭിനേതാക്കള്‍, ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍, സെന്‍സര്‍ ബോഡ് തലവന്‍- വിളിച്ചുവരുത്തി, അവരുടെ വാദമുഖങ്ങളെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ, ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ ധാര്‍മിക പാഠങ്ങള്‍ അടിച്ചേല്‍പ്പിച്ച്, ദേശീയതയെയും മറ്റ് പലതിനെയും കുറിച്ചുള്ള താക്കീതുകളോടെ അവരെ നിസാരവത്കരിക്കുകയും തള്ളിക്കളയുകയും ചെയ്തു.

അങ്ങനെ ഒരുനാള്‍ അയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

പ്രധാനമന്ത്രി ആദ്യമായി ഒരു സ്വകാര്യ ടെലിവിഷന്‍ നിലയത്തിന് അഭിമുഖം നല്കാന്‍ തീരുമാനിച്ചപ്പോള്‍ അയാള്‍ ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ആക്രമണോത്സുകനായ, ശക്തനായ, ജനപ്രിയ ടെലിവിഷന്‍  വാര്‍ത്താവതാരകന്‍ അര്‍ണോബ് ഗോസ്വാമിയെ തെരഞ്ഞെടുത്തു.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം ഗുരുതരമായ രോഗാവസ്ഥയിലാണെന്നും അടിയന്തര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ അത് വളരെവേഗം മരണശയ്യയിലാകുമെന്നുമാണ്  തിങ്കളാഴ്ച്ച സംപ്രേഷണം ചെയ്ത ആ അഭിമുഖം നല്‍കുന്ന മുന്നറിയിപ്പ്.

തന്റെ പതിവ് ഔദ്ധത്യത്തെയും ആക്രമണത്വരയേയും ഊരിവെച്ച ഗോസ്വാമി ഭയഭക്തി ബഹുമാനത്തോടെയാണ് മോദിക്ക് മുന്നിലിരുന്നത്. ടൈംസ് നൌ അവതാരകന്‍ മോദിയെ പ്രശംസകള്‍ കൊണ്ട് മൂടി. വിദേശ നയത്തിലെ സന്തുലിതാവസ്ഥ, യു.എസില്‍ നടത്തിയ  മഹത്തായ പ്രസംഗം, മികച്ച സാമ്പത്തിക വളര്‍ച്ച, കഠിന പ്രയത്നവും സത്യസന്ധതയും; അങ്ങനെയങ്ങനെ വാഴ്ത്തുപാട്ടുകളാല്‍ അര്‍ണോബ് മോദിയെ അഭിഷേകം ചെയ്തു. തങ്ങളൊരു അത്ഭുതലോകത്താണെന്ന് കാഴ്ച്ചക്കാര്‍ക്ക് തോന്നിയെങ്കില്‍ അവരെ കുറ്റം പറയാനാകില്ല.

എന്നാല്‍ ഗോസ്വാമി മോദിയോട് ചോദിക്കാന്‍ മറന്നതും നമ്മള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നതുമായ ചില ചോദ്യങ്ങളിതാ:

1. യു.എസ് ചേരിയിലേക്ക് അത്യുത്സാഹത്തോടെ നീങ്ങി, തെക്കന്‍ ചൈന കടലില്‍ ചൈനയുടെ ഇടപെടലുകള്‍ക്കെതിരെ വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രസ്താവനകള്‍ പുറപ്പെടുവിച്ച്, ഇന്ത്യ-യു.എസ് മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കുചേരാന്‍ ജപ്പാനെ ക്ഷണിച്ച്, സമാനമായ മറ്റ് പല നടപടികളിലൂടെയും താങ്കള്‍ ഇന്ത്യ-ചൈന ബന്ധത്തെ അലോസരപ്പെടുത്തിയില്ലെ? താങ്കളുടെ സങ്കുചിതമായ വിദേശനയത്തിന്റെ ഫലമല്ലേ, ചൈനയോടുള്ള സമീപനത്തിലെ കാര്‍ക്കശ്യം?

2. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ സംഭവിച്ചതുപോലുള്ള ഹിന്ദു പലായനം ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന്‍  അമിത് ഷാ താങ്കളുടെ സാന്നിധ്യത്തിലാണ് ഈ മാസമാദ്യം അലഹാബാദില്‍ നടന്ന ബി ജെ പി ദേശീയ സമിതി യോഗത്തില്‍ പറഞ്ഞത്. താങ്കളുടെ പാര്‍ട്ടിയുടെ ലോകസഭാംഗം പ്രചരിപ്പിക്കുന്ന നുണകള്‍ ഉപയോഗിക്കുകയാണ് ഷാ ചെയ്തത്. എന്തുകൊണ്ടാണ് താങ്കള്‍ അയാളെ തിരുത്താഞ്ഞത്? ഇത്തരം വിഭാഗീയ തന്ത്രങ്ങളെ താങ്കളും അംഗീകരിക്കുന്നുണ്ടോ?

3. നിരവധി ബി ജെ പി എം പിമാരും നേതാക്കളും ഇന്ത്യയിലെമ്പാടും സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. പലപ്പോഴും അവര്‍ അക്രമത്തിലേക്കും തിരിയുന്നു. എല്ലാ ഭാഗത്തുനിന്നും ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. എന്തുകൊണ്ടാണ് താങ്കളവരെ നിയന്ത്രിക്കാത്തത്? എന്തുകൊണ്ടാണ് സാമുദായിക സംഘര്‍ഷത്തിന്റെ ഈ തീ ഇങ്ങനെ പുകഞ്ഞുകൊണ്ടിരിക്കാന്‍ താങ്കളനുവദിക്കുന്നത്? അതോ, ഇത് താങ്കളുടെ തന്ത്രത്തിന്റെ ഭാഗമാണോ?

4. താങ്കള്‍ കള്ളപ്പണത്തെക്കുറിച്ച് വാചാലനാകാറുണ്ട്. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും മൌറീഷ്യസിലേക്ക് അദാനി ഗ്രൂപ് 5000 കോടി രൂപ കടത്തിയെന്ന ആരോപണമാണ് അന്വേഷണ സംഘങ്ങള്‍ക്ക് മുന്നിലുള്ള  ഇപ്പോഴത്തെ ഏറ്റവും വലിയ കള്ളപ്പണക്കടത്ത്. ഈ കുറ്റാരോപണത്തില്‍ അന്വേഷണം നടത്തി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കുമെന്ന് താങ്കള്‍ക്ക് രാജ്യത്തിന് ഉറപ്പ് നല്‍കാനാകുമോ, പ്രത്യേകിച്ചും അദാനി താങ്കളുമായി ഏറെ അടുപ്പമുള്ള ഒരു വ്യവസായിയാണ് എന്നത് പരിഗണിക്കുമ്പോള്‍?

5. താങ്കള്‍ അധികാരത്തില്‍ വന്നതുമുതല്‍ കാശ്മീരിലെ സംഘര്‍ഷം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കാന്‍ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന്  പറയാമോ? 2014-വരെയെടുത്താല്‍ ഒരു പതിറ്റാണ്ടായി കാശ്മീരിലെ സംഘര്‍ഷം കുറഞ്ഞുവരികയായിരുന്നു എന്നുകൂടി കാണണം.

6. താങ്കളുടെ പ്രതിച്ഛായ പ്രശ്നത്തിന് മാധ്യമങ്ങളെ പഴിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? 2002-ലെ മുസ്ലീം വിരുദ്ധ കലാപത്തിന്റെ ഭാരം താങ്കളുടെമേലുണ്ട്. ആ ദിവസങ്ങളിലെ വീഴ്ച്ചകള്‍ക്ക് മാപ്പ് പറയുക എന്ന പ്രതീകാത്മകമായ ഒരു നിര്‍ണായക നീക്കം താങ്കള്‍ ചെയ്യാത്തത് എന്തുകൊണ്ടാണ്?

മോദിയോട് ചോദിക്കേണ്ട നിരവധി ചോദ്യങ്ങളുണ്ട്. അഭിമുഖത്തിന് ശേഷം തിരികെ തന്റെ ദൈനംദിന ആക്രോശഭൂമിയിലേക്ക് തിരികെ വരുമ്പോള്‍ ഗോസ്വാമി കൂടെക്കൊണ്ടുപോരണം എന്നു നാം പ്രതീക്ഷിക്കുന്ന ഒറ്റക്കാര്യം മോദിയോട് അയാള്‍ ചോദിക്കാന്‍ ഉപയോഗിച്ച ആ വിനയം നിറഞ്ഞ രീതിയാണ്;“താങ്കള്‍ പറയുന്ന ഇക്കാര്യത്തില്‍ എനിക്കൊന്ന് ഇടപെടാനാകുമോ.” നിസ്സഹായരായ വിദ്യാര്‍ത്ഥികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, അങ്ങനെ ഓരോ രാത്രിയിലും തന്റെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തുന്ന മറ്റുള്ളവരോടും ടൈംസ് നൌ അവതാരകന്‍ ഈ മര്യാദയുടെയും വിനയത്തിന്റെയും ചെറുശകലങ്ങളെങ്കിലും കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

നാമൊരു ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിക്കേണമേ !

This post was last modified on June 28, 2016 1:53 pm