X

കുട്ടിയായിരിക്കുമ്പോള്‍ കുളത്തില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടില്‍ കൊണ്ടുവന്നുവെന്ന് മോദി, ഭയം എന്നത് തന്റെ ജീവിതത്തിലില്ലെന്നും ഡിസ്‌ക്കവറി ചാനലിന്‍റെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ പ്രധാനമന്ത്രി

ഇന്നലെയാണ് ഡിസ്കവറി ചാനൽ മോദിയുമായുളള പരിപാടി സംപ്രേഷണം ചെയ്തത്.

പതിനെട്ട് വര്‍ഷത്തിനിടെ എടുത്ത ആദ്യത്തെ അവധി ദിവസങ്ങളിലാണ് താന്‍ ഡിസ്‌കവറി ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിലാണ് അവതാരകന്‍ ബിയര്‍ ഗ്രൈല്‍സിനോട് പ്രധാനമന്ത്രി തന്നെക്കുറിച്ചും തൻ്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും വിശദീകരിച്ചത്.

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ശേഷം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാവാണ് നരേന്ദ്ര മോദി. പരിപാടിയില്‍ ഉടനീളം തന്റെ സവിശേഷതകള്‍ വിവരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ചായിരുന്നു പരിപാടിയുടെ ചിത്രീകരണം.

ചെറുപ്പകാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. 17-ാം വയസ്സില്‍ തന്നെ ലോകത്തെ അറിയാന്‍ തീരുമാനിച്ചു. ആത്മീയത അനുഭവിക്കണമായിരുന്നു. അങ്ങനെ ഹിമാലയത്തില്‍ പോയി. പ്രകൃതിയെ എനിക്ക് ഇഷ്ടമാണ്. ഹിമാലയത്തിലുള്ള ആളുകളോടൊപ്പം താമസിച്ചുവെന്നും മോദി അവകാശപ്പെട്ടു. ദീര്‍ഘകാലം അവിടെ ചിലവഴിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കടുവകള്‍ കൂടുതലായുള്ള കാട്ടിലൂടെ സഞ്ചരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഈ അനുഭവത്തെ ഭീതിയോടെ കാണേണ്ടതല്ല, പ്രകൃതിയുമായി സമരസപ്പെട്ട് പോയാല്‍ ഒന്നും സംഭവിക്കില്ല”.

എന്നെങ്കിലും പ്രധാനമന്ത്രി ആകുമെന്ന് കരുതിയിരുന്നുവോ എന്ന ചോദ്യത്തിന്, എല്ലായ്‌പ്പോഴും നാടിന്റെ വികസനം മാത്രമായിരുന്നു തൻ്റെ ലക്ഷ്യമെന്നായിരുന്നു മറുപടി. “വികസനം മാത്രമായിരുന്നു ലക്ഷ്യം. ഇപ്പോഴത്തെ ജോലിയില്‍ പൂര്‍ണ സംതൃപ്തനാണ്. 18 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഞാന്‍ അവധി എടുക്കുന്നത്. പ്രധാനമന്ത്രിയാകുകയെന്ന കാര്യമൊന്നും ഒരിക്കലും ഓര്‍ത്തിട്ടില്ല. ഞാന്‍ അത്തരം ചിന്തകള്‍ക്കെല്ലാം അതീതനാണ്. എന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമാത്രമാണ് ആലോചന. പദവി ഏതായാലും അതൊന്നും എന്നെ ബാധിക്കില്ല”, മോദി പറഞ്ഞു.

“പേടിയെന്നത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല. ചാഞ്ചല്യമെന്ന അവസ്ഥ എന്തെന്ന് വിശദീകരിക്കാന്‍ പോലും എനിക്ക്  ബുദ്ധിമുട്ടാണ്. അത് എന്റെ അടിസ്ഥാനപരമായ സ്വഭാവം കൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും നിരാശനാകാറില്ല”, മോദി പറഞ്ഞു.

ചെറുപ്പത്തില്‍ കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞിനെ പിടിച്ചു വീട്ടില്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ അതിനെ കുളത്തില്‍ തിരികെ വിട്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മോദിയുടെ അവകാശ വാദം.

നാഷണല്‍ പാര്‍ക്കില്‍ ചിലവിട്ട സമയങ്ങള്‍ ഹിമാലയത്തില്‍ ചിലവഴിച്ച ദിവസങ്ങളുടെ ഓര്‍മ്മകളിലേക്കാണ് തന്നെ നയിച്ചതെന്ന് മോദി വിശദീകരിച്ചു. കുളമായാലും പുഴയായാലും വെള്ളചാട്ടമായാലും ഒക്കെയും ധ്യാനം അഭ്യസിക്കുന്ന കാലത്ത് വളരെ പ്രധാനമായിരുന്നു. അക്കാലത്ത് അനുഭവിച്ച സന്തോഷമാണ് തനിക്ക് ഇന്ന് വീണ്ടും ഉണ്ടായതെന്നും മോദി പറഞ്ഞു.
ഇന്നലെയാണ് ഡിസ്‌കവറി ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്.

This post was last modified on August 13, 2019 10:18 am