X

‘ജനഗണമന’യല്ല, തമിഴര്‍ക്ക് മുഖ്യം ‘തായ് തമിഴ് വാഴ്ത്ത്’

അഴിമുഖം പ്രതിനിധി

രാജ്യത്തെ സിനിമശാലകളിലെല്ലാം സിനിമ ആരംഭിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ദേശീയഗാനം മുഴക്കണമെന്ന സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാല്ലോ. എന്നാല്‍ കോടതി ഉത്തരവ് എത്രത്തോളം നടപ്പിലാക്കാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ചില സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിര്‍ബന്ധിതമായി ദേശീയഗാനം മുഴക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല.

ഉദാഹരണത്തിന് ഉത്തരേന്ത്യയിലെ അത്ര സാധാരണമായി പൊതുപരിപാടികളില്‍ തമിഴ്‌നാട് പോലെയുള്ള ഒരു സംസ്ഥാനത്ത് ദേശീയഗാനം ആലപിക്കാറില്ല. പ്രാദേശിക വ്യക്തിത്വത്തിന്റെയും ഉപദേശിയതയുടെയും വികാരങ്ങള്‍ ശക്തമായി ജ്വലിപ്പിക്കുന്ന ‘തായ് തമിഴ് വാഴ്ത്ത്’ എന്ന ഗാനമാണ് മിക്ക പൊതുപരിപാടികള്‍ക്കും തമിഴ്‌നാട്ടില്‍ ആലപിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയാണ് മനോമണിയന്‍ സുന്ദരം പിള്ള എഴുതിയ എം എസ് വിശ്വനാഥന്‍ സംഗീതം നല്‍കിയ ഗാനം പൊതുചടങ്ങുകളില്‍ ആലപിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. പ്രത്യേക ദ്രാവിഡ രാജ്യം അല്ലെങ്കില്‍ ദ്രാവിഡ നാട് എന്ന വികാരത്തിലധിഷ്ടിതമായ ദ്രാവിഡ പ്രസ്ഥാനം 1940കളിലും 60കളിലും സംസ്ഥാനത്ത് ശക്തമായിരുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടയില്‍ ഇന്ത്യന്‍ യൂണിയനില്‍ തുടരുമെന്ന് ഡിഎംകെ നേതാവ് സി എന്‍ അണ്ണാദുരൈ പ്രഖ്യാപിച്ചതോടെയാണ് ഈ വികാരത്തിന് അല്‍പം ശമനമുണ്ടായത്. ഭരണഘടന സ്ഥാപനങ്ങളില്‍ ഇരിക്കുന്നവര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലല്ലാതെ തമിഴ്‌നാട്ടിലെ പൊതുപരിപാടികളില്‍ ദേശീയ ഗാനം ആലപിക്കാറില്ലെന്ന് എഴുത്തുകാരനും ദളിത് സൈദ്ധാന്തികനുമായ സ്റ്റാലിന്‍ രാജാങ്കം ചൂണ്ടിക്കാണിക്കുന്നു. ദേശീയഗാനം പൂര്‍ണമായി മനസിലാക്കാനോ തെറ്റില്ലാതെ ആലപിക്കാനോ കഴിയുന്ന വളരെ കുറച്ച് പട്ടണങ്ങളും ഗ്രാമങ്ങളും മാത്രമേ തമിഴ്‌നാട്ടില്‍ ഉള്ളുവെന്ന് അദ്ദേഹം പറഞ്ഞു. റോജ പോലെയുള്ള കടുത്ത ദേശഭക്തി സിനിമകളാണ് ദേശീയഗാനത്തിന് കുറച്ചെങ്കിലും പ്രചാരം നേടിക്കൊടുത്തത്. സമീപകാലത്ത് ചില സ്‌കൂളുകളില്‍ രാവിലെ ദേശീയഗാനം ആലപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
ചടങ്ങുകളുടെ ആരംഭത്തില്‍ തായ് തമിഴ് വാഴ്ത്തും അവസാനം ജനഗണമനയും ആലപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഉത്തരവിന്റെ രണ്ടാം ഭാഗം മിക്കപ്പോഴും ഒഴിവാക്കപ്പെടുകയാണ് പതിവ്. ഉത്തരേന്ത്യന്‍ സംസ്‌കാരത്തോട് തമിഴ് ജനതയുടെ ഉപബോധ മനസില്‍ ഉറഞ്ഞിരിക്കുന്ന പ്രതിരോധമാണ് ദേശീയ ഗാനത്തിനെതിരെ പ്രതിഫലിക്കുന്നതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ജി ദേവസഹായം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ത്രിഭാഷ പാഠ്യ പദ്ധതി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സംസ്‌കൃതീകരിച്ച ബംഗാളിയിലാണ് ഇന്ത്യയുടെ ദേശീയഗാനം രചിച്ചിരിക്കുന്നതെങ്കിലും ഇത് ഹിന്ദി ഗാനമായാണ് ഭൂരിപക്ഷം തമിഴരും കണക്കാക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് ദേശിയ ഗാനം പരിചരിക്കപ്പെടുന്നതെന്നിരിക്കെ ഗാനാലാപനം നിര്‍ബന്ധിതമാക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് ദേവസഹായം പറയുന്നു. സ്വച്ഛേയാലെ പ്രകടിപ്പിക്കേണ്ട വികാരമാണ് ദേശസ്‌നേഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/yPfojI

This post was last modified on December 2, 2016 12:38 pm