X

വരുമാനം വെളിപ്പെടുത്താന്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും എന്താണ് മടി?

ബിഎസ്പി, സിപിഎം, എഐടിസി എന്നീ പാര്‍ട്ടികള്‍ മാത്രമാണ് നിര്‍ദ്ദിഷ്ട സമയത്ത് കണക്കുകള്‍ സമര്‍പ്പിച്ചത്

ഓരോ സാമ്പത്തിക വര്‍ഷവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ട വരവ് ചെലവ് കണക്കുകള്‍ ബോധിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മടി. 2016-2017 വര്‍ഷത്തെ കണക്കുകള്‍ കാണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ലിസ്റ്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പുറത്തുവിട്ടപ്പോള്‍ ഇതുവരെയും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും തന്നെയാണെന്ന് വ്യക്തമായി.

അതേസമയം ബിഎസ്പി, സിപിഎം, എഐടിസി എന്നീ പാര്‍ട്ടികള്‍ മാത്രമാണ് നിര്‍ദ്ദിഷ്ട സമയത്ത് കണക്കുകള്‍ സമര്‍പ്പിച്ചതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 30ന് മുമ്പ് സമര്‍പ്പിക്കേണ്ടിയിരുന്ന കണക്കുകള്‍ സിപിഐ സമര്‍പ്പിച്ചത് 22 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇന്ന് (ഫെബ്രുവരി ഏഴ്) വരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് നിര്‍ദ്ദിഷ്ട തിയതി കഴിഞ്ഞ് 99 ദിവസമായിട്ടും ബിജെപിയും കോണ്‍ഗ്രസും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ രണ്ട് പാര്‍ട്ടികളും തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന തിയതിയ്ക്കും ദിവസങ്ങള്‍ കഴിഞ്ഞാണ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാകുന്നത്.

2014-15 വര്‍ഷത്തില്‍ ബിജെപി 133 ദിവസങ്ങളും കോണ്‍ഗ്രസ് 153 ദിവസങ്ങളും പിന്നിട്ട ശേഷമാണ് കണക്കുകള്‍ സമര്‍പ്പിച്ചത്. 2015-16ലാകട്ടെ ഇത് യഥാക്രമം 209ഉം 252ഉം ദിവസങ്ങളായി. ഓരോ സാമ്പത്തിക വര്‍ഷത്തിലുമുണ്ടായ വരുമാനവും ഇതിന്റെ സ്രോതസും ഇത് ചെലവാക്കിയ രീതികളും എല്ലാം വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തെയാണ് രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും പുല്ലുവില പോലും കല്‍പ്പിക്കാതെ തള്ളിക്കളയുന്നത്.

ബിഎസ്പി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 173.58 കോടി വരുമാനമുണ്ടാക്കിയതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 30 ശതമാനം(51.83 കോടി) മാത്രമാണ് ചെലവാക്കിയതെന്നും അവര്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എഐടിസിയുടെ കണക്കുകള്‍ അനുസരിച്ച് 6.39 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വരുമാനം. എന്നാല്‍ 17.87 കോടി രൂപയാണ് അവര്‍ ചെലവഴിച്ചത്. അതായത് വരുമാനത്തിന്റെ 280 ശതമാനം അധികം. 7.732 കോടി രൂപ വരുമാനമുണ്ടായിരുന്ന എന്‍സിപിയും 17.235 കോടി ചെലവഴിച്ച് വരുമാനത്തിലും അധികം തുക ചെലവഴിച്ചിട്ടുണ്ട്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം വരുമാനമുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണപക്ഷിയായ ബിജെപി തന്നെയാണ്. 570.86 കോടിയായിരുന്നു അവരുടെ വരുമാനം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ഇവര്‍ ഹാജരാക്കിയിട്ടില്ല. 2015-16 വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ബിഎസ്പിയുടെ വരുമാനത്തില്‍ 266.32 ശതമാനം(ഏകദേശം 126.195 കോടി രൂപ)യുടെ വര്‍ദ്ധനവുണ്ടായെന്നും രേഖകള്‍ പറയുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ വരുമാനം 47.385 കോടി മാത്രമായിരുന്നു. എന്‍സിപിയുടെ വരുമാനത്തിലും ഇതുപോലെ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 9.137 കോടി രൂപയായിരുന്ന എന്‍സിപിയുടെ വരുമാനം 2016-17ല്‍ 17.235 കോടിയായി ഉയര്‍ന്നു. അതേസമയം മുന്‍വര്‍ഷത്തില്‍ 107.48 കോടി രൂപ വരുമാനമുണ്ടായിരുന്ന സിപിഎമ്മിന് ഈ വര്‍ഷം അത് 100.256 ആയി കുറഞ്ഞു. സിപിഐയുടെയും വരുമാനത്തില്‍ കുറവു വന്നെന്നാണ് രേഖകള്‍ പറയുന്നത്. 2015-16ല്‍ 2.176 കോടി രൂപയായിരുന്നത് കഴിഞ്ഞ വര്‍ഷം 2.079 കോടി രൂപയായി.

അതേസമയം തങ്ങളുടെ വരുമാനത്തിന്റെ മൂന്ന് പ്രധാന സ്രോതസുകളും സംഭാവന ഇനത്തിലാണെന്നാണ് പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത്. ബിഎസ്പി 75.26 കോടി രൂപയും സിപിഎം 36.727 കോടിയും എന്‍സിപി 6.62 കോടിയും എഐടിസി 2.17 കോടിയും ഈ ഇനത്തില്‍ നേടി. അംഗത്വത്തിലൂടെയുള്ള വരുമാനത്തിലും ഈ പാര്‍ട്ടികള്‍ നേട്ടം കൊയ്തു. 22 ശതമാനം വളര്‍ച്ചയാണ് കണക്കുകള്‍ സമര്‍പ്പിച്ച് അഞ്ച് പാര്‍ട്ടികള്‍ക്കുമായി ഈയിനത്തില്‍ അധികമായി ലഭിച്ചത്. കൂടാതെ ബാങ്ക് പലിശ ഇനത്തിലെ വരുമാനത്തില്‍ 17.87 ശതമാനത്തിന്റെ വര്‍ദ്ധനവും ഈ പാര്‍ട്ടികള്‍ക്കുണ്ടായി.

ആദായനികുതി വകുപ്പിന്റെ പരിഷ്‌കരിച്ച 13എ വകുപ്പ് പ്രകാരമുള്ള ഫിനാന്‍സ് ബില്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് നികുതി ഇളവ് അനുവദിക്കൂ. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുകയും വേണം. ഇത്തരത്തില്‍ നിശ്ചിത തിയതിയ്ക്ക് മുമ്പ് സമര്‍പ്പിക്കാത്ത ആദായം നികുതി ഇളവില്‍ ഉള്‍പ്പെടുത്തുകയുമില്ല.

ആര്‍ടിഐ അനുസരിച്ചാണ് സംഘടന ഈ കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്. വരവു ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാത്ത എല്ലാ രാഷ്ട്രീയ ആദായനികുതി വകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആവശ്യപ്പെടുന്നു. ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ടിഐ അനുസരിച്ച് തങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രക്രിയയും അതുവഴി ജനാധിപത്യവും ശക്തിപ്പെടുകയുള്ളൂവെന്നും പത്രക്കുറിപ്പില്‍ ഇവര്‍ അറിയിച്ചു.

This post was last modified on February 8, 2018 1:08 pm