X

നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചു എന്നു യുവമോര്‍ച്ചയുടെ പരാതി; കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തു

കമലിന്റെ 'ശ്മാശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവലിലെ ഭാഗങ്ങളും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പുകളും ചൂണ്ടികാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്

നോവലില്‍ ദേശീയ ഗാനത്തെ അവഹേളിച്ചു എന്ന പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്തു. കമലിന്റെ ‘ശ്മാശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിലെ ഭാഗങ്ങളും ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പുകളും ചൂണ്ടികാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

നോവലിലെ സ്‌കൂള്‍ പശ്ചാത്തലമായ ഒരു ഭാഗത്ത് ദേശീയ ഗാനം ചൊല്ലാനുള്ള സമയമാകുമ്പോള്‍ ചില കുട്ടികള്‍ക്കും മൂത്രമൊഴിക്കണമെന്ന് പറയുമ്പോള്‍ അധ്യാപകര്‍ സമ്മതിക്കുന്നില്ല. അപ്പോള്‍ ഒരു കുട്ടി പറയുന്നത്- ‘ജനഗണനമന ചൊല്ലുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനേക്കാള്‍ പ്രധാനം മൂത്രമൊഴിക്കുകയാണ്. അതുകൊണ്ട് അച്ചടക്കമില്ലാത്ത ഒരു കുട്ടിയാവാനാണ് താനിഷ്ടപ്പെടുന്നത്.’ ഈ വരികള്‍ ചൂണ്ടി കാട്ടിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്.

കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് പോലീസ് കമലിനെ നടക്കാവ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. കരുനാഗപ്പള്ളിയിലെ പോലീസ് എത്തിയിട്ടെ കമാലിനെ അറസ്റ്റ് ചെയ്യുകയുള്ളൂ. സെക്ഷന്‍ 124 എ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘ശ്മാശാനങ്ങളുടെ നോട്ടുപുസ്തകം’ ഒരു വര്‍ഷം മുമ്പ് ഗ്രീന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചതാണ്. ഈ ബുക്കിലെ ഒരോ ഭാഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടയ്ക്ക് കമല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പരാതിയായി കമലിനെതിരെ വന്നിരിക്കുന്നത്.

അതേസമയം കമലും കരുനാഗപ്പള്ളി എസ്‌ഐയും തമ്മില്‍ മുമ്പ് പ്രശ്‌നമുണ്ടായിരുന്നുവെന്നും അതിനെതുടര്‍ന്ന് കമലിനെതിരായ പരാതി എസ്‌ഐ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ ആരോപിക്കുന്നുണ്ട്.

This post was last modified on December 18, 2016 5:29 pm