X

വിരട്ടലും പ്രീണനവും ഇടതുപക്ഷത്തിന്റെയടുത്ത് നടക്കില്ലെന്ന് ബിജെപിക്കറിയാം, അതിനാലവര്‍ അക്രമിക്കുന്നു; സീതാറാം യെച്ചൂരി

കേരളത്തിലെ ബിജെപിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ അക്രമം അഴിച്ചുവിടുന്നത്

അഴിമതിയുടെ പേരും പറഞ്ഞ് സിബിഐയെയും കേന്ദ്ര ഏജന്‍സികളെയും കാണിച്ച് വിരട്ടാനോ ഗുജറാത്തിലെ പോലെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങാനോ സാധിക്കാത്തിനാലാണ് കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ പുറത്താക്കാന്‍ ബിജെപി മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മറ്റ് പാര്‍ട്ടികളെ വിരട്ടിയും പ്രീണിപ്പിച്ചും കൈപ്പിടിയിലൊതുക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഇടതുപാര്‍ട്ടികളോട് ഈ നയം വിലപ്പോവില്ലെന്ന് കേന്ദ്രത്തിന് അറിയാമെന്നും യെച്ചൂരി ഡെക്കാണ്‍ ക്രോണിക്കിളിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ഭരണത്തിലേറി ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ആര്‍എസ്എസുകാരെക്കാള്‍ കൂടുതല്‍ സിപിഎമ്മുകാരാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സാമൂഹിക, രാഷ്ട്രീയ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന ആര്‍എസ്എസ്, ബിജെപി തന്ത്രം മൂലമാണ് കണ്ണൂര്‍ പോലുള്ള സ്ഥലങ്ങള്‍ വര്‍ഷങ്ങളായി സംഘര്‍ഷ മേഖലകളായി തുടരുന്നതെന്ന് യെച്ചൂരി ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് കണ്ണൂരിലെ ഒടുവിലത്തെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോധപൂര്‍വം ക്രമസമാധാനനില തകിടംമറിച്ചുകൊണ്ട് ഇടതുസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. കേരളത്തിലെ ബിജെപിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ അക്രമം അഴിച്ചുവിടുന്നത്. സമാധാന ചര്‍ച്ചകള്‍ക്ക് ഇടതുസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ടെന്നും സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി എന്തെങ്കിലും സഖ്യത്തിന് സാധ്യതയുണ്ടോയെന്ന് 2018ല്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിശോധിക്കും. ഇപ്പോള്‍ വികസിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൊണ്ട് ബിജെപി സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ക്കാനാവില്ലെന്നും ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ അത് സാധ്യമാവൂ എന്നും യെച്ചൂരി പറഞ്ഞു. സ്വകാര്യവല്‍ക്കരണം, തെഴിലുറപ്പ് പദ്ധതി പോലുള്ള ക്ഷേമ പദ്ധതികളില്‍ വരുത്തിയിട്ടുള്ള വെട്ടിക്കുറവുകള്‍, വാതക സബ്‌സിഡി ഉപേക്ഷിക്കാനുള്ള തീരുമാനം തുടങ്ങി വിഷയങ്ങള്‍ ഉയര്‍ത്തി സിപിഎം ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കും.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരവിനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് യെച്ചൂരി അവകാശപ്പെട്ടു. നബണ്ണ മാര്‍ച്ചില്‍ ഉണ്ടായ ജനകീയ പങ്കാളിത്തം ഇതിന് തെളിവാണ്. മമത ബാനര്‍ജിയുടെ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ ബിജെപിയുടെ ഹിന്ദുത്വ ഏകീകരണത്തെ സഹായിക്കുമെന്നും അതിനാല്‍ മമതയും മോദയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. രാമ നവമി ദിവസം സ്‌കൂള്‍ കുട്ടികള്‍ പോലും ആയുധമേന്തി പ്രകടനം നടത്തുകയാണ്. കഴിഞ്ഞ നാല്‍പതുവര്‍ഷം ഇടതുപക്ഷം പ്രതിരോധിച്ച പ്രവണതയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസിന്റെ നവഉദാരീകരണ നയങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിച്ച ദുരിതങ്ങളാണ് 2014ല്‍ വര്‍ഗ്ഗീയ കക്ഷികളുടെ വിജയത്തിന് കാരണമായത്. ബിജെപി നടത്തുന്ന അഴിമതികള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വ്യാപം കേസ്, പാനമ രേഖകള്‍, സഹാറ-ബിര്‍ല ഡയറികള്‍ എന്നിവയില്‍ പ്രധാനമന്ത്രിയുടെ പേര് നേരിട്ട് പരാമര്‍ശിക്കപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാവുന്നില്ല. നേരത്തെ സിബിഐ എന്നാല്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നായിരുന്നു. ഇപ്പഴത് കമ്മ്യൂണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയി മാറിയിരിക്കുകയാണെന്നും യെച്ചൂരി പരിഹസിച്ചു.

 

This post was last modified on August 13, 2017 5:55 pm