X

രാജ്യത്തെ ധനസ്ഥിതി ശുഭകരമല്ലെന്ന് റിസര്‍വ് ബാങ്ക് സര്‍വ്വെ

സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും ദുഃഖകരമായ അവസ്ഥ തൊഴില്‍ രംഗത്താണെന്നും സര്‍വ്വെ വ്യക്തമാക്കി

രാജ്യത്തെ സാമ്പത്തിക സ്ഥിതി ശുഭാപ്തി വിശ്വാസം നല്‍കുന്നില്ലെന്ന് റിസര്‍വ്വ ബാങ്ക് സര്‍വ്വെ. സര്‍വ്വയില്‍ പങ്കെടുത്ത് ഭൂരിപക്ഷം പേരും നിലവിലെ സ്ഥിതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെന്നും ആര്‍ബിഐ സര്‍വ്വെ വ്യക്തമാക്കി. തൊഴില്‍ മേഖലയിലും ഉപഭോക്താക്കള്‍ക്കിടയിലും നിലവിലെ സ്ഥിതി ആത്മവിശ്വാസം നല്‍കുന്നതല്ലെന്ന് സര്‍വ്വെയില്‍ പ്രതിഫലിക്കുന്നതായി ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്തുളള സാമ്പത്തികസ്ഥിതി ശുഭകരമല്ലെന്നാണ് പരക്കെയുളള ധാരണയെന്നും തുടര്‍ച്ചയായ നാലു പാദങ്ങളിലും ധനസ്ഥിതി മോശം അവസ്ഥയാണ് കാണിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് ഒക്ടോബര്‍ 4 ന് ചേര്‍ന്ന ബാങ്കിന്റെ നയ അവലോകന യോഗവും വിലയിരുത്തി. 2017-2018 സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.3 ശതമാനത്തില്‍ നിന്നും 6.7 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും അവലോകനം പ്രവചിക്കുന്നു.

ധനസ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവര്‍ 34.6 ശതമാനമാണെന്ന് സര്‍വ്വെ രേഖപ്പെടുത്തി. 2016ല്‍ ഇങ്ങനെ അനുകൂല നിലപാട് പുലര്‍ത്തിയത് 44.6 ശതമാനം ജനങ്ങളായിരുന്നു. 2017ല്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി ഉപയോഗിക്കാനുളള ആത്മവിശ്വാസം വളരെകുറഞ്ഞുവെന്ന് വിശ്വസിക്കുന്നവര്‍ 40.7 ശതമാനമാണ്. എന്നാല്‍ 2016 ല്‍ ഇക്കൂട്ടരുടെ ശതമാനം വെറും 25.3 ശതമാനം മാത്രമായിരുന്നുവെന്നും സര്‍വ്വെ പറയുന്നു.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യുഡല്‍ഹി എന്നീ ആറ് നഗരങ്ങളിലാണ് സര്‍വ്വെ നടത്തിയത്. 5100 പേര്‍ തങ്ങളുടെ അഭിപ്രായം സര്‍വ്വയില്‍ പങ്കുവെച്ചു. പൊതുവെയുളള സാമ്പത്തിക സാഹചര്യം, പ്രതീക്ഷകള്‍, തൊഴില്‍സ്ഥിരത, സാധനങ്ങളുടെ വിലക്കയറ്റം, സര്‍വ്വോപരി വരുമാനവും ചിലവും സംബന്ധിച്ച അഭിപ്രായങ്ങളാണ് ഇവരില്‍ നിന്നും സര്‍വ്വെ ശേഖരിച്ചത്.

നിലവിലെ സാമ്പത്തിക സ്ഥിതിവിവര സൂചിക അനുസരിച്ച് ഉപഭോക്താക്കളുടെ മനോവികാരം അത്ര ശുഭകരമല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. നിലവിലെ സ്ഥിതി ഭാവിയില്‍ തുടരുമെന്നും ആര്‍ ബി ഐയുടെ ഫ്യുച്ചര്‍ എക്സ്പെറ്റേഷന്‍ സൂചികയില്‍ പ്രതിഫലിപ്പിക്കുന്നണ്ടെന്നും ദി സ്‌ക്രോള്‍ വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും ദുഃഖകരമായ അവസ്ഥ തൊഴില്‍ രംഗത്താണെന്നും സര്‍വ്വെ വ്യക്തമാക്കി. 43.7 ശതമാനം ആളുകളും തൊഴില്‍ രംഗത്തെ പ്രതിസന്ധിയില്‍ ദുഃഖം പ്രകടിപ്പിച്ചതായും സര്‍വ്വെ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതെ ഘട്ടത്തില്‍ നടത്തിയ സര്‍വ്വെയില്‍ 31.4 ശതമാനം ആളുകളാണ് തൊഴില്‍ വിഷയത്തില്‍ നിരാശ പ്രകടിപ്പിച്ചതെന്നും സര്‍വ്വ പറയുന്നു.

എന്നാല്‍, സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ധനം ഈ വര്‍ഷം ചിലവഴിച്ചതായി 80 ശതമാനം പേര്‍ സര്‍വ്വെയില്‍ പറഞ്ഞു. ഇതുമൂലമാണ് വിലക്കയറ്റം ഉണ്ടായതെന്നും ആര്‍ബിഐ വിശദീകരിച്ചു.

This post was last modified on October 9, 2017 4:52 pm