X

മധ്യപ്രദേശില്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ്‌ വിവസ്ത്രരാക്കി മര്‍ദ്ദിച്ചതായി പരാതി

മനുഷ്യാവകാശ ലംഘനമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനവുമായി ജില്ല കളക്ടറെ കാണാന്‍ പോയ കര്‍ഷകര്‍ക്ക് പൊലീസിന്റെ വക മര്‍ദ്ദനം. അറസ്റ്റ് ചെയ്ത കര്‍ഷകരെ സ്റ്റേഷനില്‍ കൊണ്ടുപോയി അടിവസ്ത്രം മാത്രം ഇടീപിച്ച് നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിഷേധത്തെ പിന്തുണച്ച കോണ്‍ഗ്രസ് പാര്‍ട്ടി.

ജൂണില്‍ വന്‍ കര്‍ഷക പ്രതിഷേധത്തിനു സാക്ഷിയാവുകയും പൊലീസ് വെടിവയ്പ്പില്‍ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്ത ബുന്ദേല്‍ഖണ്ഡില്‍ തന്നെയാണ് ഈ സംഭവവും.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ബുന്ദേല്‍ഖണ്ഡിലെ ടികാംഗറിലുള്ള കളക്േ്രടറ്റില്‍ ഒരു സംഘം കര്‍ഷകര്‍ എത്തിയത്. തങ്ങളുടെ പരാതികള്‍ ജില്ല ഭരണാധികൂടിയായ കളക്ടറെ ബോധിപ്പിക്കാന്‍ ഒരു നിവേദനവുമായാണ് ഇവര്‍ എത്തിയത്. എന്നാല്‍ കര്‍ഷകരെ കാണാന്‍ കളക്ടര്‍ വിസമ്മതിച്ചതോടെ ഇവര്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ പൊലീസ് ഇടപെടുകയും കര്‍ഷകര്‍ക്കുനേരെ ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു. കര്‍ഷകര്‍ വടികളും കന്നാസുകളുമായി പൊലീസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സ്ഥിതി വഷളായി. മുപ്പതോളം കര്‍ഷകര്‍ക്ക് ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലുമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്തെന്നപേരില്‍ നിരവധി കര്‍ഷകരെ പൊലീസ് തടഞ്ഞുവച്ചു. ഇവരെ ദേഹട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി വിവസ്ത്രരാക്കി ഉപദ്രവിക്കുകയുമായിരുന്നു കോണ്‍ഗ്രസ് നേതാവ് യാദവേന്ദ്ര സിംഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു. തങ്ങള്‍ ഇടപ്പെട്ടശേഷമാണ് കര്‍ഷകരെ വിടാന്‍ പൊലീസ് തയ്യാറായതെന്നും സിംഗ് പറയുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് കര്‍ഷകര്‍ക്കു നേരെ നടന്നതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും സിംഗ് പറയുന്നു.ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ക്ക് ചിത്രങ്ങളും വീഡിയോയും സഹിതം പരാതി നല്‍കുമെന്നും പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ടികാംഗറില്‍ ബന്ദ് നടത്തുമെന്നും യാദവേന്ദ്ര സിംഗ് പത്രത്തോട് പ്രതികരിച്ചു.

2016 ഫെബ്രുവരിക്കും 2017 ഫെബ്രുവരിക്കും ഇടയില്‍ 1,982 കര്‍ഷകരാണ് ബുന്ദേല്‍ഖഡില്‍ മാത്രം ആത്മഹത്യ ചെയ്തത്. സംസ്ഥാനത്തെ മൊത്തം കര്‍ഷക ആത്മഹത്യയുടെ അഞ്ചില്‍ ഒന്നുവരും ഇത്.