X

ആരാണ് ദേശവിരുദ്ധര്‍?

ടീം അഴിമുഖം/എഡിറ്റോറിയല്‍

ആരാണ് ദേശവിരുദ്ധര്‍?

ഇന്ത്യ എന്നു വിളിക്കുന്ന ഈ ദേശരാഷ്ട്രത്തിലെ താമസക്കാരായ നമ്മള്‍ ആരാണ് ഇന്ത്യാക്കാരന്‍, ആരാണ് അതിനെതിര് എന്നു നിശ്ചയിക്കേണ്ടത് പ്രധാനമല്ലേ?

തന്റെ സമൂഹം തനിക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച നികൃഷ്ടമായ ജാതിവ്യവസ്ഥയെ മറികടന്ന് ഒരു പണ്ഡിതനും എഴുത്തുകാരനുമാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയാണോ ദേശവിരുദ്ധന്‍? ഒരു പണ്ഡിതനായി മികവ് തെളിയിക്കാന്‍ ദരിദ്രമായൊരു കുടിലില്‍ നിന്നും ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കുടിയേറിയ, കഷ്ടപ്പാടുകള്‍ക്കിടയിലും സഹജീവികളെക്കുറിച്ചുള്ള തന്റെ ആകുലതകള്‍ ഉറക്കെ പ്രകടിപ്പിച്ച അയാളാണോ ദേശവിരുദ്ധന്‍?

അതോ സവര്‍ണ ജാതിഹിന്ദുക്കളുടെ പ്രതിനിധികളായി ഇന്ത്യന്‍ ഭരണഘടനയെ ക്ഷുദ്രവും വിഭാഗീയവുമായി വ്യാഖ്യാനിച്ച്, വെമുലയെയും കൂടെയുള്ളവരെയും ദേശദ്രോഹികളായി ചിത്രീകരിച്ച എ ബി വി പി നേതാക്കളാണോ ദേശവിരുദ്ധര്‍?

ആരാണ് ദേശവിരുദ്ധര്‍? 

സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടുകയും സര്‍വകലാശാല ‘ജാതി, തീവ്രവാദ, ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി’ എന്നാരോപിച്ച കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണോ അത്? അതോ അത്തരമൊരു ദുരാരോപണം നിറഞ്ഞ മണ്ടന്‍ കത്തിന്റെ പേരില്‍ സര്‍വകലാശാലയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര മാനവശേഷി വിഭവ വികസന മന്ത്രി സ്മൃതി ഇറാനിയോ?

ആരാണ് രാജ്യദ്രോഹികള്‍? പൊലിപ്പിച്ചെടുത്ത വാചക കസര്‍ത്തോടെ, വിവരംകെട്ട, വര്‍ഗീയ വൈതാളികന്‍മാരെക്കുറിച്ചുള്ള രോഷാകുലതകളോടെ, ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ആകുലത പുലര്‍ത്തുന്ന സകലരും ചോദിക്കുന്ന ചോദ്യമാണിത്. നമ്മുടെ വീടുകളിലും തെരുവുകളിലും നാം ആവര്‍ത്തിച്ചു ചോദിക്കേണ്ട ചോദ്യം കൂടിയാണത്. നമ്മുടെ രാവുകളെ ജാഗ്രത്താക്കുകയും നമ്മെ ഉറക്കാതിരിക്കുകയും ചെയ്യേണ്ട ചോദ്യമാണത്. 

കാരണം ഞായറാഴ്ച്ച അത് രോഹിതായിരുന്നു, നാളെ അതാരുമാകാം. 

ആരാണ് ദേശവിരുദ്ധര്‍? തൂക്കിക്കൊലയെ എതിര്‍ക്കുന്നവരാണോ അത്? അതോ വ്യാജ ഭീകരവാദ ആരോപണങ്ങളുടെ പേരില്‍ നിരപരാധികളെ വധിക്കുന്നവരോ?

ആരാണ് വാസ്തവത്തില്‍ ദേശവിരുദ്ധര്‍? വെളിസ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നടത്താനും ചേരികളില്‍ ജീവിക്കാനും വിധിക്കപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം ആധുനിക വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് നടന്നുകയറുന്ന പെണ്‍കുട്ടികളാണോ ദേശവിരുദ്ധര്‍? അതോ സ്വന്തം വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ച് മാത്രമല്ല, അധികാരത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ ഏതാണ്ടെല്ലാത്തിനെക്കുറിച്ചും കളവ് മാത്രം പറഞ്ഞ ഒരു സ്ത്രീയാണോ അത്?

ആരാണ് ദേശദ്രോഹികള്‍? വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരോ? അതോ വര്‍ണവെറിയുടെ കൊലപാതക ഭീഷണി മുഴക്കി, ഭീകരതയുടെ രാഷ്ട്രീയം അഴിച്ചുവിട്ട്, ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ഓരോ ദിവസവും നിന്ദയും മരണഭീതിയും നിറഞ്ഞ നരകമാക്കി മാറ്റുന്നവരോ?

രോഹിതിന്റെ മരണത്തില്‍ ദു:ഖിക്കുമ്പോള്‍, ഇന്ത്യ എന്ന സങ്കീര്‍ണമായ ഈ രാജ്യത്തിലെ രാഷ്ട്രീയ ജീവികളെന്ന നിലക്ക് നാം ചോദിക്കേണ്ട ഓരൊറ്റ ചോദ്യം ഇതാണ്: ആരാണ് ദേശവിരുദ്ധര്‍? മകനെ സൈനികസേവനത്തിന് പറഞ്ഞയച്ച മുഹമ്മദ് അഖ്‌ലാഖാണോ? അതോ അഖ്‌ലാഖിനെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് തല്ലിക്കൊല്ലാന്‍ മക്കളെ പറഞ്ഞയച്ചയാളോ? അതോ അഖ്‌ലാഖിന്റെ മരണശേഷം നിശബ്ദത പുലര്‍ത്തിയവരോ?

അതോ നമ്മളെല്ലാം ദേശദ്രോഹികളാണോ? കാരണം അഖ്‌ലാഖ് കൊല്ലപ്പെട്ടപ്പോള്‍, ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളെ വെടിവെച്ചുകൊന്നപ്പോള്‍, രോഹിതും സുഹൃത്തുക്കളും സര്‍വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍, ബയോഡാറ്റയില്‍ വ്യാജ വിവരങ്ങള്‍ ചേര്‍ത്തു തട്ടിപ്പു നടത്തിയ ഒരാള്‍ പുതുച്ചേരി സര്‍വകലാശാല വൈസ് ചാന്‍സലറായപ്പോള്‍, നമ്മുടെ നേതാക്കള്‍ അവരുടെ വിദ്യാഭ്യാസയോഗ്യതകളെക്കുറിച്ച് കള്ളം പറഞ്ഞപ്പോള്‍, കള്ളന്മാരും കള്ളക്കടത്തുകാരും തങ്ങള്‍ സാമൂഹ്യ നവോത്ഥാന നായകരാണെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, നാം ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ല. കാരണം നാം ഇന്ത്യ എന്ന ആശയത്തെ ബാലറ്റ് പേപ്പറിലെ വിധിക്കായി വിട്ടുകൊടുത്തിരുന്നു. ഇന്ത്യ എന്ന ആശയം നിരന്തരമായി ആക്രമിക്കപ്പെടുമ്പോള്‍ നാം ഉറങ്ങുകയും ഉറക്കം നടിക്കുകയുമായിരുന്നു. 

വിഭാഗീയ രാഷ്ട്രീയത്തിന്റെ ഈ ചുട്ടുപൊളിക്കുന്ന വേനലില്‍ ഒരൊറ്റ ചോദ്യമേ നമുക്ക് ചോദിക്കാന്‍ ബാക്കിയുള്ളൂ: ആരാണ് ഒരു ഇന്ത്യക്കാരന്‍?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on January 19, 2016 5:35 pm