X

മോദിയുടെ ‘സൊമാലിയ’ വിളിക്ക് രാഷ്ട്രപതിയുടെ ‘എത്യോപ്യ’ന്‍ മറുപടി; ആധാറില്‍ കേന്ദ്രത്തെ കോടതി കയറ്റി മമത; ഗുജറാത്തില്‍ ബിജെപി വാതിലില്‍ മുട്ടുന്നു

ഗുജറാത്തില്‍ തോല്‍ക്കുക തങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ഡല്‍ഹിയിലെ നേതാക്കള്‍ പറയുന്നത്. ഗുജറാത്ത് വീണാല്‍ അടുത്തത് ഡല്‍ഹിയാണെന്ന് അവര്‍ക്ക് നന്നായി അറിയാം.

ആധാര്‍ വിഷയത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി കയറ്റിയ വാര്‍ത്തയാണ് ദി ടെലഗ്രാഫിന്റെ ലീഡ്. Didi’s Aadhar battle in court എന്നാണ് ടെലഗ്രാഫ് വാര്‍ത്തയുടെ തലക്കെട്ട്. ക്ഷേമ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് മമത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മമതയുടെ ഹര്‍ജിയില്‍ തിങ്കളാഴ്ച സുപ്രീംകോടതി വാദം കേള്‍ക്കും. സാമൂഹ്യപ്രവര്‍ത്തകന്‍ രാഘവ് തംഖയും ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.

“എന്റെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യമില്ല. വേണമെങ്കില്‍ കട്ട് ചെയ്‌തോ” എന്ന് മമത നേരത്തെ പറഞ്ഞിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍
ആധാര്‍ നിര്‍ബന്ധമാക്കുന്നത് നിയമപരമായി വലിയ പ്രശ്‌നമാകും. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന പരാതി നേരത്തെ തന്നെയുണ്ട്. വ്യക്തികളുടെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ ഇപ്പോള്‍ എതിര്‍പ്പ് ശക്തമാവുകയാണ്.

ഗുജറാത്തിലെ വാതിലുകളില്‍ ബിജെപി മുട്ടിക്കൊണ്ടേയിരിക്കുന്നു എന്നാണ് ടെലഗ്രാഫ് പറയുന്നത്. BJP knocks on doors എന്നാണ് ടെലഗ്രാഫിന്റെ തലക്കെട്ട്. വാതില്‍ മുട്ട് പ്രചാരണത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. പല ബിജെപി അനുഭാവികളും പാര്‍ട്ടിയുമായി അകന്നതായുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണിത്. പലര്‍ക്കും പല കാരണങ്ങളാണ് ഈ അകല്‍ച്ചയ്ക്കുള്ളത്. വ്യാപാരികളെ സംബന്ധിച്ച് അത് നോട്ട് നിരോധനവും ജി എസ് ടിയുമാണ്. ഈ രണ്ട് കാര്യങ്ങള്‍ വ്യാപാരികളെ മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളേയും ബാധിക്കുന്നുണ്ട്. വര്‍ഷങ്ങളായി മൈന്‍ഡ് ചെയ്യാത്ത വോട്ടര്‍മാരെ ഇത്തവണ ചെന്ന് കാണണമെന്ന് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.

അസംതൃപ്തരായ ആളുകളെ അമിത് ഷാ നേരിട്ട് ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ബിജെപിയുടേയും സംഘപരിവാറിന്റേയും കേഡര്‍ സംവിധാനം അപകടം മണത്ത് എണ്ണിയിട്ട പോലെ പ്രവര്‍ത്തിക്കുന്നു എന്നതിലേക്കാണ് ഈ വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വഡോദരയിലെ ഒരു ബിജെപി അനുഭാവിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ബിജെപിയുടെ ആശങ്കകള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ആ സംഭാഷണം ചോര്‍ന്നത് തങ്ങളെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഗുജറാത്തില്‍ തോല്‍ക്കുക തങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ഡല്‍ഹിയിലെ നേതാക്കള്‍ പറയുന്നത്. ഗുജറാത്ത് വീണാല്‍ അടുത്തത് ഡല്‍ഹിയാണെന്ന് അവര്‍ക്ക് നന്നായി അറിയാം.

കേരളത്തെ സൊമാലിയ ആക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയ ‘എത്യോപ്യന്‍ മറുപടി’ ടിപ്പു റോക്കറ്റിന് ശേഷമുള്ള ആഘാതമായിരിക്കുന്നു ബിജെപിക്ക്. ടെലഗ്രാഫിന്‍റെ കൊല്‍ക്കത്ത എഡീഷന്‍ അടക്കം ഇംഗ്ലീഷ് പത്രങ്ങള്‍ ഈ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി കേരളത്തെ ലോകത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ആഫ്രിക്കയിലെ സൊമാലിയയുമായി താരതമ്യപ്പെടുത്തിയ മോദിയുടെ പ്രസ്താവന വലിയ വിവാദമാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. കേരളത്തെ തുടര്‍ച്ചയായി പ്രശംസിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത് എന്ത് ഭാവിച്ചാണെന്നറിയില്ല. എന്തായാലും ഇന്നലെ സംസ്ഥാനത്തുണ്ടായിരുന്ന കോവിന്ദ് കേരളത്തെ വീണ്ടും പുകഴ്ത്തിയിരിക്കുന്നു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ കേരളത്തിന്റെ നേട്ടങ്ങളെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം കേരള മോഡല്‍ രാജ്യാതിര്‍ത്തി കടന്ന് ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വരെ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സൊമാലിയയേക്കാള്‍ പരിതാപകരമായി ഇടം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദിക്ക് മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ വിദ്യാഭ്യാസ പുരോഗതിയില്‍ മലയാളികളായ അധ്യാപകര്‍ വഹിക്കുന്ന പങ്കാണ് കോവിന്ദ് സാക്ഷ്യപ്പെടുത്തിയത്. എത്യോപ്യ സന്ദര്‍ശിച്ചുപ്പോളുള്ള അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. കേരള മോഡലിനെ പറ്റി ഇങ്ങനെ വാ തോരാതെ സംസാരിക്കുന്ന രാഷ്ട്രപതിക്ക് അടിയന്തരമായി ഗുജറാത്ത് മോഡലിനെക്കുറിച്ച് ഒരു സ്റ്റഡി ക്ലാസ് ഏര്‍പ്പെടുത്തുന്നതിനെ പറ്റി ബിജെപിക്ക് ആലോചിക്കാവുന്നതാണ്.

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on October 28, 2017 2:53 pm