X

ഉത്തരേന്ത്യന്‍ മാധ്യമങ്ങളുടെ ലവ് ജിഹാദ്; ഭീകരതയ്ക്കെതിരെ അമിതാഭ് ബച്ചന്റെ സ്റ്റഡി ക്ലാസ്

ബീഫിന്റേയും പശുവിന്റേയും പേര് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുമ്പോളും എതിരഭിപ്രായം പറയുന്നവരേയും സത്യം വിളിച്ചുപറയുന്നവരേയും വെടി വച്ച് കൊല്ലുമ്പോളും അത് ഭീകരവാദമായി അമിതാഭ് ബച്ചന് തോന്നുന്നില്ല.

എല്ലാ ദേശീയ മാധ്യമങ്ങളുടേയും ലീഡ് വാര്‍ത്ത ഹാദിയ കേസിലെ സുപ്രീംകോടതി ഉത്തരവ് തന്നെയാണ്. ഹാദിയയുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് തന്നെയാണ് മിക്ക ഇംഗ്ലീഷ് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ സിഎന്‍എന്‍ ന്യൂസ്-18ന് Kerala Love Jihad Caseഉം എന്‍ഡിടിവിക്ക് Kerala Conversion Caseഉം ആയിരുന്നു ഇത്. ലവ് ജിഹാദ് എന്ന ‘ഇസ്ലാമോഫോബിക് ബാധ’യില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്തരേന്ത്യന്‍ പത്രങ്ങള്‍ക്ക് കഴിയുന്നില്ല. പഞ്ചാബില്‍ നിന്നുള്ള ദ ട്രിബ്യൂണ്‍ lady in lovejihad എന്നാണ് ഹാദിയയെ വിശേഷിപ്പിച്ചിരിക്കുന്നത്. I Want Freedom എന്ന് ഹാദിയ പറഞ്ഞതാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയുടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി ഉത്തരവ് വ്യക്തിയുടെ മൌലികാവകാശം ലംഘിക്കുന്നതാണ് എന്ന വിമര്‍ശനമുണ്ട്. ഈ ഉത്തരവ് പൂര്‍ണമായും സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം ആറു മാസമായി വീട്ടുതടങ്കലില്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുന്ന ഹാദിയുടെ “സ്വാതന്ത്ര്യം വേണം” എന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

പ്രായപൂര്‍ത്തിയായ വ്യക്തിക്ക് രക്ഷിതാവിന്‍റെ കസ്റ്റഡി എന്ന ഇന്ത്യന്‍ അസംബന്ധത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഭര്‍ത്താവിന്‍റെ സംരക്ഷണത്തെക്കുറിച്ച് ഹാദിയ പറഞ്ഞപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ രക്ഷിതാവല്ല എന്നാണ് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. ഇത് വളരെ വ്യക്തമാണ്‌. ഹാദിയയുടെ വ്യക്തിത്വം ഇത് ഒരു തരത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഈ കേസിലെ അസാധാരണമായ സാഹചര്യങ്ങള്‍ ആയിരിക്കണം വിവാഹം സംബന്ധിച്ച പ്രശ്നത്തില്‍ പെട്ടെന്ന് തീര്‍പ്പ്‌ കല്‍പ്പിക്കുന്നതില്‍ നിന്ന് സുപ്രീംകോടതിയെ പിന്തിരിപ്പിച്ചത്. അതേസമയം വ്യക്തിയുടെ സ്വയംനിര്‍ണയാവകാശവും മൗലികാവകാശവും ഒരു പ്രശ്നമായി തന്നെ തുടരുകയാണ്. ഹൈക്കോടതി ഉത്തരവില്‍ തെളിഞ്ഞു നിന്ന പുരുഷാധികാര മനോഭാവം ഭാഗികമായി സുപ്രീംകോടതി തള്ളിക്കളയുകയും മറ്റൊരു തരത്തില്‍ അതിനെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കളഞ്ഞാണ്, നീട്ടിക്കൊണ്ടുപോകാതെ ഇന്നലെ തന്നെ കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടു. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശം എന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കപില്‍ സിബലിന്‍യും ഇന്ദിരാ ജയ്‌സിംഗിന്റെയും വാദം ഇക്കാര്യത്തില്‍ നിര്‍ണായകമാവുകയായിരുന്നു.

ആളുകള്‍ എന്തുകൊണ്ട് വെറുക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ചും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചുമാണ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബല്‍, ദി ഹിന്ദുവിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത് – In the name of faith (വിശ്വാസത്തിന്‍റെ പേരില്‍). പശ്ചിമേഷ്യയിലെ മത, ഗോത്ര കലാപങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ഷിയ – സുന്നി സംഘര്‍ഷങ്ങള്‍, ജൂതരുടെ വംശഹത്യ, താലിബാന്‍ പോലുള്ള ഇസ്ലാമിസ്റ്റ് ഭീകര സംഘങ്ങളുടെ ഉദയവും വളര്‍ച്ചയും – ഇതെല്ലാം വെറുപ്പില്‍ അധിഷ്ഠിതമായ വിശ്വാസങ്ങളുടെ പുറത്ത് ഉണ്ടാകുന്നതാണ് എന്ന് കപില്‍ സിബല്‍ പറയുന്നത്. മനുഷ്യരില്‍ അന്തര്‍ലീനമായ വെറുപ്പിനോടുള്ള സ്‌നേഹം തങ്ങളുടെ ഭാഗത്തുള്ള ശരികളെക്കുറിച്ചുള്ള ശാഠ്യങ്ങളിലേയ്ക്ക് വരുമ്പോള്‍ വിശ്വാസമായി മാറുന്നു എന്നാണ് കപില്‍ സിബലിന്റെ നിരീക്ഷണം.

http://www.thehindu.com/opinion/op-ed/in-the-name-of-faith/article21011396.ece

ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയെക്കുറിച്ചും കപില്‍ സിബല്‍ പറയുന്നു. വിശ്വാസങ്ങളുടെ പ്രത്യയശാസ്ത്രവത്കരണം സംബന്ധിച്ച പ്രശ്‌നത്തിലേയ്ക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.

ഒരു മുസ്ലീം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചാല്‍ അത് ലവ് ജിഹാദ് ആകുന്നു. പ്രണയം വ്യക്തിപരവും സ്വകാര്യവുമായ ഒന്ന് എന്നതില്‍ നിന്ന് ഹിന്ദുത്വ ശക്തികളുടെ അനുമതിയും അംഗീകാരവും വേണ്ട ഒന്നായി മാറുന്നു. ഇത്തരത്തിലാണ് പിതാവ് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കപ്പെട്ടത് എന്നാണ് കപില്‍ സിബല്‍ പേരുകളും സംഭവവും എടുത്ത് പറയാതെ അഭിപ്രായപ്പെടുന്നത്. മതം വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. എന്നാല്‍ ഹിന്ദുത്വശക്തികളുടെ അധികാര കാലത്ത് അങ്ങനെയല്ല. ഈ ഹിന്ദുത്വ ശക്തികളെ എങ്ങനെ നേരിടുന്നു എന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവി.

“നിങ്ങളുടെ ദൈവം അമിതാഭ് ബച്ചന്‍ നിലപാടുകളില്ലാത്ത മനുഷ്യനാണ്‌”: റാണ അയ്യൂബ്

അസഹിഷ്ണുതയെക്കുറിച്ച്, വിശ്വാസങ്ങളെക്കുറിച്ച്, ഭീകരവാദത്തെക്കുറിച്ച് അമിതാഭ് ബച്ചന്റെ പ്രസംഗമാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഐഡിയാസ് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിതവാദപരമായ സമീപനങ്ങളുടേയും സഹിഷ്ണുതയുടേയും കരുത്ത് എന്താണ് എന്നാണ് അദ്ദേഹം പറയുന്നത്. നവംബര്‍ 26 – മുംബൈ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബച്ചന്റെ പ്രസംഗം. വിഭജനകാലത്തെ കൂട്ടക്കൊലയെക്കുറിച്ച് ബച്ചന്‍ പറയുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ കൂട്ടക്കൊലകളെ കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. വിഭജനകാലത്തേതിന് ശേഷം ഇന്ത്യ കണ്ട് മൂന്ന് വലിയ കൂട്ടക്കൊലകളില്‍ – 1984ലെ സിഖ് വംശഹത്യ, 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് സംഘപരിവാര്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളും. 2002ല്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള ഗുജറാത്തിലെ കൂട്ടക്കൊലകള്‍ – നിശബ്ദനായിരുന്നു ബച്ചന്‍. 1984ല്‍ “വന്‍ മരം വീണ് ഭൂമി കുലുങ്ങിയപ്പോള്‍ അല്ലെങ്കില്‍ വന്‍ മരം വീണപ്പോള്‍ അതിനടിയില്‍ പെട്ട് ചതഞ്ഞരഞ്ഞ് ആയിരക്കണക്കിന് മനുഷ്യര്‍ കശാപ്പ് ചെയ്യപ്പെട്ടപ്പോള്‍, അക്കാലത്തെ ഉന്മാദത്തില്‍, അധികാരത്തിന്റെ അകത്തളങ്ങളില്‍ ലഹരി നുണയുകയായിരുന്നു അമിതാഭ് ബച്ചന്‍ എന്നാണ് ചരിത്രം. കൂട്ടക്കൊലകളുടെ രക്തക്കറ പുരണ്ടവരുടെ ബ്രാന്‍ഡ് അംബാസഡറായി അവതരിക്കാനും ബച്ചന് മടിയുണ്ടായില്ല.

മുഖസ്തുതിയും പാദസേവയുമായി നടക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ (ക്രിക്കറ്റ്, സിനിമ) കാപട്യത്തെക്കുറിച്ച് Supporting Cast – Our Sycophantic Superstars എന്ന പേരില്‍ രാമചന്ദ്ര ഗുഹ ഒരു ലേഖനം അടുത്തിടെ ടെലഗ്രാഫ് പത്രത്തില്‍ എഴുതിയിരുന്നു. അതില്‍ അമിതാഭ് ബച്ചന്‍ വിവിധ ഘടങ്ങളില്‍ ഒരു മടിയുമില്ലാതെ സ്വീകരിച്ച ‘ഓന്തിന്റെ നിറംമാറ്റ’ങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കള്ളപ്പണ നിക്ഷേപത്തിന്റെ പേരില്‍ പനാമ പേപ്പേഴ്‌സിന്റയും പാരഡൈസ് പേപ്പേഴ്‌സിന്റെയും പട്ടികയില്‍ ഇടം പിടിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുള്ള അതുല്യനടനായ ബച്ചന്‍ കള്ളപ്പണവേട്ടയ്‌ക്കെന്ന് പറഞ്ഞുള്ള മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് കയ്യടിക്കുന്നതില്‍ അദ്ഭുതമില്ല. Moderate എന്നാല്‍ മിതവാദി എന്നാണ് അര്‍ത്ഥമെങ്കില്‍ ബച്ചനെ സംബന്ധിച്ച് മിതവാദം എന്നാല്‍ അവസരവാദമാണ് എന്ന് അദ്ദേഹം വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ച രാഷ്ട്രീയ ബന്ധങ്ങളിലൂടെയും നിലപാട് മാറ്റങ്ങളിലൂടെയും തെളിയിച്ച് കൊണ്ടിരുന്നു. അഭിമുഖങ്ങളില്‍ ഇത്തരം നിലപാടുകള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നുള്ള ബച്ചന്റെ മുങ്ങലുകള്‍ പ്രശസ്തമാണ്. നിങ്ങളുടെ താരദൈവം അമിതാഭ് ബച്ചന്‍ യാതൊരു നിലപാടുമില്ലാത്ത ഒരു മനുഷ്യനാണ് എന്നാണ് മാധ്യമപ്രവര്‍ത്തക റാണ അയൂബ് ഒരിക്കല്‍ തുറന്നടിച്ചത്. ബച്ചനുമായി പലപ്പോഴായി നടത്തിയ അഭിമുഖ സംഭാഷണങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.


http://indianexpress.com/article/opinion/columns/amitabh-bachcham-speech-at-26-11-stories-of-strength-mumbai-terror-attack-4957549/

80-കളില്‍ കോണ്‍ഗ്രസിന്റെ പ്രതാപവും മേധാവിത്തവും അസ്തമിക്കുന്നതിന് മുമ്പ് നെഹ്രു കുടുംബത്തിന്റെ സുഹൃത്തായിരുന്നു അമിതാഭ് ബച്ചന്‍. ഇന്ദിര വധത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ ആവശ്യപ്രകാരം അലഹബാദില്‍ നിന്ന് മത്സരിച്ച അദ്ദേഹം എംപിയായി. പകരം വയ്ക്കാന്‍ ആളില്ലാത്ത താരദൈവം ബച്ചനെ രാജീവ് ഗാന്ധിക്ക് ആവശ്യമുണ്ടായിരുന്ന പോലെ തന്നെ രാജീവ് ഗാന്ധിയെ ബച്ചനും ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ബോഫോഴ്‌സ് അഴിമതി ഇടപാടില്‍ തിരിച്ചടിയേറ്റ്, ആരോപണവിധേയനായി രാജീവ് ഗാന്ധി തോറ്റ് പടിയിറങ്ങുകയും പ്രാദേശപാര്‍ട്ടികളുടെ ഐക്യത്തില്‍ കോണ്‍ഗ്രസിന് ബദലുകള്‍ രൂപം കൊള്ളുകയും ചെയ്ത 80കളുടെ അവസാനം ബച്ചന്‍ കോണ്‍ഗ്രസ് ബന്ധം വിട്ടു. അധികാര ശക്തിയായ സമാജ് വാദി പാര്‍ട്ടിയുമായി ആയിരുന്നു ബച്ചന്റെ പിന്നീടുള്ള ബാന്ധവം. 2010ല്‍ ഭാവി രാഷ്ട്രീയ – അധികാര സമവാക്യങ്ങള്‍ മുന്‍കൂട്ടി കണ്ടെന്നോണം ബച്ചന്‍ നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്തു. അതേസമയം 2012ല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജയ ബച്ചന്‍ സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭ എംപിയായി.

രാഷ്ട്രീയ വാചകമടികള്‍ ഭീകരതയെ ന്യായീകരിക്കുന്നില്ല എന്ന് ബച്ചന്‍ പറയുന്നു. വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്ന് രാജീവ് ഗാന്ധി പറയുമ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ബച്ചന് അത് ശരിയല്ല എന്ന് ഒരിക്കലും തോന്നിയില്ല. പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹം ഒരിക്കലും അത് പറഞ്ഞുമില്ല. രാജ്യത്ത് ബീഫിന്റേയും പശുവിന്റേയും പേര് പറഞ്ഞ് മനുഷ്യരെ തല്ലിക്കൊല്ലുമ്പോളും എതിരഭിപ്രായം പറയുന്നവരേയും സത്യം വിളിച്ചുപറയുന്നവരേയും വെടി വച്ച് കൊല്ലുമ്പോളും അത് ഭീകരവാദമായി അമിതാഭ് ബച്ചന് തോന്നുന്നില്ല. അദ്ദേഹം രാഷ്ട്രീയ വാചകമടിക്കാരുടെ കൂടെയാണ് ഇപ്പോള്‍. “Into that Heaven of Freedom, my Father, let my country awake.” എന്ന് ടാഗോര്‍ എഴുതിയ സ്വര്‍ഗം ഏതായാലും കണ്ടെത്തേണ്ടത് ഇന്ത്യയിലാണ്. പാരഡൈസ് പേപ്പേഴ്‌സിലെ സ്വര്‍ഗമല്ല അത്.

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on November 29, 2017 9:26 pm