X

ഫാഷിസ്റ്റ് വ്യാഖ്യാനത്തിനിടയില്‍ കാരാട്ട് സഖാവ് പറയാതെ പോയത്

പ്രമോദ് പുഴങ്കര

(ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എഴുതിയ ലേഖന – ഇന്ത്യയിലേത് ഫാസിസ്റ്റ് സര്‍ക്കാരല്ല; ഇത് വലത് സമഗ്രാധിപത്യം– ത്തോടുള്ള പ്രതികരണക്കുറിപ്പ്)


കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഫാഷിസ്റ്റ് വാഴ്ച്ച വന്നെന്നും അല്ല, ഇതല്ല ഫാഷിസമെന്നുമുള്ള തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫാഷിസത്തിന്റെ വരവിന്റെ സൂചനയാണ് ഇതെന്നും മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവത്തെക്കുറിച്ചുള്ള ഈ തര്‍ക്കം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു.

പശ്ചിമ ബംഗാളില്‍ അതിദയനീയമായ സംഘടനാ, തെരഞ്ഞെടുപ്പ് തകര്‍ച്ചയെ നേരിട്ട സിപിഎം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനായി മമത ബാനര്‍ജിയുടെ ടിഎംസിക്കെതിരെ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് മത്സരിച്ചത്. ആ അടവിന് തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ നേട്ടമൊന്നും ഉണ്ടാക്കാനായില്ല എന്നുമാത്രമല്ല സിപിഎമ്മിന് മുന്‍ തെരഞ്ഞെടുപ്പിനെക്കാളും വലിയ നഷ്ടമാണ് സംഭവിച്ചതും. അതില്‍ സഖ്യത്തിന് പ്രത്യേകിച്ചു പങ്കൊന്നുമില്ലെന്നും ഉണ്ടെന്നും വാദങ്ങളുണ്ട്. എന്തായാലും  സഖ്യം തുടരും എന്ന നിലപാടിലാണ് ബംഗാള്‍ സിപിഎം നേതൃത്വം.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഈ കൂട്ടുകെട്ട് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കും പാര്‍ട്ടി പരിപാടിക്കും വിരുദ്ധമാണെന്ന് പ്രകാശ് കാരാട്ടും കൂട്ടരും വാദിക്കുന്നു. അല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കഴിയും വരെ സീതാറാം യെച്ചൂരി ഏതാണ്ട് പരസ്യമായി വാദിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സമിതി യെച്ചൂരി – ബംഗാള്‍ പാര്‍ട്ടി നിലപാടിനെ ഭാഗികമായി തള്ളി. എന്നാലും ബംഗാളില്‍ കാര്യങ്ങള്‍ ഇപ്പൊഴും അവ്യക്തവും കുഴഞ്ഞുമറിഞ്ഞതുമാണ്. (ഈ നിലയ്ക്ക് എത്രനാള്‍ പിടിച്ചുനില്ക്കും എന്ന കടുത്ത ആശങ്ക അവിടെ പാര്‍ട്ടി സഖാക്കള്‍ ഉയര്‍ത്തുന്നു എന്നത് മറ്റൊരു വിഷയം). എന്തായാലും കോണ്‍ഗ്രസ് ഇന്ത്യയിലെ ഭൂവുടമകളുടെയും മുതലാളിമാരുടെയും ഉപരിവര്‍ഗത്തിന്റെയും വര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കക്ഷിയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും പ്രത്യേകിച്ചു സംശയമൊന്നുമില്ല. അവരുമായൊരു സഖ്യത്തിന് എന്തു ന്യായമാണുള്ളത്? അവിടെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണത്തിനെതിരായ വിശാല ഐക്യമുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസുമായുള്ള നീക്കുപോക്കുകളും സഖ്യവുമൊക്കെ ന്യായീകരിക്കപ്പെട്ടത്. ഇതൊന്നും ബിജെപിയെ തടയാനായിരുന്നില്ല, ബംഗാളിലെ സിപിഎമ്മിന്റെ അസ്തിത്വ പ്രതിസന്ധിയുടെ ഭാഗമായിരുന്നു എന്നത് വേറെ കാര്യം. എങ്കിലും ഒരു പ്രത്യയശാസ്ത്ര ചര്‍ച്ചയുടെ ആനുകൂല്യം യെച്ചൂരി – കാരാട്ട് പക്ഷങ്ങള്‍ക്ക് നല്കാം എന്നുതന്നെ വെക്കുക.

ഫാഷിസം ഇന്ത്യയില്‍ ഒരു അധികാരപ്രയോഗമായി ഇപ്പോള്‍ വന്നിട്ടില്ല എന്ന കാരാട്ടിന്റെ വാദത്തില്‍ ഫാഷിസത്തിന്റെ ചരിത്രമറിയാവുന്ന ആരും തര്‍ക്കം പറയില്ല. എല്ലാവിധ പൌരാവകാശങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ട്, ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കി നടത്തുന്ന ഒരു ഭരണം പൂര്‍ണതോതില്‍ ഇന്ത്യയില്‍ വന്നിട്ടില്ല എന്നത് ശരിതന്നെ. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അത്തരമൊരു സ്വഭാവം കൈവരിക്കാനുള്ള സാധ്യതയില്ല എന്ന കാരാട്ടിന്റെ വിശകലനം ഒട്ടും ചരിത്രസൂക്ഷമത പുലര്‍ത്തുന്നതല്ല. ഇതിന് കാരണം കാരാട്ട്, ഫാഷിസത്തെക്കുറിച്ചുള്ള 1935-ലെ കോമിന്റെണിന്റെ ഏഴാം കോണ്‍ഗ്രസില്‍ ദിമിത്രോവ് നല്കിയ നിര്‍വചനത്തില്‍ മാത്രമായി കുരുങ്ങിക്കിടക്കുന്നു എന്നതാണ്. (ഫാഷിസം ഏറ്റവും പ്രതിലോമകരവും അധീശ സ്വഭാവമുള്ളതും സാമ്രാജ്യത്വ ഘടകങ്ങളോടുകൂടിയതുമായ ഫിനാന്‍സ്/സാമ്പത്തിക  മൂലധനത്തിന്റെ നഗ്നമായ ഭീകര, സ്വേച്ഛാധിപത്യ വാഴ്ച്ചയാണ്.)

മുതലാളിത്ത വ്യവസ്ഥയുടെ രൂക്ഷമായ പ്രതിസന്ധിയാണ് ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് കളം മാറിച്ചവിട്ടാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുന്നതെന്നും കോമിന്റണ്‍കാല വ്യാഖ്യാനം പറയുന്നുണ്ട്. അതോടൊപ്പം ഉയര്‍ന്നുവരുന്ന തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവ മുന്നേറ്റങ്ങള്‍ ഭരണകൂടത്തെയും മുതലാളിത്തത്തെയും ആശങ്കാകുലരാക്കുന്നതും ഇതിന്റെ കാരണമായി അന്ന് വിലയിരുത്തി.

അന്നത്തെ ലോകരാഷ്ട്രീയ സാഹചര്യങ്ങളും സോവിയറ്റ് യൂണിയന്‍ കേന്ദ്രീകൃതമായ സോഷ്യലിസ്റ്റ് മുന്നേറ്റ ധാരണകളുമൊക്കെ ഇത്തരമൊരു വിശകലനത്തിലേക്ക് എത്താന്‍ കാരണമായിട്ടുണ്ട്. ഈ വിശകലനം അപ്പാടെ തെറ്റാണെന്നോ മുതലാളിത്ത പ്രതിസന്ധി ഫാഷിസത്തിന് കാരണമല്ലെന്നോ ഇവിടെ വാദമില്ല. എന്നാല്‍ അതിലേക്കു മാത്രമായി ഫാഷിസത്തെ ചുരുക്കുന്നത് ഒരു സാമ്പത്തിക ന്യൂനീകരണവും അതിന്റെ ബഹുമുഖമായ സ്വാധീനമേഖലകളെയും പ്രത്യാഘാതങ്ങളെയും ചുരുക്കിക്കാണലുമാണ്.

മുതലാളിത്ത വ്യവസ്ഥ തകര്‍ന്നുവീഴാന്‍ പാകത്തിലുള്ള ഒരു പ്രതിസന്ധിയും നേരിടുന്നില്ല എന്നാണ് ഇന്ത്യയില്‍ ഫാഷിസം വരില്ല എന്നതിന് കാരണമായി കാരാട്ട് പറയുന്നത്. മുതലാളിത്ത പ്രതിസന്ധി മാത്രമല്ല ഫാഷിസ്റ്റ് സ്വഭാവമുള്ള അധികാരപ്രയോഗത്തിലേക്ക് ഭരണകൂടത്തെ എത്തിക്കുന്ന ഘടകം എന്നതാണ് ഇക്കാര്യത്തിലെ വിയോജിപ്പ്. മുതലാളിത്ത പ്രതിസന്ധി ഫാഷിസത്തിന്റെ വരവിനുള്ള നിര്‍ണായക ഘടകങ്ങളിലൊന്നാണ്. അതോടൊപ്പം മറ്റ് പല ഘടകങ്ങളെയും കൂട്ടിച്ചേര്‍ത്താണ്, ഇന്ധനമാക്കിയാണ് ഫാഷിസത്തിന് കടന്നുവരാനാവുക.

സാമ്പ്രദായികമായ പ്രക്രിയകള്‍ക്ക് പരിഹരിക്കാനാകാത്ത കുഴപ്പങ്ങള്‍ക്കൊണ്ട് കലുഷിതമാണ് നിലവിലെ അവസ്ഥ എന്ന തോന്നല്‍, കൂട്ടമായോ വ്യക്തിഗതമായോ ഉള്ള എല്ലാ അവകാശങ്ങളും ചില പൊതുമൂല്യങ്ങള്‍ക്കായി കീഴ്പ്പെടുത്തുക, നിലവിലെ മൂല്യങ്ങളെയോ നിയമങ്ങളെയോ ലംഘിക്കുന്ന എല്ലാ നടപടികള്‍ക്കും ചരിത്രപരവും സാമ്പത്തികവും സാമൂഹ്യവുമായ ഇരവാദം മുന്നോട്ടുവെക്കുക, വ്യക്തിസ്വാതന്ത്ര്യത്തിനും വര്‍ഗസമരത്തിനും ഒരുപോലെ എതിരായ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളുക, ഹിംസാത്മകമായ രീതിയില്‍ ഒരു വിഭാഗത്തിന്റെ ശുദ്ധത പ്രഖ്യാപിക്കുക, ഈ സംഘത്തിന്റെ ചരിത്രപരമായ, നാഗരികത മുന്നേറ്റ ദൌത്യത്തില്‍ ഒരു അപ്രമാദിയായ നായകനെ അംഗീകരിക്കുക, ഹിംസയേയും അക്രമത്തെയും വിശുദ്ധവത്കരിക്കുക, സ്വയം പ്രഖ്യാപിതമായ വിമോചകദൌത്യം ഒരു വിഭാഗം ഏറ്റെടുക്കുക, ഒരു ആഭ്യന്തര ശത്രുവിനെ/ശത്രുക്കളെ എപ്പോഴും തിരയുകയും കണ്ടെത്തുകയും ചെയ്യുക എന്നിവയെല്ലാം ഫാഷിസത്തിന്റെ ചരിത്ര ലക്ഷണങ്ങളാണ്. ഇന്ത്യയിലെ സംഘപരിവാര്‍ അജണ്ട ഇതെല്ലാം ഒന്നൊഴിയാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാല്‍ ജര്‍മ്മനിയിലോ ഇറ്റലിയിലോ ഉണ്ടായ തോതില്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഫാഷിസ്റ്റ് തേര്‍വാഴ്ച്ച നടക്കുന്നില്ല എന്നത് വാസ്തവമാണ്. അക്കാര്യത്തില്‍ കാരാട്ട് ശരിയുമാണ്. പക്ഷേ ഭാവിയില്‍ അതുണ്ടാകില്ല എന്നുറപ്പിക്കാന്‍ അദ്ദേഹം മുതലാളിത്ത പ്രതിസന്ധിയെ മാത്രമാണ് ആശ്രയിക്കുന്നതെങ്കില്‍ അത് ശരിയാകണമെന്നില്ല.

മുതലാളിത്ത വര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് ബൂര്‍ഷ്വാ കക്ഷികളും സന്നദ്ധരായിരിക്കെ എന്തുകൊണ്ടാണ് ഫാഷിസം എന്ന്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചോദ്യമാണ്. അവിടെയാണ് ദിമിത്രോവിന്റെ നിര്‍വ്വചനം കൊണ്ടുമാത്രം ഫാഷിസം ഒതുങ്ങുന്നില്ലെന്ന് മനസിലാവുക. ഭരണകൂടത്തെ മുതലാളിത്ത ഉത്പാദന ബന്ധങ്ങളുടെ നടത്തിപ്പുകാര്‍ മാത്രമായി എപ്പോഴും കാണാനാകുമോ എന്നും ഇതോടനുബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നു. എന്തായാലും ഫാഷിസത്തിന്റെ വര്‍ഗതാത്പര്യങ്ങള്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ മാത്രമായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മുതലാളിത്തത്തിനെതിരായ വാചകമടിയും സോഷ്യലിസ്റ്റ് ആര്‍പ്പുവിളികളും വരെ ഫാഷിസത്തിന്റെ ഭാഗമായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ അധികാരത്തില്‍ വന്നതോടെ തൊഴിലാളി സംഘടനകളെ അടിച്ചമര്‍ത്തുകയാണ് ജര്‍മ്മനിയിലും ഇറ്റലിയിലും ഒരുപോലെ സംഭവിച്ചത്.

നാസി ജര്‍മ്മനിയിലെ വ്യാവസായിക ഉത്പാദനം ഈ തൊഴിലാളി ചൂഷണത്തിന്റെ കഥ വ്യക്തമാക്കുന്നതാണ്. ദേശീയ വരുമാനവും ഉത്പാദനവും വര്‍ദ്ധിക്കുമ്പോഴും കൂലി വര്‍ധിച്ചിരുന്നില്ല. 1932-ല്‍ ദേശീയ വരുമാനത്തിന്റെ 64 ശതമാനം കൂലിയിലേക്ക് പോയപ്പോള്‍ 1936-ല്‍ അത് 59 ശതമാനമായി കുറയുകയാണ് ഉണ്ടായത്. എന്നാല്‍ തൊഴില്‍ നിയമങ്ങളിലെ മാറ്റവും സ്ത്രീകളെയും ജൂതന്മാരെയും തൊഴില്‍ സേനയില്‍ നിന്നും പുറത്തുനിര്‍ത്തലുമായപ്പോള്‍ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് വരുത്തുന്ന വിദ്യയും ജര്‍മ്മനി കാണിച്ചു.

ഇറ്റലിയിലും ഇതൊക്കെതന്നെയാണ് സംഭവിച്ചത്. കോര്‍പ്പറേറ്റ് താത്പര്യങ്ങളാണ് തങ്ങളുടെ പ്രഥമപരിഗണയെന്നും സംഘടിത തൊഴിലാളി വര്‍ഗം ശത്രുക്കളാണെന്നും ഇറ്റലിയിലെ ഫാഷിസ്റ്റുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തും മുമ്പ് ഇതായിരുന്നില്ല വാചകക്കസര്‍ത്ത്. മുതലാളിത്തത്തിനെതിരായ വമ്പന്‍ എതിര്‍പ്പൊക്കെ ജര്‍മ്മനിയിലും ഇറ്റലിയിലും ഒരുപോലെ അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ കാരണം അവരുടെ വര്‍ഗതാത്പര്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്നല്ല. മറിച്ച് പൊതുകുഴപ്പത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ പ്രയോഗിച്ച ഒരു തട്ടിപ്പ് മാത്രമായിരുന്നു അതൊക്കെ. അധികാരത്തിലെത്തിയപ്പോള്‍ നഗ്നമായ തൊഴിലാളിവിരുദ്ധത നടപ്പാക്കാന്‍ അവര്‍ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല.

ഇന്ത്യയില്‍ പല കാരണങ്ങള്‍ കൊണ്ടും, ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച ഉണ്ടായ കാലത്തെ യൂറോപ്യന്‍ സാഹചര്യങ്ങളല്ല നിലനില്‍ക്കുന്നത് എന്നു വ്യക്തമാണ്. കാര്‍ഷിക ബന്ധങ്ങളിലും ഭൂവുടമസ്ഥതയിലും ഇപ്പോഴും അവശേഷിക്കുന്ന പ്രബലമായ ഫ്യൂഡല്‍ പ്രവണതകള്‍, ഉത്പാദന-രാഷ്ട്രീയ ബന്ധങ്ങളില്‍ താരതമ്യേന ദുര്‍ബ്ബലമായ വ്യാവസായിക തൊഴിലാളിവര്‍ഗം, സംഘടിതമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ അഭാവം, സമൂഹത്തെ പിടിച്ചുലയ്ക്കുന്ന രാജ്യവ്യാപകമായ പൊതുകുഴപ്പങ്ങളുടെ നൈരന്തര്യമില്ലായ്മ, വൈവിധ്യമാര്‍ന്ന ജനതകള്‍ എന്നിവയൊക്കെ ഇന്ത്യയെ അക്കാല യൂറോപ്പില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

അതുകൊണ്ടുതന്നെ കാരാട്ട് ഒരു പരിധിവരെ ശരിയായി നിരീക്ഷിക്കുന്ന പോലെ ഇന്ത്യയില്‍ പൂര്‍ണ ഫാഷിസ്റ്റ് ഭരണസാധ്യത ഇപ്പോഴില്ല. പക്ഷേ കാരാട്ട് വിട്ടുപോകുന്ന ഒരു കാര്യം ഫാഷിസ്റ്റ് അധികാരപ്രയോഗത്തിന്റെ സാധ്യതകള്‍ ചരിത്രത്തില്‍ എല്ലാക്കാലത്തും ഒരുപോലെയാകണമെന്നില്ല എന്നാണ്. ഇത് ചരിത്രം നേര്‍രേഖയിലെ തനിയാവര്‍ത്തനമാണ് എന്ന രീതിയില്‍ യാന്ത്രികമായി മാര്‍ക്സിസ്റ്റ് വിശകലനായുധങ്ങളെ ഉപയോഗിക്കുന്നതിന്റെ പ്രശ്നമാണ്. ഇന്ത്യയെപ്പോലെ ജാതി വ്യവസ്ഥയും അതിലധിഷ്ഠിതമായ ചൂഷണങ്ങളും – സാമ്പത്തിക ചൂഷണമടക്കം – മറ്റേത് വൈരുദ്ധ്യത്തെയും സംഘര്‍ഷത്തെയും പോലെ മുന്നില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഫാഷിസത്തിന്റെ കൈപ്രയോഗങ്ങള്‍ പല രൂപത്തിലും വരാം. നൂറ്റാണ്ടുകളോളം ദളിതരെ അടിച്ചമര്‍ത്തുന്നതിന് ബ്രാഹ്മണ മേധാവിത്തം ഉപയോഗിച്ച കുതന്ത്രങ്ങള്‍ ഏത് ഫാഷിസ്റ്റ് തലച്ചോറിനെയും വെല്ലുന്നതാണ്.

ഇന്ത്യയിലെ സംഘപരിവാര്‍ പരീക്ഷണങ്ങളില്‍ തന്നെ ഈ വൈവിധ്യം കാണാനാകും. തീവ്രദേശീയതയും തീവ്ര ഹിന്ദുത്വ വര്‍ഗീയതയും മുതല്‍ മൂലധന ഭീകരതയുടെ പിണിയാളുകളാവുക വരെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പല തട്ടുകളിലായി അവര്‍ സജ്ജരാണ്. വാജ്പേയി സര്‍ക്കാര്‍ ആദ്യം വരുന്ന സമയത്ത് സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള തട്ടിപ്പുകളും ദേശീയ ബൂര്‍ഷ്വാസിയുടെ വക്താക്കളുമൊക്കെയായിരുന്നു സംഘപരിവാറിലെ ഒരു വിഭാഗമെങ്കില്‍ ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ പ്രധാനമന്ത്രിയാക്കിയ നരേന്ദ്ര മോദി ഒരുളുപ്പുമില്ലാതെ അംബാനിയുടെ പരസ്യ പ്രചാരകനാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു.

എന്നാല്‍ ശക്തമായ സൈനികവത്കരണവും കാര്‍ക്കശ്യം നിറഞ്ഞ ഭരണകൂടവുമെന്ന അജണ്ട സംഘപരിവാര്‍ കൈവിട്ടിട്ടില്ല എന്നതാണ് അവരെ വെറുമൊരു നവ-ഉദാരവാദ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. (അമേരിക്കയുമായുള്ള സൈനിക സഹകരണ കരാറുകളൊക്കെ ഈ വെളിച്ചത്തില്‍ക്കൂടി വേണം കാണാന്‍) നവ-ഉദാരവാദം ഒരു തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലിനെയും അംഗീകരിക്കുന്നില്ല, ഒരു ചോറ്റുപട്ടാളം എന്ന നിലയിലല്ലാതെ. അതില്‍ ഫാഷിസവും പെടും. ഫാഷിസ്റ്റ് ഭരണകൂടം നവ-ഉദാരവാദ നടത്തിപ്പിന് ആവശ്യമില്ല എന്നര്‍ത്ഥം. എന്നാല്‍ സംഘപരിവാര്‍ ഭരണം അതുമാത്രമല്ലാത്ത ചില പ്രവണതകളും ശക്തിയായി പ്രകടിപ്പിക്കുന്നുണ്ട്.

വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പ്രസിഡണ്ട് ഭരണക്രമത്തിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത് ഓര്‍ക്കേണ്ടതാണ്. ഇതിലെ ഏറ്റവും പുതിയ നീക്കം രാജ്യത്തെങ്ങും എല്ലാ തെരഞ്ഞെടുപ്പുകളും-പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ- ഒറ്റയടിക്ക് നടത്താനുള്ള മോദിയുടെ നിര്‍ദേശമാണ്. ഇന്ത്യയുടെ ദുര്‍ബ്ബലമായ ഫെഡറല്‍ സംവിധാനത്തെ പാടെ തകര്‍ക്കാനും തീവ്രദേശീയതയുടെ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കാനുമുള്ള ഒരു നീക്കമാണിത്. അതായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരൊറ്റ നേതാവ്, ഒരൊറ്റ ദേശീയത, ഒരേ വിഷയം എന്ന രീതിയിലാകും കാര്യങ്ങള്‍. ജനാധിപത്യത്തിന്റെ സകല സത്തയെയും ഒറ്റയടിക്ക് ചോര്‍ത്തിക്കളയുന്ന നടപടിയാകുമിത്. ജനാധിപത്യസ്ഥാപനങ്ങളെ ഇങ്ങനെ വളച്ചെടുക്കാനുള്ള തന്ത്രത്തെ വെറും സമഗ്രാധിപത്യ വാഞ്ചയായി കണ്ടുകൂടാ.

ഫാഷിസത്തെ മറ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒരു ഘടകം അതിന്റെ ജനപിന്തുണയാണ്. അതുകൊണ്ടുതന്നെയാണ് നിലനില്‍ക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളെ ഒറ്റയടിക്ക് വെല്ലുവിളിച്ചല്ല, അവയെ സമര്‍ത്ഥമായി ഉപയോഗിച്ചാണ് ക്ലാസിക്കല്‍ ഫാഷിസം അതിന്റെ ശക്തി മുഴുവന്‍ സംഭരിച്ചത്.

ജര്‍മ്മനിയിലെ ഫാഷിസ്റ്റുകളുടെ കാര്യമെടുക്കൂ. 1928-ല്‍ വെറും 2.6 ശതമാനം വോട്ടാണ് ദേശീയ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയത്. എന്നാല്‍ സാമ്പത്തിക കുഴപ്പങ്ങള്‍ രൂക്ഷമാവുകയും തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തോളമാവുകയും ചെയ്തത്തോടെ 1930 മാര്‍ച്ചില്‍ അത് 19.2 ശതമാനമായി. 1934 ജൂലായ് ആയപ്പോള്‍ നാസികളുടെ വോട്ട് ശതമാനം 38.4 ശതമാനം ആയിരുന്നു. (മുതലാളിത്തത്തിന്റെ പ്രതിസന്ധി ഇതിനെ എത്രമാത്രം സഹായിച്ചു എന്നു  അന്നത്തെ ജര്‍മ്മന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും)

1923-ല്‍ കോമിന്റേണ്‍ പ്രവര്‍ത്തകസമിതിയില്‍ നടത്തിയ പ്രസംഗത്തില്‍ ക്ലാര സെറ്റ്കിന്‍ ഫാഷിസത്തിന്റെ ഈ സാമൂഹ്യാടിത്തറയെ സൂചിപ്പിക്കുന്നുണ്ട്, “…ഫാഷിസത്തിന്റെ പതാകാവാഹകര്‍ ഒരു ചെറിയ സംഘമല്ല, മറിച്ച് വിശാലമായ ഒരു സാമൂഹ്യതലത്തില്‍പ്പെട്ടവരാണ്. തൊഴിലാളിവര്‍ഗത്തിലേക്കു വരെയെത്തുന്ന വലിയ ജനവിഭാഗം. അതിനെ സൈനികമായ മാര്‍ഗങ്ങള്‍ക്കൊണ്ടുമാത്രം കീഴ്പ്പെടുത്താനാകില്ല; രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ തലത്തിലും അതിനെ മറികടക്കേണ്ടതുണ്ട്.”

ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി എഴുതിയ Blum-Theses-ല്‍ (1929) ഹംഗറിയിലെ ഫാഷിസ്റ്റ് വത്കരണപ്രക്രിയ എങ്ങനെയാണ് ബാഹ്യമായ ജനാധിപത്യ രൂപങ്ങളുപയോഗിച്ച് വരുന്നതെന്ന് ലൂക്കാച്ച് പറയുന്നുണ്ട്. അത്തരമൊരു ജനാധിപത്യ മുഖംമൂടി ഫാഷിസത്തിന് ചരിത്രപരമായിത്തന്നെ അന്യമല്ല. അപ്പോഴും ഇന്ത്യയില്‍ ഇപ്പോള്‍ ഫാഷിസം വന്നിട്ടില്ല എന്ന കാരാട്ടിന്റെ വാദത്തെ നിഷേധിക്കേണ്ടതില്ല. പക്ഷേ അതിന്റെ ആഗമനസാധ്യതകളെ അളക്കുന്നതില്‍ വരുത്തുന്ന ഓരോ ചെറിയ പിഴവും മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കും എന്നുകൂടി ഓര്‍ക്കണം.

ഇനിയാണ് സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തിന് വഴിയൊരുക്കിയ കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പ്രശ്നം വരുന്നത്. ബിജെപിയെ പോലെ കോണ്‍ഗ്രസും ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വര്‍ഗതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയകക്ഷിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. വാസ്തവത്തില്‍ കാരാട്ട് ഫാഷിസ്റ്റ് അവലോകനം നടത്തുന്നത് തന്നെ ഫാഷിസം വന്നിട്ടില്ല/ആസന്നമല്ല എങ്കില്‍ പിന്നെയീ ഫാഷിസ്റ്റ് വിരുദ്ധ സഖ്യത്തിന് പ്രസക്തിയില്ല എന്നു കാണിക്കാനാണ്. അതായത് ബംഗാളിലെ സഖ്യം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്കെതിരാണെന്ന് മാത്രമല്ല അതില്‍ ചരിത്രപരമായിത്തന്നെ ശരികേടുണ്ട് എന്നുകാണിക്കാന്‍. ഇക്കാര്യത്തില്‍ കാരാട്ടിനോട് ഒരു പരിധിവരെ യോജിക്കാം. കാരണം ബംഗാളിലെ അവസരവാദസഖ്യത്തിന് ഫാഷിസ്റ്റ് ഭൂതബാധയൊഴിപ്പിക്കലിനേക്കാള്‍ ബന്ധം 34 വര്‍ഷം അവിടെ ഭരിച്ചതിനുശേഷം പാര്‍ട്ടി ലോക്കല്‍ സമ്മേളനം പോലും നടത്താന്‍ കഴിയാത്തവണ്ണം തകരുന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ പാപ്പരത്തവുമായാണ്.

പക്ഷേ ബംഗാള്‍ തകര്‍ച്ചയുടെ കാരണങ്ങളെ ഒന്നു സ്വയംവിമര്‍ശനപരമായി  വിലയിരുത്തിയാല്‍ കാരാട്ട് പറയുന്ന നവ-ഉദാരവാദ സാമ്പത്തിക നയങ്ങള്‍ക്കെതിരായ മുന്നണിയുടെ ദൌര്‍ബല്യം ബോധ്യപ്പെടാന്‍ സാധ്യതയുണ്ട്. നവ-ഉദാരവാദ സാമ്പത്തിക നയങ്ങളെ മര്‍ക്കടമുഷ്ടിയോടെ നടപ്പാക്കാനുള്ള സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ നീക്കമാണ് ബംഗാളില്‍ സിപിഎം തകര്‍ച്ചയുടെ ഏറ്റവും അടുത്തുകാണാവുന്ന കാരണം. സിംഗൂരും നന്ദിഗ്രാമും കൂടുതല്‍ വിശദമായി പറയാതെതന്നെ ഓര്‍മ്മയിലുണ്ടാകും. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് നികുതിയൊഴിവില്‍ വ്യവസായം ചെയ്യാന്‍ കൃഷിഭൂമി പിടിച്ചെടുത്ത് നല്‍കാനുള്ള നീക്കം മറ്റേത് ബൂര്‍ഷ്വാ കക്ഷിസര്‍ക്കാരിനെയും പോലെയാണ് സിപിഎം നടത്തിയത്. അധികാരം കിട്ടിയാല്‍ ഒരു ബദല്‍ മാര്‍ഗം അന്വേഷിക്കാനുള്ള സന്നദ്ധത സിപിഎം അടുത്തൊന്നും കാണിച്ചിട്ടേയില്ല. ആഗോളീകരണത്തിന് ബദലില്ല എന്നു പരസ്യമായി പ്രഖ്യാപിച്ച ബുദ്ധദേബ് ഭട്ടാചാര്‍ജി മുഖ്യമന്ത്രി മാത്രമല്ല സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ള ഇടതുമുന്നണി സര്‍ക്കാരാകട്ടെ (പിണറായി വിജയന്‍ സര്‍ക്കാര്‍) വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശയം മുതലാളിത്ത വികസന പാതയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്നു ആവര്‍ത്തിക്കുന്നു. ലോകത്തെങ്ങും ഭൂമിയെ ആവാസയോഗ്യമല്ലാതാക്കുന്ന വിധത്തില്‍ കൊള്ളയടിച്ചു മുടിപ്പിക്കുന്ന മുതലാളിത്ത ചൂഷണത്തിനെതിരായ സമരത്തെ വിപ്ലവസമരങ്ങളുടെ അവിഭാജ്യഘടകമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുമ്പോള്‍ പരിസ്ഥിതിവാദികള്‍ വികസനവിരോധികളാണെന്ന വങ്കത്തം ഭീഷണിയുടെ സ്വരത്തില്‍ വിളിച്ചുപറയുന്നു കേരളത്തിലെ സിപിഎം.

വെറും പൊങ്ങച്ച ഉപഭോഗമൂല്യം മാത്രമുള്ള, അമിതോപഭോഗവും കച്ചവടക്കാരുടെ കൊള്ളലാഭവും മാത്രം ഉറപ്പാക്കുന്ന ലുലു മാള്‍ പോലുള്ള നിക്ഷേപങ്ങള്‍ക്ക് സുസ്വാഗതമോതുകയാണ് കേരള സര്‍ക്കാര്‍. ചുങ്കപ്പാതയുടെ കാര്യത്തില്‍ എടുക്കുന്ന സമീപനവും വ്യത്യസ്തമല്ല. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ സാമ്പത്തികമായി ആക്രമിക്കുന്ന, സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിന് കാത്തുനിര്‍ത്തുന്ന, ഒറ്റ രാജ്യം-ഒറ്റ വിപണി എന്ന കോര്‍പ്പറേറ്റ് യുക്തിയുടെ ഉത്പന്നമായ ചരക്ക്, സേവന നികുതി ബില്ലിനെ പിന്തുണയ്ക്കുമ്പോള്‍ കേരള സര്‍ക്കാര്‍ പറഞ്ഞത് ചില്ലറ സാമ്പത്തിക നേട്ടം ഉണ്ടാകും എന്നാണ്. പാര്‍ട്ടി കേന്ദ്ര സമിതി ആദ്യം എതിരായിരുന്നിട്ടും കേരള ഘടകത്തിന്റെ താത്പര്യത്തിന് മുന്നില്‍ വഴങ്ങി എന്നു കേള്‍വി. ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ ഏറെക്കാലമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ട, കാരാട്ട് വിഭാവനം ചെയ്യുന്ന ജനാധിപത്യ ശക്തികളും മറ്റെ വലിയ ഭരണവര്‍ഗ കക്ഷിയും വലതുപക്ഷ ദേശീയവാദി കക്ഷിയുമൊക്കെ കൈകോര്‍ത്ത് അംഗീകരിച്ച ബില്ലിനെ സിപിഎമ്മും പിന്തുണച്ചു എന്നറിയുമ്പോള്‍ ഏത് വര്‍ഗതാത്പര്യത്തെയാണ് കാരാട്ട് വിഭാവനം ചെയ്യുന്ന നവ-ഉദാരവാദ  വിരുദ്ധ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്നത്?

ഇന്ത്യയിലെങ്ങും നിരവധി പ്രാദേശിക സമരങ്ങള്‍ ഈ കോര്‍പ്പറേറ്റ്-ഭരണകൂട കൂട്ടുകെട്ടിന്റെ മൂലധന, ഭരണകൂട ഭീകരതക്കെതിരെ നടക്കുന്നുണ്ട്. ഭരണകൂടത്തെ പിടിച്ചുകുലുക്കാന്‍ മാത്രം ശക്തമല്ല മിക്കവയും. അങ്ങനെ ഒന്നു ഭാഗികമായെങ്കിലും നടന്നത് ബംഗാളിലാണെന്നത് കാരാട്ടിന് വീണ്ടും സ്വയം വിമര്‍ശനത്തിന് വകയുള്ളതാണ്. ഈ ചെറുത്തുനില്‍പ്പ് സമരങ്ങളില്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനം എവിടെയായിരുന്നു എന്നതിന് പ്രത്യയശാസ്ത്ര അന്വേഷണത്തോടൊപ്പം  പ്രായോഗിക അന്വേഷണമാണ് വേണ്ടത്.

തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്കപ്പുറം ജനകീയ സമരസഖ്യങ്ങള്‍ ഉണ്ടാക്കുക എന്ന പാര്‍ടിയുടെ തന്നെ നിലപാട് വെറും പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയമായി അവശേഷിക്കുന്നു. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് പ്രത്യേക സംഘടന ഉണ്ടാക്കാതെ അവരെ ഭൂവുടമകളുടെ സംഘടനയില്‍ വിധേയരാക്കിയിരുത്തിയ ബംഗാള്‍ ഘടകം ഈ പാര്‍ട്ടിക്കുണ്ട്. ഭൂവുടമകള്‍ പിണങ്ങുമെന്നായിരുന്നു ലളിതമായ കാരണം. വര്‍ഗബോധത്തിന്റെ, വര്‍ഗരാഷ്ട്രീയത്തിന്റെ അളവുകോല്‍ സിപിഎമ്മിന് എങ്ങനെയൊക്കെ നഷ്ടപ്പെട്ടു എന്നതിന് ഒരു സൂചന നല്കി എന്നുമാത്രം.

മൂലധന ഭീകരതയ്ക്കെതിരായ വര്‍ഗസമരത്തെ പ്രായോഗികമായി ഏറ്റെടുക്കാതെ കാരാട്ട് ശരിയായിത്തന്നെ പറയുന്ന “ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെയും സാമ്പത്തിക അവകാശങ്ങളെയും തകര്‍ക്കുന്ന വിനാശകരമായ സാമ്പത്തിക നയങ്ങളും, കുത്തക വ്യാപാര,വ്യവസായ സ്ഥാപനങ്ങളോടും സാമ്പത്തിക മൂലധനത്തോടുമുള്ള വിധേയത്വവുംപോലുള്ള പ്രശ്നങ്ങളില്‍ മുന്നേറ്റം സാധ്യമല്ല. അതിനുള്ള ബദല്‍ പരിപാടി സിപിഎമ്മിന് ഇപ്പോഴില്ല. അത്തരമൊരു ബദല്‍ പരിപാടി ഉണ്ടാകണമെങ്കില്‍ കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ടുകളെ മൂലധന ഭീകരതയ്ക്കെതിരായ സമരമായി സ്വയം വ്യാഖ്യാനിച്ചു നിര്‍വൃതിയടയുന്ന പാടെ പിഴച്ച അടവുകളെ കയ്യൊഴിയണം. പകരം കാര്‍ഷിക പ്രശ്നങ്ങളെയും അതിനുള്ളിലെ ഭൂവുടമ ബന്ധങ്ങളെയും, യാന്ത്രികമായ വ്യവസായവത്കരണ വാദങ്ങള്‍ക്കും, അമിതോത്പാദനത്തിന്റെയും അമിത ഉപഭോഗത്തിന്റെയും അതിനുവേണ്ടിയുള്ള തൊഴിലാളി ചൂഷണത്തിന്റെയും സാമ്പത്തിക യുക്തിയില്‍ അധിഷ്ഠിതമായ വികസന സങ്കല്‍പ്പങ്ങളെയും മറികടന്ന് സാമൂഹികാവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്പാദന പ്രക്രിയയെ പുന:നിര്‍വ്വചിക്കുന്ന മാര്‍ക്സിയന്‍ സമീപനത്തെ ഏറ്റെടുക്കണം. അത്തരമൊരു ബദല്‍ പരിപാടിയിലെ നവ-ഉദാരവാദ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാനാകൂ.

അതുകൊണ്ടു കാരാട്ടിന്റെ കോണ്‍ഗ്രസ് സഖ്യ വിമര്‍ശനം അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്ന രാഷ്ട്രീയയുക്തിയില്‍ ശരിയായിരിക്കേത്തന്നെ ചരിത്രപരമായ സൂക്ഷ്മതയിലും ഒരു ബദല്‍ പരിപാടിയുടെ അവതരണത്തിലും ശൂന്യമായ പിഴവുകള്‍ നിറഞ്ഞവയാണ്.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമായ പ്രമോദ് ഡല്‍ഹിയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on September 8, 2016 9:29 am