X

നീ-നയും നീനയും; ഇത് വെറും കള്ളും പുകയുമല്ല

എന്‍. രവി ശങ്കര്‍

ലാല്‍ ജോസിന്റെ പുതിയ പടത്തിനു ചില പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്, ഇത് ലാല്‍ ജോസിന്റെ പടമല്ല, തിരക്കഥ എഴുതിയ വേണുഗോപാലിന്റെയാണ്. രണ്ട്, ഇത് നീന(നീന-നളിനി)യുടെ പടമല്ല, നീനയുടെ പടമാണ് എന്നത്. മൂന്ന്, ഇത് ഇവരുടെ രണ്ടുപേരുടെയുമല്ല ക്യാമറമാന്‍ ജോമോന്റെ പടമാണ്. നാല്, ഈ സിനിമ ഇവര്‍ മൂന്നു പേരുടെയുമല്ല പശ്ചാത്തല സംഗീതം നല്‍കിയ ബിജി ബാലിന്റെയാണ് എന്നത്. അതായത്, പടം എല്ലാ ഘടകങ്ങളും നന്നായി ഇഴുകിച്ചേര്‍ന്നൊരു ഉല്പന്നമാണ് എന്നത്. 

ലാല്‍ ജോസിന്റെ എല്ലാ പടങ്ങളെയും പോലെ ഇതും കമ്പോളത്തിന് വേണ്ടി തയ്യാറാക്കിയ സ്‌പെഷ്യല്‍ മസാല ദോശ തന്നെ. അങ്ങനെ തന്നെ അത് ആസ്വദിക്കുകയും വേണം. അല്ലാതെ, ഇത് നമ്മള്‍ റോമില്‍ കഴിച്ച പിസയല്ല, ലണ്ടനില്‍ കഴിച്ച സാന്‍ഡ്‌വിച്ചല്ല, ടോക്യോവില്‍ കഴിച്ച സുഷിയല്ല എന്നൊക്കെ പറയുന്നതില്‍ അര്‍ഥം ഒന്നുമില്ല. പക്ഷെ ഒരു വ്യത്യാസം-ദോശ ഇത്തവണ കറക്റ്റ് അരപ്പ്, കറക്റ്റ് വേവ്, കറക്റ്റ് മൊരിയല്‍, കറക്റ്റ് ഡിസ്‌പ്ലേ. ലാല്‍ ജോസിനെ വേണുഗോപാല്‍ സുയിപ്പാക്കിയിരിക്കുന്നു. കുക്കിന്റെ തൊപ്പി അവടെ കൊടുക്വ! കിരീടം മറ്റൊരാള്‍ക്കുള്ളതാണ്.

ഉല്‍പതിഷ്ണുക്കളായ സിനിമാപ്രേക്ഷകരില്‍ ആണുങ്ങള്‍ പൊതുവെ നീനയുടെ പക്ഷത്തും, പെണ്ണുങ്ങള്‍ എതിരും ആയി കാണപ്പെടുന്നു. ആണുങ്ങള്‍ വളരെ തരളിതരാകുന്നു. നീനയെപ്പോലുള്ള പെണ്ണുങ്ങളുടെ സംഖ്യ വര്‍ദ്ധിക്കാനായി ആഗ്രഹിക്കുന്നു. പെണ്ണുങ്ങള്‍ നീനയുടെ സ്വാതന്ത്ര്യബോധത്തെ ചോദ്യം ചെയ്യുന്നു. തങ്ങളാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായ പെണ്ണുങ്ങള്‍ എന്നും നീനയെ പോലുള്ള ബാധകള്‍ അല്ല എന്നും സ്ഥാപിക്കാന്‍ തത്രപ്പെടുന്നു.

നീനക്കെതിരെയുള്ള ആക്ഷേപങ്ങള്‍ ഇവ:

1. സ്വതന്ത്രയായ സ്ത്രീയുടെ അവതരണം സ്റ്റീരിയോ ടൈപ്പ് ആകുന്നു. അതായത് കള്ള് കുടിക്കലും പുക വലിക്കലും ആണ് പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ ലക്ഷണം എന്ന് വരുത്തി തീര്‍ക്കുന്നു.

2. ചേരി പിള്ളേരുമായുള്ള ബന്ധമാണ് ഇത്തരം വഴി പിഴച്ച പോക്കിന് കാരണം എന്നു വരുത്തി തീര്‍ക്കുന്നു.

3. ചേരിയിലെ സുഹൃത്തിനെ നിറം പറഞ്ഞ് ആക്ഷേപിക്കുന്നു. അവനെ കരി ഓയില്‍ എന്ന് വിളിക്കുന്നു.

4. വിവാഹമല്ലോ സുഖപ്രദം എന്ന് അവസാനം സമര്‍ത്ഥിക്കുന്നു. അങ്ങനെ പുരുഷാധികാരത്തിന്റെ തുടര്‍ച്ചയ്ക്കു വഴിവിട്ടു കൊടുക്കുന്നു.

മറുപടി പറഞ്ഞു തുടങ്ങാം. ഈ എഴുതുന്ന ആള്‍ നീനയുടെ കാല്‍ വിരല്‍ നക്കിയാണെന്നു മനസ്സിലായിക്കാണുമല്ലോ. എങ്കില്‍ കൊള്ളാം.

പ്രണയമാണ് ഈ കഥയുടെ തന്തു (എല്ലാ കഥകളെയും പോലെ), അല്ലാതെ കള്ളു കുടിയല്ല. പുകവലി ഒട്ടുമല്ല. ഏറെക്കാലമായി നീന കള്ളു കുടിക്കുന്നു. ഇനിയും കുടിക്കും. പക്ഷെ, കഥ നടക്കുന്ന കാലത്തില്‍ അവള്‍ പ്രണയത്തില്‍പ്പെട്ടവള്‍ ആണ്. കള്ളു കുടിക്കാത്ത ശുംഭികളെക്കാളും അവള്‍ ഭാവതരളിതയായിരിക്കും(കള്ള് കുടിക്കുന്ന ഏതു പോലിസുകാരിക്കും ഇതറിയാം). അവള്‍ വെള്ളത്തില്‍ ചാടും, മതിലു കേറും, പ്രണയിക്കും- മുന്നും പിന്നും നോക്കാതെ. എന്നെ ചുംബിക്കൂ സാര്‍ എന്ന് യാചിക്കും. ഇവിടെ… ഇവിടെ എന്ന് ചുണ്ടുകളിലേക്ക് വിരല്‍ ചൂണ്ടും. അവളുടെ ചുണ്ടുകള്‍ കള്ളും പ്രണയവും കൊണ്ട് നനഞ്ഞു തിളങ്ങും. അത്തരമൊരു പെണ്ണ്-സര്‍ഗാത്മകത മുറ്റി നില്‍ക്കുന്ന, ബുദ്ധിമതിയായ, തനിയെ ജീവിക്കാന്‍ പഠിച്ച മറ്റുള്ളവരോട് സഹാനുഭൂതിയുള്ള ഒരു പെണ്ണ് സ്വതന്ത്രയായിരിക്കും- കള്ളില്ലാതെ പുകയില്ലാതെ. ഇതെല്ലാം ഉള്ള ഒരു പെണ്ണായി അവളെ അവതരിപ്പിക്കുമ്പോള്‍ കള്ളും പുകയും മാറ്റിവെക്കേണ്ട ആവശ്യമില്ല. 

പക്ഷെ, ഒരബദ്ധം പറ്റി. ഇവര്‍ ആക്ഷേപിക്കുന്ന പോലെയാണ് പടത്തിലെ ജനവും ആലോചിച്ചത്. അതായത്, de-addiction വഴി അവളെ നന്നാക്കാം എന്ന ചിന്ത. നമ്മുടെ പെണ്‍നിരൂപകര്‍ പറയുന്ന പോലെ കള്ളും പുകയുമില്ലെങ്കില്‍ അവള്‍ പത്തരമാറ്റ് തങ്കം ആയേനെ എന്ന ചിന്ത. പക്ഷെ, അവള്‍ എന്തായാലും എത്തിച്ചേരാവുന്ന ചിന്തയിലാണ് എത്തിയത്. അതായത്, ഈ പുരുഷന്‍ തനിക്കു പരാധീനതയാവുന്നു എന്നിടത്ത്. തന്നെ നന്നാക്കാന്‍ എത്തിയ ആള്‍ തന്നെ തന്റെ വഴിക്ക് തടസ്സമാവുന്നു എന്നത്. കള്ളും പുകയുമില്ലത്ത അയാളാണ് ഇപ്പോള്‍ ലഹരിയില്‍പ്പെട്ടിരിക്കുന്നത് എന്നത്. അവസാനം അയാളുടെ ലഹരിക്കുള്ള മരുന്ന് അവള്‍ തന്നെയാണ് നല്‍കുന്നത്. അയാളുടെ de-addiction. 

പ്രണയത്തിനും സ്വാതന്ത്ര്യത്തിനും ഇടയ്ക്ക് അവള്‍ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നു എന്നതാണ് അവളെ -നീനയെ- വ്യതസ്തയാക്കുന്നത്. ഇത് മനസ്സിലാക്കാത്തവര്‍ കള്ള്-പുക എന്ന് മന്ത്രം ജപിച്ചുകൊണ്ടിരിക്കും.

നീനയെ സ്റ്റീരിയോ ടൈപ്പ് ആവുന്നതില്‍ നിന്ന് രക്ഷിച്ചു നിര്‍ത്തുന്ന മറ്റു പല ഘടകങ്ങളും ഉണ്ട്. ലൈംഗിക പ്രദര്‍ശനനത്തില്‍ അവള്‍ തല്‍പ്പരയല്ല എന്നതാണ് ഒന്ന്. പ്രകടനപരമായ ഒരു ലൈംഗികതയും അവള്‍ പ്രദര്‍ശിപ്പിക്കുന്നില്ല (സാധാരണ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ സ്റ്റീരിയോ ടൈപ്പ് അതാണല്ലോ). കുറെ നല്ല പുരുഷ സുഹൃത്തുക്കള്‍ അവള്‍ക്കുണ്ട്. അവര്‍ ആരും അവളെ ഒരു ലൈംഗിക വസ്തുവായി കാണുന്നില്ല- ഒന്നിച്ചു കള്ളുകുടിച്ചാലും. Gender ന് അതീതമായ ഒരു സൗഹൃദം അവര്‍ക്കിടയില്‍ ഉണ്ട്. അതുകൊണ്ട് ചേരി സുഹൃത്തുക്കള്‍ അവളെ നശിപ്പിച്ചു എന്ന് പടത്തില്‍ സൂചനയെ ഇല്ല(അത് നമ്മുടെ ഭാവനാസൃഷ്ടി മാത്രം!). ‘കരി ഓയില്‍’ എന്ന വിളി തന്നെ സാഹോദര്യത്തിന്റെ സ്വാതന്ത്ര്യമാണ്. അല്ലാതെ, ‘politically correct’ ആകണം എന്ന സൗഹൃദ വിരുദ്ധ ചിന്തയോന്നുമല്ല. 

ഏറ്റവും മനോഹരമായി അവള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ അയാളുടെ ഭാര്യയോടുള്ള സമീപനത്തില്‍ ആയിരിക്കും. നളിനിയോട് അവള്‍ വെട്ടിത്തുറന്നു പറയുന്നുണ്ട്. എനിക്കും നിങ്ങള്‍ക്കും തമ്മില്‍ ഒരു സാദൃശ്യവും ഇല്ലാത്തതിനാല്‍ നമുക്ക് ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ല എന്ന്. എന്നിട്ടും ആ ഭാര്യയോട് ഒരു സമഭാവന അവള്‍ പുലര്‍ത്തുന്നുണ്ട്. അയാള്‍ കാമുകനാവാന്‍ തുനിഞ്ഞപ്പോള്‍ തന്റെ സ്വാതന്ത്ര്യ ബോധത്തിന് വന്ന ഉടച്ചില്‍ മാത്രമല്ല അയാളെ പാടെ ഉപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്. നളിനിയുമായുള്ള മറഞ്ഞു കിടന്ന സാഹോദര്യം (sorortiy) കൂടിയാവാം. ഇതിനെയാണ് വിവാഹമാണ് നല്ലതെന്നു കാണിക്കുന്നു എന്ന ദുര്‍വാഖ്യാനത്തിലേക്ക് നയിക്കുന്നത്. യഥാര്‍ത്ഥ ത്തില്‍ വിവാഹം എന്ന ഊരാക്കുടുക്കില്‍ കുടുങ്ങിയ രണ്ടു പേരായിട്ടാണ് ആ ദമ്പതികളെ കാണിക്കുന്നത്. അവളോ, ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയായും.

നീനയെപ്പോലെ ഒരു കഥാപാത്രം മലയാളത്തില്‍ അപൂര്‍വതയാണ്. ദീപ്തി സതി എന്ന പുതുമുഖം ഏറ്റവും ഭംഗിയായി അവളെ അവതരിപ്പിച്ചിരിക്കുന്നു. ആദ്യത്തെ ഖണ്ഡികയില്‍ ഞാന്‍ പറയാതിരുന്ന അഞ്ചാമത്തെ ഘടകം അവള്‍ തന്നെയാണ്. നീന ദീപ്തിയുടെ സിനിമയാണ്.

നീ-നയെക്കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റിവ്യൂ ഇവിടെ വായിക്കാം

നീ-ന; ഒരു ബാര്‍ നിരോധനകാല മണിച്ചിത്രത്താഴ്

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on May 23, 2015 7:55 am