X

നേപ്പാളില്‍ ഇന്ത്യക്ക് പിഴയ്ക്കുന്നതെന്തുകൊണ്ട്?

ടീം അഴിമുഖം

നേപ്പാളിലേക്ക് പറന്നെത്താന്‍ 70 മിനിറ്റേ എടുക്കുവെങ്കിലും ഒരു ഉഭയകക്ഷി സന്ദര്‍ശനത്തിന് ഒരിന്ത്യന്‍ പ്രധാനമന്ത്രി കാഠ്മണ്ടുവിലെത്താന്‍ 17 വര്‍ഷമെടുത്തു എന്നു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദി രണ്ടുതവണ നേപ്പാള്‍ സന്ദര്‍ശിച്ചു.

ഹിമാലയരാഷ്ട്രത്തിന്റെ പുതിയ ഭരണഘടനയില്‍ ഇന്ത്യക്ക് അസംതൃപ്തിയുണ്ടെന്നും അതുകൊണ്ടു വല്ല്യേട്ടന്‍ ചമഞ്ഞ് ചരക്കുകടത്ത് തടഞ്ഞുകൊണ്ടു അയല്‍രാഷ്ട്രത്തെ ഒരു പാഠം പഠിപ്പിക്കാന്‍ നോക്കുകയാണെന്നുമാണ് നേപ്പാളില്‍ ഇപ്പോള്‍ പ്രബലമായ ധാരണ. എന്നാല്‍ ഔദ്യോഗികമായി എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന ആരോപണം ഇന്ത്യ നിഷേധിക്കുന്നുണ്ട്. ചരക്കുകടത്ത് മുടങ്ങാന്‍ കാരണം തരായ് താഴ്വരയില്‍ നടക്കുന്ന പുതിയ ഭരണഘടനക്കെതിരായ പ്രക്ഷോഭമാണ് കാരണമെന്ന് ഇന്ത്യ പറയുന്നു. സുരക്ഷാ ഭീഷണി മൂലം ഇന്ത്യയില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ അതിര്‍ത്തി കടക്കാന്‍ മടിക്കുകയാണ്.

എന്നാല്‍ ഈ വിശദീകരണത്തിന് നേപ്പാളില്‍ വലിയ സ്വീകാര്യതയില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിന് ഭൂമിശാസ്ത്രപരമായി കുടുങ്ങിക്കിടക്കുന്ന ഭൂപ്രദേശമായ നേപ്പാള്‍ പൂര്‍ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഇന്ധന വിതരണം തടസപ്പെട്ടതോടെ വാഹനങ്ങളുടെ ഓട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സ്വകാര്യവാഹങ്ങള്‍ക്കുള്ള പെട്രോള്‍ വില്‍പ്പന നിര്‍ത്താനും കാഠ്മണ്ഡു തീരുമാനിച്ചിരുന്നു. “എന്തിനാണ് ഇന്ത്യ ഇങ്ങനെ ചെയ്യുന്നത്. സുഹൃതാണെന്ന് പറയുന്ന ഒരു രാജ്യത്തില്‍ നിന്നും ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല”. കാഠ്മണ്ടുവിലെ ടാക്സി ഡ്രൈവര്‍ ബിമല്‍ മഗാര്‍ പറഞ്ഞു. പത്ത് ലിറ്റര്‍ പെട്രോള്‍ കിട്ടാന്‍ രാത്രി മുഴുവന്‍ പെട്രോള്‍ പമ്പില്‍ ഇരിക്കുകയായിരുന്നു അയാള്‍. ആളുകളുടെ ദേഷ്യം ഓണ്‍ലൈനിലും പ്രകടമായിരുന്നു. ട്വിറ്ററില്‍ കഴിഞ്ഞയാഴ്ച്ച #BackOffIndia വന്‍പ്രചാരം നേടി. തെരുവുകളില്‍ ത്രിവര്‍ണപതാകയും നരേന്ദ്രമോദിയുടെ കോലങ്ങളും കത്തിച്ചു. അത്ഭുതകരമായ ഒരു കാര്യം കഴിഞ്ഞവര്‍ഷം സന്ദര്‍ശനവേളയില്‍ വികസനപദ്ധതികള്‍ക്ക് 1 ബില്ല്യണ്‍ യു എസ് ഡോളര്‍ സഹായം പ്രഖ്യാപിച്ച മോദി ഇതുവരെ നേപ്പാളില്‍ ജനപ്രിയനായിരുന്നു എന്നാണ്.

എവിടെയാണ് പിഴച്ചത്?
നേപ്പാളിന്റെ പുതിയ ഭരണഘടനയോടുള്ള ഇന്ത്യയുടെ എതിര്‍പ്പാണ് ഇന്ത്യയോടുള്ള വിദ്വേഷത്തിനുള്ള ഒരു കാരണം. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണഘടന നിര്‍മ്മാണ സഭ വന്‍ഭൂരിപക്ഷത്തോടെ അംഗീകരിച്ച ഭരണഘടനയെ ലോകം സ്വാഗതം ചെയ്തപ്പോഴും ഇന്ത്യ മുഖം തിരിച്ചു നിന്നു.

എതിര്‍പ്പുയര്‍ത്തുന്ന മധേശി, തരു എന്നിവരടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കണക്കിലെടുക്കാതെ മൂന്നു പ്രധാന രാഷ്ട്രീയകക്ഷികള്‍-നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലൈനിസ്റ്റ്), യൂണിഫൈഡ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്)- ചേര്‍ന്ന് ഭരണഘടന അംഗീകരിപ്പിച്ചെടുത്തതിലുള്ള അസംതൃപ്തിയാണ് ഇന്ത്യ വ്യക്തമാക്കിയത്. പക്ഷേ അതില്‍ക്കൂടുതല്‍ ന്യൂഡല്‍ഹിയെ അസ്വസ്ഥരാക്കിയത് കാഠ്മണ്ടുവിലെ നേതാക്കള്‍ നല്കിയ കപട വാഗ്ദാനങ്ങളാണ്.

“മധേശികള്‍, തരൂകള്‍, ജന്‍ജാതികള്‍ എന്നിവരുടെ ആശങ്കകളെ കണക്കിലെടുക്കും എന്നു അവര്‍ നിരന്തരം ഉറപ്പുതന്നിരുന്നു. പക്ഷേ അവസാനഘട്ടത്തില്‍ തരായ് മേഖലയില്‍ പ്രതിഷേധം പടരവേ അവര്‍ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോയി,”കാഠ്മണ്ടുവിലെ ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാധ്യമായ കരാറുകളിലെത്താനുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അഭ്യര്‍ത്ഥനയും ആരും ചെവികൊണ്ടില്ല. വിദേശകാര്യ സെക്രട്ടറി കാഠ്മണ്ടുവിലെത്തുമ്പോള്‍ സഭയിലെ വോട്ടെടുപ്പും കഴിഞ്ഞു മധേശികള്‍ ആ പ്രക്രിയ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.

“വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കുറച്ചുദിവസം വൈകിപ്പിക്കാനും അങ്ങനെ പ്രതിഷേധക്കാരെക്കൂടി ഒപ്പം കൊണ്ടുവരാനും ശ്രമിക്കാനായിരുന്നു ഞങ്ങളുടെ അഭ്യര്‍ത്ഥന. എന്നാല്‍ ഒരിക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ പിന്നെ ന്യൂ ഡല്‍ഹിക്ക് അംഗീകരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്ന് പ്രധാനപ്പെട്ട മൂന്നു കക്ഷികളും കരുതി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേപ്പാളിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിലും മാവോവാദികളെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലും ഇന്ത്യ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ വേളയിലെ ഈ അന്തിമഘട്ടത്തില്‍ ന്യൂഡല്‍ഹിയുടെ സജീവമായ ഇടപെടല്‍ ഇല്ലാത്തതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണമായി പലരും കാണുന്നത്.

മധേശികള്‍ക്ക് ഇന്ത്യയുമായുള്ള ഭാഷാ, കുടുംബ, സാംസ്കാരിക ബന്ധങ്ങള്‍ വെച്ച് ഇന്ത്യ പ്രതിഷേധക്കാരെ സഹായിക്കുകയാണെന്ന് ഒരു ധാരണയുണ്ട്. തങ്ങള്‍ ആരെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്നും നേപ്പാളിന്റെ, പ്രത്യേകിച്ചും അതിര്‍ത്തിക്കടുത്ത, സുരക്ഷയും സ്ഥിരതയുമാണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും ഇന്ത്യ പറയുന്നുണ്ട്.

രാജ്യത്തെ 7 ഫെഡറല്‍ സംസ്ഥാനങ്ങളാക്കി വിഭജിക്കാന്‍ മുഖ്യ രാഷ്ട്രീയകക്ഷികള്‍ തീരുമാനിച്ചതോടെ, ആഗസ്ത് മുതല്‍ തരായ് മേഖലയില്‍ പ്രതിഷേധം പുകയുകയാണ്. ദേശീയ,സംസ്ഥാന നിയമനിര്‍മ്മാണസഭകളില്‍ തങ്ങളുടെ പ്രാതിനിധ്യം നാമമാത്രമാകുമെന്ന് ഭയക്കുന്ന മധേശികളും തരു ജനതയും അക്രമാസക്തമായ സമരം അഴിച്ചുവിട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ഭരണഘടന പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയിലെ കസ്റ്റംസ് കേന്ദ്രങ്ങള്‍ ഉപരോധിക്കാന്‍ തുടങ്ങി. അതോടെ തങ്ങളുടെ ആവശ്യങ്ങള്‍ ഗൌരവമായിട്ടെടുക്കാന്‍ മൂന്നു രാഷ്ട്രീയകക്ഷികളും നിര്‍ബന്ധിതരാകും എന്നായിരുന്നു പ്രതിഷേധക്കാരുടെ കണക്കുകൂട്ടല്‍.

സംഘര്‍ഷം മൂലം ഇന്ത്യന്‍ ചരക്കുവാഹങ്ങള്‍ അതിര്‍ത്തി കടക്കാന്‍ ഭയപ്പെടുന്നു എന്ന തരത്തില്‍ ഇന്ത്യയിറക്കിയ പ്രസ്താവന നേപ്പാളിനെ ഉപരോധിക്കാനുള്ള ഇന്ത്യയുടെ അടവാണിതെന്ന് വ്യാഖ്യാനിക്കാനാണ് കാഠ്മണ്ടുവില്‍ വഴിയൊരുക്കിയത്. അതിനു കാരണമുണ്ട്. 1989-90-ല്‍ വാണിജ്യ-കടത്ത് ഉടമ്പടികള്‍ പുതുക്കുന്നതിലെ അഭിപ്രായവ്യത്യാസം വന്നപ്പോള്‍ ഇന്ത്യ നേപ്പാളിലേക്കുള്ള ചരക്ക് കടത്തില്‍ ഏതാണ് 15 മാസക്കാലമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ചൈനയില്‍ നിന്നും നേപ്പാള്‍ വിമാനവേദ തോക്കുകള്‍ വാങ്ങിയതിലുള്ള ഇന്ത്യയുടെ അമര്‍ഷം കൂടിയായിരുന്നു അതെന്ന് പറയുന്നു. സംഘര്‍ഷം  തങ്ങളുടെ നാട്ടിലേക്കു പടരാതിരിക്കാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷാ കര്‍ശനമാക്കിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രക്ഷോഭം ഇല്ലാത്തിടത്തും ദൃശ്യമായി. ബാക്കി ചരിത്രമാണ്-അല്ലെങ്കില്‍ അതിന്റെ ആവര്‍ത്തനമാണെന്ന് കാഠ്മണ്ടുവില്‍ നിരവധിപേര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ നിന്നും ഈ രീതിയിലൊരു പ്രതികരണം അവരും പ്രതീക്ഷിച്ചിരുന്നില്ല. ഭരണഘടനയുടെ കുറവുകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ അതവര്‍ക്കൊരു കാരണവുമായി. “സമാധാനപ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണഘടനയെ സ്വാഗതം ചെയ്തില്ല എന്നത് വിചിത്രമാണ്,”CPN (UML) അദ്ധ്യക്ഷന്‍ കെ പി ശര്‍മ ഓലി പറഞ്ഞു.

ചില പൌരന്മാരെ രണ്ടാംതരക്കാരാക്കുന്ന ഭരണഘടനയോടുള്ള ന്യൂ ഡല്‍ഹിയുടെ എതിര്‍പ്പ് പ്രതീക്ഷിച്ചതാണ്. പക്ഷേ കടുത്ത പ്രസ്താവനകള്‍ കാഠ്മണ്ടുവമായുള്ള അകലം വര്‍ദ്ധിപ്പിച്ചു. ചില ചെറുസംഘങ്ങള്‍ മാത്രമല്ല പ്രധാന രാഷ്ട്രീയ കക്ഷികളും മന്ത്രിമാരും വരെ ഇളക്കിവിട്ട സാധാരണ നേപ്പാളികളുടെ പ്രതിഷേധം അളക്കുന്നതിലും ന്യൂ ഡല്‍ഹിക്ക് പിഴവുപറ്റി. ബന്ധങ്ങള്‍ മൂക്കുകുത്തിവീഴാന്‍ അധികം സമയമെടുത്തില്ല.

“ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്ത രീതി, മോദിയുടെ സന്ദര്‍ശനം സൃഷ്ടിച്ച അനുകൂലഘടകങ്ങളെ ഇല്ലാതാക്കിയേക്കും,” ന്യൂ ഡല്‍ഹിയിലെ മുന്‍ നേപ്പാള്‍ നയതന്ത്രപ്രതിനിധി  ലോക് രാജ് ബാരല്‍ പറഞ്ഞു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഇപ്പോള്‍ പൊതുവികാരമുണ്ട്. പല തലങ്ങളിലായി കൂടിയാലോചനകള്‍ നടക്കുന്നു.

തരായ് മേഖലയിലെ പ്രശ്നത്തെ കേവലം ക്രമസമാധാനപ്രശ്നമായി കൈകാര്യം ചെയ്യാനാകില്ലെന്ന തിരിച്ചറിവില്‍ കാഠ്മണ്ടുവിലേ  മുഖ്യ രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ പ്രതിഷേധക്കാരുമായി അനൌദ്യോഗികചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഔദ്യോഗികമായി ചര്‍ച്ചകള്‍ തുടങ്ങുന്നതോടെ ചരക്കുനീക്കം സുഗമമാകും എന്നാണ് കരുതുന്നത്. പക്ഷേ 12 മാസം നീണ്ട മികച്ച ബന്ധത്തിനുശേഷമുണ്ടായ ഈ വിശ്വാസരാഹിത്യം സൃഷ്ടിച്ച അകല്‍ച്ച മറികടക്കാന്‍ വര്‍ഷങ്ങളെടുക്കും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 5, 2015 8:02 am