X

മഹാരാജാസില്‍ നടന്നത് ഒരിയ്ക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് പ്രൊഫ. എംകെ സാനു

എസ്എസ്എഫ് ഐ അടക്കം എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നിയമം ഒരു പോലെ ബാധകമായിരിക്കണം

മഹാരാജാസില്‍ നടന്നത് ഒരിയ്ക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് ഇടതുപക്ഷ സഹയാത്രികനായ സാഹിത്യകാരനും മഹാരാജാസ് കോളേജിലെ മുന്‍ അദ്ധ്യാപകനുമായ പ്രൊഫ. എംകെ സാനു. ‘സ്റ്റാഫ് ക്വാട്ടേഴ്സില്‍ നിന്നു ആയുധം കണ്ടെടുത്തു എന്ന വാര്‍ത്ത മനസിനെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല.’ എംകെ സാനു പറഞ്ഞു.

എസ്എഫ്ഐ അടക്കം എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും നിയമം ഒരു പോലെ ബാധകമായിരിക്കണം. അച്ചടക്കവും കര്‍ത്തവ്യവും പാലിക്കേണ്ടതിന് പകരം തെറ്റായ നടപടികളാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായത് എന്നും സാനുമാസ്റ്റര്‍ പറഞ്ഞു.

തെറ്റായ ചിന്തകളുടെ വിത്ത് മഹാരാജാസ് കോളേജില്‍ പതിച്ചിട്ടുണ്ട്. അത് നീക്കം ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം സമൂഹ പുരോഗതിക്ക് ഉതകുന്നതായിരിക്കണം എന്നും സാനുമാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പോലീസ് നടത്തിയ തിരച്ചിലില്‍ വാക്കത്തിയും ഇരുമ്പ് കമ്പികളും അടക്കമുള്ള മാരകായുധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പണിയായുധങ്ങള്‍ ആണെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

അതേ സമയം പ്രിന്‍സിപ്പലുടെ കസേര കത്തിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാക്കള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കി പറഞ്ഞുവിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൌണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

This post was last modified on May 8, 2017 5:57 am