X

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു; 20 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കും

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക്
തുടങ്ങി. 10 കേന്ദ്ര ട്രേഡ‌് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി ആരംഭിച്ച പണിമുടക്കിൽ ര‍ാജ്യത്തെ 20 കോടിയിലധികം തൊഴിലാളികൾ പങ്കാളികളാവും. രാജ്യവ്യാപകമായ പണിമുടക്കിൽ സമസ‌്ത മേഖലകളും സ‌്തംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച‌്എംഎസ‌്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എൽപിഎഫ‌്, യുടിയുസി തുടങ്ങിയ സംഘടനകളാണ‌് സംയുക്തമായി പണിമുടക്കുന്നത്.

ബുധനാഴ‌്ച സംയുക്ത ട്രേഡ‌് യൂണിയനുകളുടെ നേതൃത്വത്തിൽ മണ്ഡിഹൗസിൽനിന്ന‌് പാർലമെന്റ‌ിലേക്ക‌് മാർച്ച‌് നടക്കും. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ തൊഴിലാളികൾ സംഘടിത ശക്തിയിലൂടെ ഐതിഹാസിക വിജയം നേടുമെന്ന‌് സംയുക്ത കേന്ദ്ര ട്രേഡ‌് യൂണിയൻ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി അനുകൂല സംഘടനകള്‍ ഒഴികെ രാജ്യത്തെ പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതിൽ ആശങ്കയുണ്ട്. പണിമുടക്കിൽ നിന്ന് പിന്‍മാറണമെന്ന് കെഎസ്ആർടിസ് എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

This post was last modified on January 8, 2019 6:41 am