X

കൊങ്കണ്‍ വാഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചതായി സൂചന

രണ്ട് ഡ്രൈവര്‍മാരടക്കം 34 പേര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 500 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്‌റാ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 33 പേര്‍ മരിച്ചതായി സൂചന.  മഹാബലേശ്വറിശ്വറിന് സമീപത്തെ മലമ്പാതയിലാണ്  ഇന്നു രാവിലെ 9 ഓടെ അപകടമുണ്ടായത്. രണ്ട് ഡ്രൈവര്‍മാരടക്കം 34 പേര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 500 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

ധാപ്പോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ട ബസ്സിലെ യാത്രക്കാര്‍. വാഴ്‌സിറ്റി ബസ്സില്‍ മഹാബലേശ്വറിലേക്ക് വിനോദയാത്ര പോയ സംഘമാണിതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വാഴ്‌സിറ്റി സൂപ്രണ്ടായ പ്രകാശ് സാവന്ത് ദേശായി നല്‍കിയ വിവരത്തെതുടര്‍ന്നാണ് ദുരന്തം പുറം ലോകം അറിയുന്നത്. ഇദ്ദേഹം മാത്രമാണ് അപകടത്തില്‍ നിന്നും അകെ രക്ഷപ്പെട്ടതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സാവന്ത് സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രദേശത്തുനിന്നും ഇതു വരെ  10 ഓളം മൃതശരീരങ്ങള്‍ കണ്ടത്തിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം, അപകടസ്ഥലത്തെത്തിയ വിവിധ വിഭാഗങ്ങളില്‍പ്പെട്ട അഞ്ചോളം ഔദ്യോഗിക തിരച്ചില്‍ സംഘം പ്രദേശവാസികള്‍ക്കൊപ്പം രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണെന്ന് റായ്ഗണ്ഡ് ജില്ലാ കളക്ടര്‍ വിജയ് സൂര്യ വാഷിണി അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൂനെയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സംഘം അപകടസ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു.