X

“ജയ് ശ്രീരാം വിളിച്ച് രാമനെ അപമാനിക്കരുത്, നിങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി മാത്രം, രാജ്യം നിങ്ങളുടേത് മാത്രമല്ല”: ബിജെപിക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി

അവര്‍ ജനങ്ങള്‍ ഭരിക്കാനേല്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടി മാത്രമാണ്. രാജ്യം അവരുടേതാണ് എന്ന് അതിനര്‍ത്ഥമില്ല. രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് - അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലകളിലും വര്‍ഗീയ അസഹിഷ്ണുതയുടെ ഭാഗമായ അക്രമങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ കത്തില്‍ ഒപ്പ് വച്ചതിന്റെ പേരില്‍ തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയ ബിജെപിക്ക് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഏതെങ്കിലും സര്‍ക്കാരിനെതിരായ പ്രസ്താവനയല്ല താനടക്കമുള്ള ചലച്ചിത്ര – സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത് എന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു. കത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ല. അതേസമയം സര്‍ക്കാരിനോട് വിയോജിക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ് എന്ന് അവര്‍ കരുതുന്നത് തെറ്റാണ്. അവര്‍ ജനങ്ങള്‍ ഭരിക്കാനേല്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടി മാത്രമാണ്. രാജ്യം അവരുടേതാണ് എന്ന് അതിനര്‍ത്ഥമില്ല. രാജ്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് – അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇത് ഇരകളാക്കപ്പെടുന്നവരുടെ മാത്രം പ്രശ്‌നമല്ല. രാജ്യത്ത് ഇത് പടരുന്നതിന്‌റെ ഭയാശങ്കകളാണ് ഞങ്ങള്‍ സര്‍ക്കാരുമായി പങ്കുവച്ചത്. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് കൃത്യമായ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇത് കൂടി വരുന്നു. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഏത് മതക്കാരനായാലും ഏത് സമുദായക്കാരനായാലും ഒരുപോലുള്ള അവകാശമാണുള്ളത്. ഭൂരിപക്ഷ സമുദായത്തിന്റേ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളോട് ഈ രീതിയില്‍ പെരുമാറുന്നത് വളരെ ആപല്‍ക്കരമായ ഒന്നാണ്. അത് തെറ്റാണ്. ഒരുക്കലും പാടില്ലാത്തതാണ് – അടൂര്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ കേരളത്തിലെ പ്രശ്‌നങ്ങളിലും സര്‍ക്കാരിനെതിരായ പരാതികളിലും പ്രതിഷേധങ്ങളിലും മൗനം പാലിക്കുന്നു എന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിനും അടൂര്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ പ്രതികരണ സംഘം ഒന്നുമല്ല. രാജ്യത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. സംഭവങ്ങളുണ്ടാകുന്നുണ്ട്. ഇതിലെല്ലാം പ്രതികരിക്കാന്‍ കഴിയില്ല. ഇത് രാജ്യവ്യാപകമായി നടക്കുന്ന ഒരു പ്രശ്‌നമായതുകൊണ്ടാണ് ഇതില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്. എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചാല്‍ പ്രതികരിക്കുന്നില്ല എന്ന് മാത്രമാണ് പറയാനുള്ളത്. നേരത്തെ ഒരു കാര്യത്തില്‍ പ്രതികരിച്ചില്ല എന്ന് പറഞ്ഞതുകൊണ്ട് ഇപ്പോള്‍ ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ പാടില്ല എന്നുണ്ടോ. ഞങ്ങള്‍ ആര്‍ക്ക് വേണ്ടിയും പ്രതികരിക്കാന്‍ നിയോഗിക്കപ്പെട്ടവരല്ല – അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത് എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. “കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ, മൗനവൃതത്തിലായിരുന്നോ? ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ?” എന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,, ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ,,,,,,,

This post was last modified on July 25, 2019 7:15 pm