X

‘അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റര്‍ പിണറായി വിജയന്‍’: വിടി ബല്‍റാം

പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനേക്കുറിച്ച് ക്ലാസെടുക്കാന്‍ വന്ന ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ബിജെപി അധ്യക്ഷനെതിരായ പിണറായി വിജയന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരിക്കണം അമിത് ഷായെ പോലുള്ളവരെ വിമര്‍ശിക്കേണ്ടത്. അല്ലാതെ അദ്ദേഹത്തിന്റെ ശരീരത്തെ കളിയാക്കുന്നത് ശരിയായ രീതിയെല്ലെന്നു വിടി ബല്‍റാം പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. പോരാളി ഷാജി മോഡല്‍ പ്രകടനമാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടത്തുന്നതെന്നും ബല്‍റാം പരിഹസിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ അനുവാദം കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഇത്രയും വലിയ അതിഥി മര്യാദ കാണിച്ചിട്ടും അമിത് ഷാ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നതെന്നും ബല്‍റാം ചോദിക്കുന്നു. ബോഡിഷെയ്മിങ്ങിനെ കുറിച്ച് ഒരിക്കല്‍ തനിക്ക് ക്ലാസെടുത്ത ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തുന്നു.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റര്‍ പിണറായി വിജയന്‍, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ നിങ്ങള്‍ പെര്‍മിഷന്‍ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര ‘ഹോസ്പിറ്റാലിറ്റി’ നിങ്ങള്‍ അങ്ങോട്ട് കാണിച്ചിട്ടും അയാള്‍ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?

‘രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സ്’ എന്ന മാധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാന്‍ മുന്‍പൊരിക്കല്‍ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനേക്കുറിച്ച് ക്ലാസെടുക്കാന്‍ വന്ന ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

This post was last modified on October 29, 2018 4:31 pm

Related Post
Leave a Comment