X

‘രണ്ട് കുട്ടികളിലൊതുക്കരുത്’; ആന്ധ്രാ പ്രദേശിന് ചന്ദ്രബാബു നായിഡുവിന്റെ ഉപദേശം

പത്ത് വർഷത്തിനുള്ളിൽ ആസൂത്രണ പരിപാടി ആന്ധ്രപ്രദേശ് വിജയകരമായി നടപ്പാക്കി രാജ്യത്തെ ആശ്ചര്യപ്പെടുത്തിയപ്പോൾ, ജനനനിരക്ക് പകുതിയായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറയുന്നു.

ജനസംഖ്യാനിയന്ത്രണം ലക്ഷ്യംവെച്ചുള്ള കുടുംബാസൂത്രണത്തെ തള്ളുന്ന നിലപാടുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ‘നാം രണ്ട്, നമുക്ക് രണ്ട്’ മുദ്രാവാക്യത്തിന് അനുസരിച്ച് കുട്ടികളുടെ എണ്ണം ചുരുക്കേണ്ടെന്നാണ് നായിഡുവിന്റെ  അഭിപ്രായം. ഓരോ വീട്ടിലും രണ്ടിലധികം കുട്ടികള്‍ ഉണ്ടാവുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

മനുഷ്യവിഭവശേഷി നമ്മുടെ നാടിന് അത്യാവശ്യമാണ്. ഒരു കുട്ടിയെങ്കിലും ഉണ്ടാവണം എന്നത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ലെന്നുമായികുന്നു അമരാവതിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുവെ ചന്ദ്രബാബു നായിഡുവിന്റെ നിലപാട്. കുടുംബ വ്യവസ്ഥയുടെ നിലനില്‍പ്പിന് കുട്ടികൾ ആവശ്യമാണ്. ഒരു ദമ്പതികൾക്ക് നാലു കുട്ടികളെങ്കിലും വേണം എന്ന് നാം തീരുമാനിക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി പറയുന്നു.

പുതിയ തലമുറയില്‍ യുവാക്കള്‍ വിവാഹത്തില്‍നിന്ന് അകലുകയാണ്. വിവാഹിതര്‍ തന്നെ കുട്ടികള്‍ വേണ്ടെന്നുവയ്ക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രവണത തിരിച്ചടി ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. പത്ത് വർഷത്തിനുള്ളിൽ ആസൂത്രണ പരിപാടി ആന്ധ്രപ്രദേശ് വിജയകരമായി നടപ്പാക്കി രാജ്യത്തെ ആശ്ചര്യപ്പെടുത്തിയപ്പോൾ, ജനനനിരക്ക് പകുതിയായി കുറഞ്ഞെന്നും അദ്ദേഹം പറയുന്നു.

കുടുംബാസുത്രണത്തിനെതിരെ ഇതിന് മുൻപും ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. 2015ൽ വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഇതിന് മുന്‍പ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബാസുത്രണം വലിയ തോതിൽ നടപ്പാക്കിയ ചൈന, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കമുള്ളവ ജനസംഖ്യ കുറയുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്നായിരുന്നു പ്രതികരണം. മരണനിരക്കിനെ അപേക്ഷിച്ച് ജനന നിരക്ക് വളരെ കുറയുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

This post was last modified on January 26, 2019 7:53 am