X

മോദിക്കെതിരെ വാചകമടിച്ചതുകൊണ്ട് മാത്രം പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ല: ജിഗ്നേഷ് മേവാനി

അതേസമയം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനം പ്രതിപക്ഷം തുടര്‍ന്നില്ലെന്ന വിമര്‍ശനവും ജിഗ്നേഷ് ഉന്നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രസ്താവനകള്‍ കൊണ്ടും വാചകമടികള്‍ കൊണ്ടും മാത്രം പ്രതിപക്ഷത്തിന് ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് കടുത്ത മോദി വിമര്‍ശകനും ഗുജറാത്തിലെ എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തിരഞ്ഞെടുപ്പില്‍ മോദിക്ക് അധികാരം നഷ്ടമാകുമെന്ന് ജിഗ്നേഷ് പറയുന്നു. അതേസമയം ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനം പ്രതിപക്ഷം തുടര്‍ന്നില്ലെന്ന വിമര്‍ശനവും ജിഗ്നേഷ് ഉന്നയിക്കുന്നു. ഡെക്കാണ്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം പറയുന്നത്.

150 സീറ്റ് നേടുമെന്ന് വീമ്പിളക്കിയ ബിജെപിയ 99 സീറ്റിലൊതുക്കാന്‍ കഴിഞ്ഞ കാര്യം മറക്കരുതെന്ന് മേവാനി പറഞ്ഞു. അല്‍പേഷ് താക്കൂറിന്റേയും ഹാര്‍ദിക് പട്ടേലിന്റേയും എന്റെയും നേതൃത്വത്തില്‍ ഗുജറാത്തിലെ യുവാക്കള്‍ സംഘടിച്ചത് പ്രതിപക്ഷത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തില്‍ ബിജെപിക്കെതിരെ ഇത്തരമൊരു ശാക്തീകരണമുണ്ടായോ? ദേശീയതലത്തില്‍ അതിന് വേണ്ടി ശ്രമിച്ചോ? കര്‍ഷകരുടെ ആത്മഹത്യയും വിലക്കയറ്റവുമെല്ലാം ഉയര്‍ത്തിക്കാട്ടാവുന്നതാണ്. എന്തുകൊണ്ട് തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ദേശീയ തലത്തില്‍ വലിയൊരു മുന്നേറ്റത്തിന് ശ്രമിക്കുന്നില്ല? – മേവാനി ചോദിച്ചു.

മോദി വിരുദ്ധ കടന്നാക്രമണ പ്രസ്താവനകളെ ഇടതുപക്ഷക്കാരും അംബേദ്കറൈറ്റുകളും മറ്റ് ചില വിഭാഗങ്ങളും മാത്രമേ അംഗീകരിക്കൂ. എന്നാല്‍ മറ്റുള്ളവരെക്കൂടെ വിശ്വാസത്തിലെടുക്കണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണം. റാഫേല്‍ അഴിമതിയും ഇതിനൊപ്പം പ്രധാന ചര്‍ച്ചാവിഷയമാക്കി തുടരണം. ലോക്‌സഭ തിരഞ്ഞെടുപ്പിനെ കൂട്ടായാണ് നേരിടേണ്ടത്. ഇത് മോദിയും ഇന്ത്യക്കാരായ നമ്മളും തമ്മിലുള്ള പോരാട്ടമാണ്. മോദിയും ഇന്ത്യയിലെ യുവാക്കളും തമ്മിലുള്ള പോരാട്ടം – ജിഗ്നേഷ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/dEqq8G

This post was last modified on January 5, 2019 5:10 pm