X

“സ്വന്തം ജനങ്ങള്‍ക്കെതിരെ പാകിസ്താന്‍ സൈന്യത്തെ ഉപയോഗിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞത് തെറ്റ്” – മാപ്പ് പറഞ്ഞ് അരുന്ധതി റോയ്‌

2011ലെ വീഡിയോയില്‍ പറഞ്ഞ ഇക്കാര്യം തെറ്റായിപ്പോയി എന്നും താന്‍ പറഞ്ഞത് ഒട്ടും ആലോചിക്കാതെയുള്ള വിഡ്ഢിത്തരമായിപ്പോയി എന്നും താന്‍ മാപ്പ് ചോദിക്കുന്നതായും അരുന്ധതി റോയ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വന്തം ജനങ്ങളെ ഇന്ത്യ കാശ്മീരിലടക്കം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് എന്നും എന്നാല്‍ പാകിസ്താന്‍ സ്വന്തം ജനങ്ങളെ ഇങ്ങനെ സൈന്യത്തെ ഉപയോഗിച്ച് നേരിട്ടിട്ടില്ല എന്നും എഴുത്താകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് പറഞ്ഞത് വലിയ വിവാദമായിരുന്നു. 2011ലെ വീഡിയോയില്‍ പറഞ്ഞ ഇക്കാര്യം തെറ്റായിപ്പോയി എന്നും താന്‍ പറഞ്ഞത് ഒട്ടും ആലോചിക്കാതെയുള്ള വിഡ്ഢിത്തരമായിപ്പോയി എന്നും താന്‍ മാപ്പ് ചോദിക്കുന്നതായും അരുന്ധതി റോയ് പ്രസ്താവനയില്‍ പറഞ്ഞു.

കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും ഗോവയിലുമെല്ലാം ഇന്ത്യ അതിന്റെ ജനങ്ങള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍ അതിന്റെ സൈന്യത്തെ ഇതുപോലെ ജനങ്ങള്‍ക്കെതിരെ ഉപയോഗിച്ചിട്ടില്ല – എന്നാണ് ഒരു ചര്‍ച്ചയില്‍ അരുന്ധതി റോയ് അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ട്വിറ്ററിലടക്കം ഉയര്‍ന്നത്. 1971ലെ യുദ്ധത്തില്‍ അന്ന് കിഴക്കന്‍ പാകിസ്താനായിരുന്ന ബംഗ്ലാദേശില്‍ പാക് ആര്‍മി നടത്തിയ കൂട്ടക്കൊലകളടക്കം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ അരുന്ധതിയുടെ അഭിപ്രായത്തെ ഖണ്ഡിച്ചത്. ബംഗ്ലാദേശ് പത്രമായ ധാക്ക ട്രിബ്യൂണ്‍ അരുന്ധതിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ് എന്ന് അതിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

പാകിസ്താനിലെ ഇടതുപക്ഷ വിദ്യാർത്ഥി നേതാവായിരുന്ന, ഇപ്പോൾ കാനഡയിൽ മാധ്യമപ്രവർത്തനം നടത്തുന്ന തരേഖ് ഫത്താ അരുന്ധതിയുടെ വാദത്തെ ചോദ്യം ചെയ്തിരുന്നു. പഴയ വീഡിയോ വീണ്ടും പ്രചരിച്ചതാണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം ഇടയാക്കിയത്. അരുന്ധതി റോയ് ഒരു ഐഎസ്ഐ വാർത്താക്കുറിപ്പ് വായിക്കുന്നതു പോലെ തോന്നുന്നുവെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. “പാകിസ്താൻ സ്വന്തം ജനതയ്ക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുകയുണ്ടായില്ലെന്നോ? ബംഗ്ലാദേശിൽ പാകിസ്താൻ സൈന്യം നടത്തിയ വംശഹത്യയിൽ 30 ലക്ഷം പേർ മരിച്ചത് അരുന്ധതി റോയ് കണ്ടതും കേട്ടതുമില്ലേ? ബലൂചിസ്താനെക്കുറിച്ച് അവർക്ക് അറിവില്ലേ?” തരേഖ് ചോദിച്ചു.

പാകിസ്താനിലെ പട്ടാള ഭരണകൂടങ്ങൾ രണ്ടുതവണ തടങ്കലിലിട്ടിട്ടുണ്ട് പുരോഗമനപരമായ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിട്ടുള്ള തരേഖിനെ. 1977ൽ ജനറൽ സിയ ഉൾ ഹഖിന്റെ പട്ടാളഭരണകാലത്ത് മാധ്യമപ്രവർത്തകനായിരുന്ന തരേഖ് അതിന്റെ പേരിലും ജയിലിൽ കിടന്നിട്ടുണ്ട്. 1987ലാണ് ഇദ്ദേഹം കാനഡയിലേക്ക് മാറിയത്. അതെസമയം ഇന്ത്യയിലെ സംഘപരിവാർ അനുകൂലികൾ അരുന്ധതിയുടെ പ്രസ്താവന ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

This post was last modified on August 29, 2019 6:46 am