X

അദ്വാനി എതിർത്തു, ഇല്ലായിരുന്നെങ്കിൽ 2002 ൽ വാജ്പേയ് മോദിയെ പുറത്താക്കുമായിരുന്നു: യശ്വന്ത് ​സിൻഹ

രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ അപകീർത്തി പ്രസ്താവനകളെയും യശ്വന്ത്​ സിൻഹ വിമർശിച്ചു.

ഗുജറാത്തിലെ ഗോധ്ര കലാപത്തിന്‌ ശേഷം സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ. കേന്ദ്ര സര്‍ക്കാറിന്റെ നിർദേശം അനുസരിച്ച് മോദി രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്തില്ലെ സര്‍ക്കാര്‍ പിരിച്ചുവിടാനും അദ്ദേഹം  തയ്യാറായിരുന്നതായും യശ്വന്ത്‌ സിന്‍ഹ വെളിപ്പെടുത്തുന്നു.

2002ല്‍ ഗോവയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയിൽ ഈ തീരുമാനം വാജ്പേയ് അറിയിക്കുകയും ചെയ്‌തു. എന്നാല്‍, അദ്വാനിയുടെ ഇടപെടല്‍ തീരുമാനത്തെ മാറ്റിമറിയ്‌ക്കുകയായിരുന്നു. “എനിക്ക്‌ കിട്ടിയ വിവരമനുസരിച്ച്‌ അന്ന്‌ വാജ്‌പേയിയുടെ തീരുമാനത്തെ അദ്വാനി രൂക്ഷമായി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വാജ്‌പേയിക്ക്‌ തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നത്.” മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത്‌ സിന്‍ഹ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ അപകീർത്തി പ്രസ്താവനകളെയും യശ്വന്ത്​ സിൻഹ വിമർശിച്ചു. രാജീവ്​ ഗാന്ധി ഐ.എൻ.എസ്​ വിരാടിനെ സ്വകാര്യ ടാക്സിയാക്കിയെന്ന മോദിയുടെ പ്രസ്താവന ഒരു പ്രധാനമന്ത്രിയുടെ ഭാഗത്ത്​ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം സാമ്പത്തിക വളർച്ചാ പാതയിലാണെന്ന സർക്കാരിന്റെ അവകാശ വാദത്തെയും സിന്‍ഹ വിമർശിച്ചു. യു.പി.എ ഭരണകാലത്ത്​ ഇപ്പോഴത്തെക്കാൾ ജി.ഡി.പി വളർച്ചയുണ്ടായിരുന്നെന്നാണ് സിൻഹയുടെ വെളിപ്പെടുത്തൽ.

 

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

This post was last modified on May 11, 2019 10:10 am