X

പുല്‍വാമ ഭീകരാക്രമണ ദിവസം മോദി എന്തു ചെയ്യുകയായിരുന്നു? പ്രൊമോ വീഡിയോ പുറത്തുവിട്ടു; ‘മനുഷ്യനും വന്യജീവികളും’ ഓഗസ്റ്റ് 12ന് ഡിസ്‌കവറി ചാനലില്‍

പുല്‍വാമ ഭീകരാക്രമണം നടന്നുകഴിഞ്ഞിട്ടും ഡിസ്‌കവറിയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മോദി പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആ സമയത്ത് വന്നത്.

ഓഗസ്റ്റ് 12ന് നരേന്ദ്ര മോദി ടെലിവിഷന്‍ താരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡിസ്‌കവറി ചാനലിന്റെ Man vs Wild എന്ന പരിപാടിയിലാണ് മോദി വരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ സര്‍വൈവലിസ്റ്റും അഡ്വഞ്ചററുമായ ബിയര്‍ ഗ്രില്‍സിനൊപ്പമാണ് മോദി ഷൂട്ടില്‍ പങ്കെടുത്തത്. ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം നടക്കുന്ന സമയത്തായിരുന്നു ഈ പരിപാടിയുടെ ഷൂട്ടിംഗ്. പുല്‍വാമ ഭീകരാക്രമണം നടന്നുകഴിഞ്ഞിട്ടും ഡിസ്‌കവറിയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മോദി പൊതുപരിപാടിയില്‍ പ്രസംഗിച്ചിരുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആ സമയത്ത് വന്നത്.

മുളകൊണ്ടുള്ള ഒരു ആയുധം കയ്യില്‍ പിടിച്ചിരിക്കുന്ന മോദി ബിയര്‍ ഗ്രില്‍സിനോട് പറയുന്നു – നിങ്ങള്‍ക്ക് വേണ്ടി ഇത് ഞാന്‍ എന്നോടൊപ്പം കരുതും. ഗ്രില്‍സിന്റെ മറുപടി ഇങ്ങനെ – നിങ്ങള്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ്. നിങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും മൃഗസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ഉദ്ദേശിച്ചുള്ള പരിപാടിയിലാണ് മോദി ഭാഗമായിരിക്കുന്നത്. ഞാന്‍ വര്‍ഷങ്ങളോളം മലനിരകളിലും കാടുകളിലും ജീവിച്ചു. ഇത് എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. ഇത്തരമൊരു പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിന്റെ ഭാഗമാകാന്‍ വളരെയധികം താല്‍പര്യം തോന്നി. ഇത് ഇന്ത്യയുടെ വിപുലമായ പ്രകൃതി സമ്പത്തിനെ ലോകത്തിന് പരിചയപ്പെടുത്താനുള്ള വലിയ അവസരമാണ് – മോദി പറഞ്ഞു.

അതേസമയം 44 സിആര്‍പിഎഫ് ജവാന്മാര്‍ പുല്‍വാമയില്‍ രക്തസാക്ഷികളായപ്പോള്‍ മോദി ഈ പരിപാടിയുടെ ഷൂട്ടിംഗ് ആസ്വദിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. പുല്‍വാമയിലെ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷവും മോദി ഷൂട്ടിംഗ് തുടരുകയാണുണ്ടായത്. ട്രെയ്‌ലറില്‍ മോദി പൊട്ടിച്ചിരിക്കുകയാണ് – ഷമ മുഹമ്മദ് പറയുന്നു.

This post was last modified on July 29, 2019 4:29 pm