X

ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു

തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്.

ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹതയന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു.സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഒരിടവേളയ്ക്ക്‌ശേഷം വീണ്ടും സജീവമാവുകയാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന രണ്ട് പേര്‍ പിടിയിലായതോടെയാണ് മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് വീണ്ടും ദൂരുഹത ഉയര്‍ന്നത്. ഒരാഴ്ചയോളമായി തുടരുന്ന വിവാദത്തില്‍ പ്രതികരണവുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുമെത്തിയിരുന്നു.

അപകട സമയത്ത് വാഹനം നിയന്ത്രിച്ചിരുന്നത് സഹായി അര്‍ജ്ജുന്‍ ആയിരുന്നെന്നും, ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും ലക്ഷ്മി വീണ്ടും ആവര്‍ത്തിക്കുന്നു.
തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്.

‘അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആര്‍ക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ല. ഡ്രൈവര്‍ അര്‍ജ്ജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു’ ലക്ഷ്മി മൊഴി നല്‍കി.

വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയശേഷം തൃശ്ശൂര്‍ നിന്നും മടങ്ങി വരവെയായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്‌കറിന്റെ ആവശ്യപ്രകാരം തന്നെയാണ് മടങ്ങിയത്. പിറ്റേന്ന് ചില പരിപാടികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മടക്കം. ബാലഭാസ്‌കറിന്റെ തിരക്കിട്ട തീരുമാനമായിരുന്നു അത്. മുന്ന് ദിവസമായി ജിമ്മില്‍ പോവാനാകാത്തതിനാല്‍ പിറ്റേന്ന് പോവണമെന്ന് പറഞ്ഞാണ് ബാലഭാസ്‌കര്‍ പിന്‍സീറ്റിലേക്ക് ഉറങ്ങാന്‍ പോയത്. ലക്ഷ്മി പറയുന്നു

അപകടം നടന്ന് അല്‍പ്പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിനില്‍ നിന്നും ക്രൈംബ്രാഞ്ച് നാളെ മൊഴിയെടുക്കും.

Read More : പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എനിക്കെന്തിനാണ് സ്വർണവും പണവും, വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്കർ