X

ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; ബംഗാളിലെ കോണ്‍ഗ്രസ് സഖ്യ സാധ്യത തള്ളാതെ കോടിയേരി

ബംഗാൾ സംസ്ഥാനഘടകമാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും കോടിയേരി പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പിറകെ ബംഗാളിലെ കോൺഗ്രസുമായുള്ള സഖ്യ സാധ്യത തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും. കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ ഉണ്ടാകില്ല. എന്നാല്‍ ബിജെപിയെ തോല്‍പിക്കാന്‍ നീക്കമുണ്ടാകുമെന്നാണ് കോടിയേരിയുടെ പ്രതികരണം.

ബിജെപിയെ തോൽപ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നത്

കോണ്‍ഗ്രസ് ധാരണ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ബംഗാള്‍ ഘടകം ആദ്യം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യട്ടേയെന്നും പിണറായി ദി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കുക എന്നതു തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന് ഇന്നലെ സിപിഎം ബംഗാള്‍ ഘടകം നേതാക്കള്‍ പ്രതികരിച്ചതിന് പിറകെയാണ് കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രതികരണം പുറത്തുവന്നത്.

എന്നാൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കാനും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തയ്യാറായിരുന്നു. മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്ത നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. നടപടി മതേതരത്വ മൂല്യങ്ങള്‍ക്ക് എതിരാണെന്നുമായിരുന്നു പിണറായിയുടെ നിലപാട്.

This post was last modified on February 9, 2019 1:46 pm