X

മുളവടികളിൽ അള്ളിപ്പിടിച്ച് ഭക്ഷണമില്ലാതെ 5 ദിവസം കടലിൽ, കുടിച്ചത് മഴവെള്ളം; ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ/ വീഡിയോ

ജീവൻ തിരിച്ചുകിട്ടുമ്പോഴും രവീന്ദ്ര ദാസിന്റെ വലിയ സങ്കടം അനന്തിരവനെ രക്ഷപ്പെടുത്താനായില്ലെന്നതാണ്.

ജൂലായ് ആറിനാണ് എഫ് ബി നയന്‍ എന്ന മീന്‍പിടുത്ത ബോട്ട് തകർന്നത്.  അഞ്ച് ദിവസങ്ങൾക്കിപ്പുറം  ബംഗാള്‍ ഉൾക്കടലിൽ നിന്നും  രബീന്ദ്രനാഥ്‌ ദാസ് എന്നയാൾ മാത്രം ജിവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി. ബംഗ്ലാദേശി ബോട്ടില്‍ നിന്നുള്ള സഹായമായിരുന്നു ആ സമാനതകളില്ലാത്ത രക്ഷപ്പെടലിന് വഴിയൊരുക്കിയത്. പരസ്പരം ബന്ധിച്ച മുളവടികളിൽ അള്ളിപ്പിടിച്ചിരുന്നാണ് ആ ദിവസങ്ങളിൽ തന്റെ ജീവൻ രബീന്ദ്രനാഥ്‌ ദാസ് ചേർത്തുപിടിച്ചത്.

ഇന്ധന ടാങ്ക് കെട്ടിവച്ചിരുന്ന മുളവടികള്‍ അഴിച്ചെടുത്ത് പരസ്പരം കയര്‍ കൊണ്ട് ബന്ധിക്കുകയായിരുന്നു. രബീന്ദ്രനാഥ്‌ ദാസുൾപ്പെടെ പലർക്കും ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല. പരസ്പരം കയര്‍ കൊണ്ട് ബന്ധിച്ച് ഇവര്‍ കിടന്നത്. ദിവസങ്ങള്‍ കഴിയും തോറും ഓരോരുത്തരായി വെള്ളത്തില്‍ മുങ്ങിപ്പോയി. ഒടുവില്‍ രബീന്ദ്രനാഥ്‌ ദാസ് മാത്രമായി. ഇടവിട്ട് പെയ്ത മഴയും കനത്ത തിരകളുമായിരുന്നു അഞ്ച് ദിവസവും അഭിമുഖീകരിച്ചത്. മഴ പെയ്തപ്പോഴൊക്കെ വെള്ളം കുടിച്ചു. രക്ഷപ്പെടുന്നതിന് മണിക്കൂറുകൾ മുൻപായിരുന്നു അവസാനം വരെ കുടെ ഉണ്ടായിരുന്ന അനന്തിരവൻ മുങ്ങിപ്പോയത്. ജീവൻ തിരിച്ചുകിട്ടുമ്പോഴും രവീന്ദ്ര ദാസിന്റെ വലിയ സങ്കടം അനന്തിരവനെ രക്ഷപ്പെടുത്താനായില്ലെന്നതാണ്.

‘അവസാനം വരെ ഒഴുകി നീങ്ങിയതും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന് ലൈഫ് ജാക്കറ്റുണ്ടായിരുന്നു. അഞ്ചാം ദിവസമായപ്പോഴേക്ക് അവന്‍ ഏറെ പേടിച്ചിരുന്നു. ദിവസങ്ങളോളം എന്നോടൊപ്പം എന്റെ തോളിലായിരുന്നു അവനുണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം ദിനം എന്നെ കപ്പല്‍ ജീവനക്കാര്‍ രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് അദ്ദേഹവും മുങ്ങിപ്പോയത്- രബീന്ദ്രനാഥ്‌ദാസ് പറയുന്നു.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിനടുത്തായിരുന്നു അഞ്ചാം ദിവസം രബീന്ദ്രനാഥ്‌ ദാസ് ഒഴുകിയൊഴുകി എത്തിയത്. ഈ സമയം ബംഗ്ലാദേശി കപ്പലായ എം.വി ജാവേദിലെ ജിവനക്കാരുടെ കനിവായിരുന്നു ഈ ബംഗാളി മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തിയത്. എം.വി ജാവേദിലുള്ളവര്‍ രക്ഷപെടുത്തുമ്പോള്‍ തീയതി ജൂലായ് 10. രക്ഷപ്പെടുത്തി ബംഗ്ലാദേശിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ഞായറാഴ്ച കൊല്‍ക്കത്തയിലെത്തിക്കുകയായിരുന്നു.

 

 

This post was last modified on July 16, 2019 8:26 am